2010, ഡിസംബർ 19, ഞായറാഴ്‌ച

ഒരു പ്രണയത്തിന്റെ തിരുശേഷിപ്പുകൾ

കാലുകൾ നീട്ടി വലിച്ചു നടക്കുമ്പോൾ ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ എന്റെ നടത്തത്തിന്റെ വേഗതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു.ഇത്രയും അഭംഗിയോടെ താൻ ഒരിക്കലും നടന്നിട്ടില്ലെന്ന്‌ പെട്ടെന്നു ഓർമ്മവന്നെങ്കിലും ആ ചിന്തയെ അവിടെ തന്നെ വിട്ട് ഞാൻ വേഗം ബാനർജി റോഡിലേക്കു കയറി.

അവിടെയാണ്‌ നീതുവിന്റെ ഓഫീസ്.നരച്ച നിറക്കൂട്ടുകളിണിഞ്ഞ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്‌ അവൾ ജോലി ചെയ്യുന്നത്‌.അത്രയുമേ നീതുവിന്റെ ജോലിയെ കുറിച്ചു എനിക്കു അറിയുകയുള്ളു.എന്നും രാവിലെ  9.50നോടടുപ്പിച്ചു അവൾ ആ ഇരുനില കെട്ടിടത്തിന്റെ പിരിയൻ ഗോവണി കയറി പോകുന്നതു ഞാൻ കണ്ടിട്ടുണ്ട് അതുപോലെ വൈകീട്ട് ഒരു 4.20നു തിരിച്ചിറങ്ങുന്നതും.അപ്പൊഴെല്ലാം ഞാൻ അതിനടുത്തുള്ള ബസ്റ്റോപ്പിൽ ഒരു യാത്രികനെ പോലെ കാത്തു നില്ക്കുമായിരുന്നു.4.35നുള്ള ഗായത്രിയിലായിരുന്നു എന്നും അവൾതിരിച്ചു പോയ്കൊണ്ടിരുന്നത്.അവളുടെ ശ്രദ്ധയാകർഷിക്കുന്നതിനോ പരിചയപെടുന്നതിനോ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല.നീതു എന്ന പേരു പോലും എന്റെ തന്നെ സൃഷ്ടിയായിരുന്നു.എനിക്ക് അവൾ വെള്ളാരംകണ്ണുകളുള്ള, ചെറിയ മുഖമുള്ള, മുടി നടുവേ പിന്നിയിട്ട് തുളസികതിർ ചൂടിയ ഞാൻ വിവാഹം കഴിക്കാൻ പോകുന്ന എന്റെ മാത്രം പെണ്ണ്‌.അതിന്റെ സാദ്ധ്യതകളെ ഞാൻ ഒരിക്കലും ഗൗനിച്ചിരുന്നില്ല.

ഞാൻ വേഗം ബസ്സ്റ്റോപ്പിന്റെ ഒരു മൂലയിൽ ചെന്നു നിന്നു.എന്നും ഒരേ സ്ഥാനത്തു നില്ക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പതിവുപോലെ അവൾ പതുക്കെ ആ ഇരുണ്ട പിരിയൻ ഗോവണി ഇറങ്ങി റോഡ് മുറിച്ചു കടന്ന് സ്റ്റോപ്പിൽ വന്നു നിന്നു.വെള്ളയിൽ കറുത്ത ചെറിയ പൂക്കളും കറുത്ത ബോർഡറുമുള്ള സാരിയാണ്‌ ഇന്ന് അവൾ ധരിച്ചിരിക്കുന്നത്.ഇതിനു മുൻപ് അവളെ ഈ സാരിയിൽ കണ്ടിട്ടില്ലെന്നത് രാവിലെ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഇടവിട്ടുള്ള നീണ്ട ഹോൺ മുഴക്കി ഗായത്രി സ്റ്റോപ്പിൽ വന്നുനിന്നു.എന്നത്തേയും പോലെ ഇന്നും സ്ത്രീകളുടെ ഡോറിലൂടെ അവൾ മാത്രം യാത്രക്കാരിയായി. ഇടവിട്ടുള്ള മണിനാദവും ബസ്സിന്റെ ഇരമ്പലും- പൊടി പാറിച്ചുകൊണ്ട് ഗായത്രി അകന്നുപോയി.

