രണ്ട് മരപ്പാവകൾ
വസന്തകാലത്തിൽ ചെറിമരങ്ങൾ നട്ട്
വെള്ളമൊഴിക്കാനും വളമിടാനും
മറന്നുപോകുന്നു
ഏതോ ഒരു രാജാവിന്റെ
അന്തപുരത്തിൽ
സദാചാരപോലീസ് മേധാവികൾ
രഹസ്യയോഗം ചേരുന്നു
പുറത്ത് പൊതുബോധനിർമിതികൾ
അവനെ കുരിശിലേറ്റുക
പകരം
ആ പുണ്ടച്ചിമോളേയും മറ്റവനേയും
ഞങ്ങൾക്ക് വിട്ടുതരിക
എന്ന് മതിയോ
എന്ന് പരസ്പരം കുശലം പറയുന്നു
ഹോാ എന്റെ ജനമാണിതല്ലോ
എന്ന് അഭിമാനപെട്ട്
കപ്പം വാങ്ങുന്ന പൊന്നുടയോൻ
തളികയിൽവെച്ച തലയുടെ രൂപമുള്ള
കൽതൊട്ടിയിൽ
കൈകൾ വൃത്തിയാക്കുന്നു
രക്തവും മാംസവും കലർന്നു
നല്ല വീര്യമുള്ള വീഞ്ഞ്
ഓവുചാലിലൂടെ ചാവുകടലിലേക്ക്
കുതികുതിച്ചൊഴുകുന്നു
ഇത്കണ്ട് വന്ന നൃത്തക്കാരിപെണ്ണ്
ഈ തലതൊട്ടപ്പന്റെ ഒരു കാര്യം
എന്ന് ലജ്ജാവിവശയായി
പ്രതിമയുടെ കവിളിൽ തട്ടി ചുവപ്പിക്കുന്നു
ഏല്പിച്ച് കിട്ടിയവനെ
കുരിശേറ്റാനുള്ള മരംതേടി
പെരുംതച്ചന്മാർ നാടുകയറുന്നു
ഒടുവിലൊടുവിൽ
മൂത്തതച്ചൻ
മരപ്പാവകളുടെ തോട്ടത്തിലെ
വെള്ളവും വളവുമേല്ക്കാത്ത
ചെറിമരത്തിന്റെ കാതൽ കണ്ടെടുക്കുന്നു
പിന്നെ എടുപിടീന്ന്
കുരിശായി
പീഢാനുഭവയാത്രയായി
അവസാന ആണിയും അടിക്കുന്നു
നേരം അന്തിയാവുന്നു ഇരുട്ടാവുന്നു
അനന്തരം കുരിശിൽനിന്നൂർന്നിറങ്ങിയ
രണ്ട് മരപ്പാവകൾ
രണ്ട് ചെറിമര തൈകൾ
കുരിശിൻ ചുവട്ടിൽനിന്ന്
പിഴുതെടുത്ത്
ഭോഗസന്നദ്ധരായി കുന്നിൻ ചെരുവിലൂടെ
ഉരുണ്ടുരുണ്ട് യാത്രയാവുന്നു
എന്റെ ലോകം
എന്റെ കുഞ്ഞുലോകം...... നിങ്ങളുടേയും...!!