ശൂന്യമായ മനസോടെ ഒരു സിഗരറ്റിനു തീകൊളുത്തി ഞാൻ റോഡിലൂടെ തെക്കോട്ടു നടന്നു.ഇപ്പോൾ എന്റെ നടത്തത്തിനു സ്വതസിദ്ധമായ താളം കൈവന്നിരുന്നു.ഇടതുകൈ ഒരു പ്രത്യേക ആയത്തിൽ വീശി ഞാൻ നടന്നുകൊണ്ടിരുന്നു അസ്തമയസൂര്യന്റെ കൂടെ.നടന്നു നടന്ന് ഞാൻ കോർപ്പറേഷൻ ക്രിമിറ്റോറിയത്തിനു മുന്നിലെത്തി.ക്രിമിറ്റോറിയത്തിൽ അപ്പോഴും ആളുകൾ ഉണ്ടായിരുന്നു.വൈകിയെത്തിയ അഥിതിയുമായി ഗുപ്തൻ അത്ര സൗഹാർദ്ധത്തിലല്ലെന്നു പുറത്തുനിന്നേ അറിയാമായിരുന്നു.തന്റെ മുന്നിലുള്ള തടിയൻ പുസ്തകത്തിൽ എന്തൊക്കെയോ എഴുതുകയും കുറെ പേപ്പറുകൾ കണ്ണിനടുത്ത് പിടിച്ച് പിറുപിറുക്കുകയും പെട്ടന്ന് ഇറങ്ങി വന്ന് കൂടി നില്ക്കുന്നവരോട് തന്റെ മൃദുവായ ശബ്ദത്തിൽഎന്തൊക്കെയൊ പറഞ്ഞു മറ്റു ചില പേപ്പറുകളുമായി അകത്തേയ്ക്കുപോകുന്നു.ഗുപ്തനെ ആദ്യം കാണുന്ന ആർക്കും അയാളുടെ മൃദുവായ ശബ്ദവും ചലം കെട്ടിയ പോലുള്ള മഞ്ഞ കണ്ണുകളും ശ്രദ്ധിക്കാതിരിക്കാനാവില്ല.

ഒരു സിഗരറ്റിനുകൂടി തീ പിടിപ്പിച്ച് ഞാൻ അടുത്തുള്ള വാകമരത്തിന്റെ തറയിലിരുന്നു.മരത്തിനു ചുറ്റും വൃത്താകൃതിയിൽ ചുവന്ന പൂക്കൾ പൊഴിഞ്ഞു കിടന്നിരുന്നു.ശ്‌മശാനത്തിൽ ഉണ്ടായിരുന്നവർ പരസ്പരം പിറുപിറുത്തും ഒച്ചവയ്ക്കാതെ ചിരിച്ചും കടന്നുപോയി.ഒന്നും ചിന്തിക്കാനില്ലാതെ ഏകദേശം ഒരു മണിക്കൂർ കൂടി കടന്നു പോയപ്പോൾ ഞാൻ ഗെയ്റ്റു കടന്നു ഗുപ്തന്റെ റൂമിനു മുന്നിലെത്തി.അകത്തു അയാൾ പാതിയായ ഒരു റമ്മിന്റെ കുപ്പിയുടെ മുന്നിൽ അതിലേയ്ക്കു തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു.എന്റെ സാനിദ്ധ്യം അറിഞ്ഞപ്പോൾ ചോദ്യഭാവത്തിൽ അയാളുടെ കണ്ണുകൾ ഉയർന്നു.മങ്ങിയ വെളിച്ചത്തിൽ അയാളുടെ കണ്ണുകൾ കൂടുതൽ മഞ്ഞച്ചു.അത് എന്നിൽ തന്നെ തറഞ്ഞു നിന്നപ്പോൾ ഞാൻ പേഴ്സിൽനിന്നും വലിച്ചെടുത്ത ഒരു പിടി നോട്ടുകൾ അയാൾക്കുനേരെ നീട്ടി.വൃത്തികെട്ട ഒരു ചേഷ്ടയോടെ  ആ കസാരയിൽ നിന്ന് എഴുന്നേറ്റ് ആ നോട്ടുകൾ കൈക്കലാക്കി പതറുന്ന കാൽവെപ്പുകളോടെ ഇടറാത്ത കാലടികൾക്കു മുന്നിലായി അയാൾ നടന്നു.കുറേ സ്വിച്ചുകൾ ഓൺ ചെയ്ത് സീറ്റിൽ വന്നിരുന്ന് മുന്നിലുള്ള തടിയൻ ബുക്കിലേയ്ക്കയാൾ മുഖം താഴ്ത്തി.അയാൾക്കരികിലുള്ള ഇളംചൂടുള്ള ഇരുമ്പുപലകയിൽ കയറി ഞാൻ നിവർന്നുകിടന്നു.ശാന്തമായ മനസോടെ മുകളിൽ എരിയുന്ന വെളിച്ചത്തിലേയ്ക്കു നോക്കി കിടക്കുമ്പോൾ മുഖത്തു തട്ടുന്ന ചുടുകാറ്റിൽ റമ്മിന്റെ മണം കലരുന്നു.മുഖത്തിനുനേരെ വന്നുനിന്ന ഗുപ്തന്റെ കരുവാളിച്ച കൈകളിൽ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്ത് വെച്ചു കൊടുക്കുമ്പോൾ,മുകളിലെ മങ്ങിയ വെളിച്ചം പുറകിലോട്ടു ചലിക്കുന്നതും പുതിയൊരു സൂര്യോദയത്തിലേക്കടുക്കുന്നതും ഞാനറിയുന്നു.      