2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച
2015, ജനുവരി 5, തിങ്കളാഴ്‌ച
അനേകം കണ്ണുകളാണ് നമ്മൾ
സ്കൂൾ അസംബ്ളിയിലൊരു
ചൂടാർന്ന നിഴലിൻ വരിയിൽ
ദേശീയ ഗാനത്തോടൊപ്പം ചുവന്നുപോയ
നുണക്കുഴിയിലാഴ്ന്ന്പോയ
കണ്ണിമചിമ്മാൻ മറന്നുപോയ
കാഴ്ച്ചകളുടഞ്ഞ
ചൂരൽ പുളയലിൽ
വരിതെറ്റിയ
രണ്ട് നിഴലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
അണമുറിയാതെ പെയ്ത
ഒരു മഴയ്ക്ക് ശേഷം
മരം പെയ്യുന്ന
ഒരു വൈകുന്നേരത്ത്
കുടയെടുക്കാതെ തിടുക്കപെട്ട്
പറപറന്നു പോകേ
ഒരു വെള്ളിടിയാൽ
മലച്ചുപോയ
രണ്ട് ദേശാടനകിളികളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
ഒന്നും പറയാനില്ലാത്തവന്റെ
വറ്റിപോയ തടാകങ്ങളിൽ
വിണ്ടുകീറിയ
കാല്പാദങ്ങൾ വരയ്ക്കുന്ന
അബ്സ്ട്രാക്റ്റിൽ
ചെകിളകൾ അടഞ്ഞ്
വളഞ്ഞ് പുളഞ്ഞ്
പ്രണയ ശ്വാസം എടുക്കാൻ
കുമിളകളിടുന്ന
രണ്ട് വരാലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
കടലിൽ നിന്നും കവിഞ്ഞ്
ആകാശത്തിലേക്ക് നീട്ടിയെറിഞ്ഞ
കല്ലുപ്പ് ദ്രവീകരിപ്പിച്ച
പുറംതോടിളകിയ
അതേ മരത്തിലെ
ഒരേ കൊമ്പിൽ തൂങ്ങുന്ന
രണ്ട് ഭൂഗോളങ്ങളുടെ
തുടകൾ മാന്തിപറിച്ച
നാക്കുകടിച്ച
ഒരേവശത്തേക്ക് ചെരിഞ്ഞ തലകളിൽ നിന്നും
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
നമ്മൾ പ്രണയം നടിക്കാൻ
പഠിക്കുകയായിരുന്നു.
Posted by
നികു കേച്ചേരി
at
11:59 AM
3
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
കാഞ്ഞിരക്കുരു എന്ന എന്റെ രാജ്യം
പ്രണയാകാരം
പൂണ്ടൊഴുകുന്നൊരു പുഴയും
ബാക്കിയില്ലാതിരിക്കേ
ഞാൻ രാജ്യത്തെ പ്രണയിക്കാൻ
തുടങ്ങുന്നു
രാജ്യം
ഒരു ശരീരമാകുന്നു
വെട്ടിയരിഞ്ഞ് കാഞ്ഞിരത്തിന്
വളമാക്കേണ്ടത്
കാഞ്ഞിരക്കുരു
ഒരു മതമാകുന്നു
അരച്ചു കലക്കി
ഞാനെന്ന പട്ടിക്ക്
തീറ്റയായ് വെക്കേണ്ടത്
Posted by
നികു കേച്ചേരി
at
11:56 AM
1 comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
കൊളാ(യി)ഷ്
എനിക്ക് എന്നെ തന്നെയും
ബോധിക്കാതിരിക്കുന്ന
ഒരു വ്യാഴാഴ്ച്ച
പാഞ്ഞുപോകുന്നൊരു
വിജനാത്മക സ്റ്റേഷനിലേക്ക്
നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന്
ചാടി ആത്മഹത്യ ചെയ്യുന്ന
ഒരാളുടെ സന്തോഷം
യഥാതഥഃ പെയ്ന്റിങ്ങാക്കുന്നതിൽ
പരാജയപ്പെട്ട്
മനംനൊന്ത്
ബാക്കിയായ ചായങ്ങൾ
അതിദാരുണ ഗതിവിഗതികളുടെ
ബാക്കിപത്രമായ ആ മുറിയുടെ
ചുമരിലേക്ക് കയറുന്നു
സ്വയമൊരു കൊളാഷാവുന്നു
Posted by
നികു കേച്ചേരി
at
11:50 AM
1 comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2014, ഏപ്രിൽ 6, ഞായറാഴ്‌ച
ബ്ളാക്കൗട്ടായൊരു യാത്ര
ചാവക്കാടുനിന്ന് തുടങ്ങിയതിലും
അരമണിക്കൂർ മുന്നേ പൊന്നാനിയിലെത്തുന്നു.