2010, ഡിസംബർ 8, ബുധനാഴ്‌ച

നഷ്ടപെട്ട ഒരു പ്രണയം

എരിഞ്ഞടങ്ങുന്ന ഒരു പകൽ കൂടി
ആരവങ്ങൾ ഒതുങ്ങിയപ്പോൾ
മോഹങ്ങൾ പുലരി കാത്ത്‌ ഉറങ്ങി.
നിനക്കായി ഞാൻ കരുതിവെച്ച പൊൻമുത്തുകൾ
എങ്ങോ വീണു പോയി.
ചെമ്പട്ടു പുതച്ച സായാഹ്‌നങ്ങളിൽ
നീ എന്നിൽ പതിപ്പിച്ച സുവർണബിംബങ്ങൾ
മാഞ്ഞുപോയി,
അവശേഷിച്ച പാദമുദ്രകളും
തിരകളിലലിഞ്ഞു.
ഇനി സർവ്വം ശാന്തം!!

ഹൃദയത്തിലെ ചുണ്ണാമ്പുപൂക്കളിൽ
കണ്ണുനീരിറ്റുന്നുവോ?

ശുഭപര്യവസായിയായ പ്രണയത്തേക്കാൾ
ഞാൻ കാംക്ഷിച്ചിരുന്നത്‌
ഇതു തന്നെയല്ലോ...
ആണോ?

എല്ലാം സ്വപ്‌നങ്ങൾ മാത്രമാകുന്നു
സ്വപ്‌നങ്ങൾക്ക്‌ കനം കുറഞ്ഞു - കുറഞ്ഞ്
ഒരു അപ്പൂപ്പൻതാടിയായി ആകാശത്തേക്ക്‌
ഉയരുന്നു.
അവശേഷിക്കുന്നത്‌ ഒരു പിടി
ചാരം മാത്രം.

നിലാവൊഴുകാത്ത എന്റെ സ്വപ്‌നങ്ങളെ
എനിക്കുതന്നെ തിരിച്ചുതന്നതിനു...നന്ദി...
ഹൃദയപൂർവ്വം ?

2010, ഡിസംബർ 1, ബുധനാഴ്‌ച

സത്യക്രിസ്ത്യാനി

നിന്നെ ഞാൻ തള്ളിപറയും
തീർച്ച - കഴിയുമെങ്കിൽ നാലുതവണ.
അപ്പോഴിനിക്ക്‌ യാതൊരു മനസാക്ഷികുത്തും
അനുഭവപെടുകയില്ല - കാരണം
ഞാൻ പത്രോസിന്റെ പിൻതുടർച്ചകാരനാണല്ലോ-

നിന്നെ ഞാൻ ഒറ്റികൊടുക്കും
തീർച്ച - അപ്പോഴിനിക്ക്‌
യാതൊരു മനചാഞ്ചല്യവും ഉണ്ടാവുകയില്ല
കാരണം - ഞാൻ
യൂദാസിന്റെയും പിൻപറ്റുകാരനാണല്ലോ-

എനിക്കു നിങ്ങളെ യഥേഷ്ടം
കൊന്നൊടുക്കാം - നിങ്ങളെന്റെ സഹോദരരാണെങ്കിൽപോലും
കാരണം - എന്റെ പരമ്പരയുടെ
അങ്ങേതലയ്ക്കൽ
കായേനും ആബേലുമാണല്ലോ-

എന്നാൽ ഞാൻ നിനക്കുവേണ്ടി
ക്രൂശുമരണം വരിയ്ക്കുമെന്നു
ഒരിയ്ക്കലും നീ വ്യാമോഹിയ്ക്കരുത്‌ - കാരണം
ഞാൻ ഇതുവരെ ക്രിസ്തുവിന്റെ
അനുയായിയേ അല്ലല്ലൊ...