താമരശ്ശേരി ചുരത്തിന്റെ
ഏഴാംവളവിൽ വെച്ചൊരാൾ
താഴേയ്ക്ക് താഴേയ്ക്ക് ഒരു കല്ലെടുത്ത് വീക്കി
കല്ലു ചെന്ന് വീണിടം വരെയുള്ള സ്ഥലങ്ങളെല്ലാം
സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നു
മൈൽകുറ്റിയിൽ പരമാധികാര ചിഹ്നങ്ങളുമായി ഉപവിഷ്ടനാകുന്നു
പൂക്കോട് തടാകക്കരയിൽ
ഒരു പാവം പോലീസുകാരന്
അയാളുടെ മകൾക്ക് മരുന്ന് വാങ്ങാൻ
ആയിരം രൂപ കൈക്കൂലി കൊടുക്കുന്നു
പുൽപ്പള്ളിക്ക് അപ്പുറത്ത് ഒരു അതിർത്തിയിൽ
വസന്തത്തിന്റെ ഇടിമുഴക്കവും കേട്ട്
കടവുകടന്ന്
നമ്മൾ കൊയ്യുന്ന നമ്മുടെ വയലുകളിൽനിന്ന്
വിപ്ലവകതിരു പെറുക്കാൻ പോയവരെ കാത്തുനില്ക്കേ
ഉന്മാദിയായൊരു അരാജകന്റെ
മുടിച്ചില്ലകളിൽ കാറ്റു വന്നൊരു കൂടുവെയ്ക്കുന്നു
കണ്ണുകൾ ഒരു മിന്നലിനോടൊപ്പം പുറത്തേക്കു വരുന്നു
അനന്തരം ഞാനെന്ന അയാൾ മാരുതി എർട്ടിഗയെടുത്ത്
കാട്ടിലൂടെ തലങ്ങും വിലങ്ങും ഓട്ടുന്നു
തന്ത്രപ്രധാനമായൊരു ഇടം കണ്ടെത്തി
ഒളിപ്പോരിന് കോപ്പുകൂട്ടുന്നു
അവിടെവെച്ചയാൾ ഉറങ്ങി പോകുന്നു
ഞാൻ ഉണർത്താൻ പോയ്യില്ല
നിങ്ങളും......
അയാളൊന്ന് ഉണർന്നോട്ടേ
അതിനുശേഷം നമുക്കയാളോട്
മസിനഗുഡിയിലെ പ്രണയത്തെ പറ്റി ചോദിക്കണം
ഗുണ്ടൽപേട്ടിലെ ബ്രെയിൻ മസാജിങ്ങിനെ പറ്റി ചോദിക്കണം
ഊട്ടിയിലെ......
ഊട്ടിയിലെ എന്തിനെപറ്റിയാ ചോദിക്കാാ?...
നിങ്ങളൊന്ന് ക്ഷമിക്കൂ
അയാളൊന്ന് ഉണർന്നോട്ടേ.
Posted by
നികു കേച്ചേരി
at
10:51 AM
4
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013, സെപ്റ്റംബർ 25, ബുധനാഴ്‌ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന കാഴ്ചകൾ
ചില കാഴ്ച്ചകളുണ്ട്
ചിറകുകൾ തളർന്ന്
ഒരു പുഴുവിന്റെ കുപ്പായവും തുന്നി
നാളെകളുടെ പ്രതീക്ഷയിലേക്ക്
ചുവരിലെ വെളിച്ചത്തിലിഴയുന്ന
ഈയ്യാംപാറ്റയായ എനിക്കുനേരേ കുതിക്കുന്ന
നീയെന്ന പല്ലിയിൽനിന്ന്
ജീവന്റെ അവസാനശ്വാസവും
ചിറകുകൾക്ക് നല്കി
നിന്റെ അലസതയെ
തോല്പിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
നിരാലംബതയുടെ മച്ചിൽനിന്ന്
ജീവിതത്തിന്റെ ജനലപടിയിലേക്കിറങ്ങി
പ്രത്യാശയുടെ രൂക്ഷതയിലേക്ക്
ഇറങ്ങുമ്പോൾ
പല്ലിയായ എനിക്കുനേരേ കുതിക്കുന്ന
പൂച്ചയായ നിന്നിൽനിന്ന്
വാലുമുറിക്കാതെ ഓടി
നിന്റെ കൗതുകത്തെ
വെല്ലുവിളിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
അതിജീവനത്തിന്റെ കുപ്പതൊട്ടിയിൽനിന്ന്
കൈവശപെടുത്തിയ
ഏതോ പെസഹായ്ക്ക് മുറിച്ചു
വിളമ്പി തീർന്നു പോകാത്ത
പുളിപ്പിന്റെ അപ്പകഷണവുമായി
തുടങ്ങാനാവാതെ പോയ
ഒരു യാത്രയിൽനിന്ന്
ഞാനെന്ന പൂച്ച കുതികുതിച്ച്
നീയാകുന്ന വാഹനത്തിന്റെ
കീഴിലരയാതെ
നിന്റെ കണക്കുകൂട്ടലുകൾ
തെറ്റിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
എപ്പോഴും തെറ്റിപോകാറുള്ള
ചില ഉത്തമ സാധാരണ ഗുണിതങ്ങളുടെ
ഉത്തരങ്ങൾ പോലെതന്നെ
ഒരു നിമിഷാർധത്തിന്റെ
നിന്റെ വളയം തെറ്റലിനപ്പുറം
പിടിവിട്ടുപോയ ഞാനെന്ന ആത്മാവ്
ഓർമകളുടെ
കാഴ്ച്ചയില്ലാ കൊക്കയിലേക്ക്
കൈകൾ വിരിച്ച് പിടിച്ച്
പറ പറക്കുന്ന കാഴ്ച്ച
ഞാനീ അബോധത്തിന്റെ
ഗതകാലത്തുനിന്നൊന്ന് കയറിവന്നോട്ടേ
നിങ്ങളീ വർത്തമാനത്തിന്റെ
പുതുകാഴ്ച്ചകളുടെ നിമിത്തങ്ങളോരോന്നും
ഇപ്പോഴേ കണ്ടുവെച്ചേക്കണേ
അപ്പോൾ ഇനിയുമുണ്ടാകാം
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകൾ
Posted by
നികു കേച്ചേരി
at
2:24 PM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച
സാധ്യതകളുടെ തെരുവ്
വെയിലുരുകികിടക്കുന്ന ആ നാട്ടുവഴിയിൽനിന്ന് പഴമ മണക്കുന്ന ആ വീടിന്റെ ഇടിഞ്ഞുതുടങ്ങിയ പടിപ്പുര കടന്ന് പോകുന്നത് അയാളുടെ അച്ഛനായിരിക്കും. മുറ്റത്ത് പനമ്പിലുണങ്ങുന്ന നെല്ലു ചിക്കുന്നത് മിക്കവാറും അമ്മയായിരിക്കും.വീട്ടിലേക്കു ചെല്ലുന്ന അച്ഛൻ പറയുന്നത് കോൾപടവിൽ വന്ന മില്ലുകാരുടെ ധാർഷ്ട്യത്തെപറ്റിയായിരിക്കും. അല്ലെങ്കിൽ നഗരത്തിൽ ഉണരുന്ന കലാപത്തിന്റെ നാൾവഴികളായിരിക്കും. അമ്മയ്ക്കു പറയാനുള്ളത് പെരുമലയിലെ ശിവന്റെ അമ്പലത്തിലെ മറന്നുപോയ വഴിപാടുകളായിരിക്കും അതല്ലെങ്കിൽ മറന്നു പോയൊരു ജാറം മൂടലോ അതുമല്ലെങ്കിൽ സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പെടുത്തു വെക്കലായിരിക്കും. എല്ലാം ഒരോ സാധ്യതകൾ മാത്രം. അതിനപ്പുറം അമ്മ ആലോചിക്കുന്നത് അവളെ പറ്റിയായിരിക്കും
അവളിപ്പോൾ മഹാരാജാവിന്റെ നാമധേയത്തിലുള്ള പട്ടണത്തിലെ കോളേജിൽ ചരിത്രക്ലാസ്സിലിരിക്കുകയായിരിക്കും. കഥകൾ ചരിത്രമാകുന്ന നിർമിതികൾ കാണാപാഠം പഠിക്കുകയാവും. അതുമല്ലെങ്കിൽ നഗരത്തിലെ ഏതോ ഉദ്യാനത്തിൽ കൂട്ടുകാർക്കൊപ്പം വെറുതെയിരുന്ന് കലപില കൂട്ടുകയായിരിക്കും. ചിലപ്പോൾ കോളേജിലെ ലൈബ്രറിയിലെ ഇടനാഴിയിലെ മൗനത്തിന്റെ നിഴലുകളാൽ അലോസരപെട്ട് പി ജി യിലെ ബുദ്ധിജീവിനാട്യക്കാരനെന്ന് അവൾതന്നെ വിശേഷിപ്പിക്കാറുള്ള ഒരുവനുമായി ബുദ്ധമത നിഷ്കാസനത്തെപറ്റി കുശുകുശുക്കുകയാവും. ഇതെല്ലാം പലപല സാധ്യതകൾ തന്നെ.
ഇങ്ങനെയിരിക്കലും ജാരനെന്ന് പേരുള്ള അവൻ ചിന്തിക്കുന്നത് മിക്കവാറും വൈകുന്നേരത്തെ രഹസ്യ മീറ്റിങ്ങിനെ കുറിച്ചാവും. അതല്ലെങ്കിൽ അതിനുശേഷം നടക്കുന്ന പരിശീലന ക്ലാസ്സിനെ പറ്റിയായിരിക്കും. വെയിലൊതുങ്ങി വരുന്നേയുള്ളൂ എങ്കിലും ഇരുട്ട്‌വീഴാൻ തുടങ്ങിയ ആ വാഴതോപ്പിൽ ഒരു കൂട്ടത്തിന്റെ കൂടെയിരിക്കുമ്പോഴും ജാരനെന്ന് പേരുള്ള അവൻ വീണുപോകുന്ന ചിന്തയുടെ ആഴങ്ങളിൽ ഒരുപക്ഷേ ഒരു പൊൻപുലരിയുടെ ഇളവെയിൽ ചെരിഞ്ഞ് വീഴുന്നുണ്ടായിരിക്കാം. ഒരു മിന്നായം പോലെ വീശുന്ന വാൾതലപ്പുകളിൽനിന്നൊരു ശീല്ക്കാരം മിന്നലായി സകലമാന ദുരിതങ്ങളേയും കരിച്ചുകളയുമെന്നൊരു സ്വപ്നം അവൻ കാണുന്നുണ്ടാകാം. അതല്ലെങ്കിൽ ചിലപ്പോൾ ലൈബ്രറിയുടെ ഇടനാഴികളിലെ ജൈവികതയുടെ കുശുകുശുക്കലുകളിൽ മനം മറന്നിരിപ്പാവാം. എല്ലാം ചില സാധ്യതകൾ തന്നെ.
അപ്രകാരമൊരു അനന്തസാധ്യതാ പഠനത്തിനൊടുവിലായിരിക്കണം നിയോൺവെളിച്ചത്തിൽ നിന്നിരുന്ന അയാളുടെ നേർക്ക് ഞാൻ ചെല്ലുന്നത്. അപ്പോഴെന്റെ മുഖത്തുണ്ടായിരുന്നത് ഒരു പോക്കറ്റടിക്കാരന്റെ സ്വതസിദ്ധമായൊരു നിസംഗതയാവും. അതല്ലെങ്കിൽ ഒരു കൊലപാതകിയുടെ വിഭ്രാതമകമായൊരു ഭീതിയായിരിക്കും. ഏതൊരു ഭാവമായിരുന്നാലും അതിൽ പരമാവധി വശ്യത സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നിരിക്കണം. ആ വശ്യതയിലായിരിക്കണം ഞാനും അയാളും പരസ്പരം മറന്ന് പോയത്. ആ വശ്യതയിലായിരിക്കണം കരളിനെ പിളർന്നൊരു മിന്നലിനൊടുവിൽ നട്ടെലിലൊരു കത്തിമുനയുടെ കിരുകിരിപ്പാണോ അതോ കത്തിപിടിയിൽനിന്ന് കൈകളിലൂടെ മുകളിലേക്ക് കയറുന്ന ഒരു വിറയലിനുശേഷം മുഖത്തേക്ക് തെറിച്ച് ചുണ്ടുകളിലൂടെ ഒഴുകിയ ചുവപ്പിന്റെ കനപ്പാണോ ആദ്യം സംഭവിച്ചതെന്ന് മനസ്സിലാവാതെ പോയത്.
ഇതും ചില സാധ്യതകൾ മാത്രം എന്ന് മനസ്സിലാക്കുന്നിടത്ത് വെച്ചായിരിക്കും അയാൾ കൈകൾ വീശി വെളിച്ചത്തിലേക്ക് പോയതും ഞാൻ ഇരുട്ടുവീണ ഇടുങ്ങിയ ഗലിയിലേക്ക് തുടർന്നതും.
(Picture courtesy : JAGAN's PHOTOGRAPHY)
Posted by
നികു കേച്ചേരി
at
9:33 AM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)