2011, മാർച്ച് 19, ശനിയാഴ്‌ച

വട്ടങ്ങളും ചതുരങ്ങളും

ഇവിടെ ഈ നഗരത്തിൽ നിറയെ
വട്ടങ്ങളും ചതുരങ്ങളുമാണ്‌

ഒരൊറ്റ തിരിച്ചുകറക്കലിലൂടെ
മരുഭൂമിയുടെ നരച്ച മൗനത്തിൽനിന്ന്
ജീവിതത്തിന്റെ മഴച്ചാറലിലേക്ക്
തിരിച്ചുകൊണ്ടുവരുന്ന വട്ടങ്ങൾ

നാലുവശത്തും അതിജീവനത്തിന്റെ
വാതായനങ്ങൾ തുറന്നിട്ടിട്ടുള്ള
അരികുകളിൽ പൂക്കളുള്ള
വട്ടങ്ങൾ

വേറേയും ചില വട്ടങ്ങളുണ്ട്
വശങ്ങളിലെ വാതിലുകൾ അടച്ച്
രക്ഷപെടാൻ അനുവദിക്കാതെ
മധ്യത്തിലെ ശൂന്യതയിലേക്ക്
വലിച്ചെടുക്കുന്ന വട്ടങ്ങൾ

പിന്നെയുള്ളത് ചതുരങ്ങളാണ്‌
പച്ചയ്ക്കും ചുവപ്പിനുമിടയിലെ
ഒരു പിടച്ചിലിനൊടുവിൽ
ആറായിരം റിയാലിന്റെ
മഞ്ഞിച്ച വിഹ്വലതയിൽ
ജീവിതത്തിന്റെ അഗ്നികോണുകളെ
തൊട്ടുകിടക്കുന്ന ചതുരങ്ങൾ

മറ്റൊരിടത്ത് ചായക്കൂട്ടുകളണിഞ്ഞ
ചതുരങ്ങൾ അടുക്കിവെച്ചിരിക്കുകയാണ്‌
ആ ചതുരങ്ങൾക്കുള്ളിൽ
ചലനശേഷി നഷ്ടപെട്ട
മഞ്ഞിന്റെ നീളൻ ചതുരങ്ങളെ
പേറുന്ന വെളുത്ത ചതുരങ്ങൾ.

പിന്നെയുള്ളത് ഹമദ് ആശുപത്രിയിലെ
മരവിച്ച ചതുരങ്ങളാണ്‌
ഈ തണുത്ത ചതുരങ്ങളെ
എനിക്കിഷ്ട്ടമല്ല
അതിൽനിന്ന് രക്ഷപെട്ടാലും
യാത്രയ്ക്ക് കൂട്ടായി വീണ്ടും
തകരത്തിന്റെ മറ്റൊരു
തണുത്ത ചതുരം

അതിനാൽ ഈയിടെയായി
ഞാൻ വട്ടങ്ങളെ ഇഷ്ട്ടപ്പെടാൻ
തുടങ്ങിയിരിക്കുന്നു
ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.

2011, മാർച്ച് 9, ബുധനാഴ്‌ച

മരുഭൂമികളിൽ മഴപെയ്യുന്നത്

ഇവിടെ ഈന്തപ്പനകൾ
പൂക്കാൻ തുടങ്ങി
ഇളംമഞ്ഞനിറത്തിൽ
പഴുപ്പിക്കാനായുള്ള ഒരു
വേനലിനെ തേടി.

ടൗൺഹാളിന്റെ മതിൽകെട്ടിനകത്ത്
പൂമരച്ചോട്ടിൽ നാം
പരിഭവം പറഞ്ഞ
നിനക്കറിയുന്ന നമ്മുടെ
വേനലല്ല.

എയർകണ്ടീഷണറിന്റെ നനുത്ത
തണുപ്പിനപ്പുറവും എന്നെ
ബാഷ്പീകരിക്കുന്ന
ഘനീഭവിച്ച ഘനമുള്ള
ബാഷ്പമാക്കുന്ന വേനൽ.

വാച്ച് വാങ്ങിയാ അപ്പച്ചാ?..
മോനാണ്‌..അവന്‌ -
കൈയ്യിൽ കെട്ടി ബട്ടൺ അമർത്തിയാൽ
ആളോളുടെ രൂപം മാറ്റാൻ
പറ്റണ ശരിക്കുള്ള ബെൻ10 വാച്ച്
തന്നെ വേണംട്ടാ..അപ്പച്ചാ..

അവനറിയുന്നില്ലല്ലോ
വാച്ചുകെട്ടി ബട്ടണമർത്തി
അവന്റെ അപ്പൻ
പെയ്യാനൊരുങ്ങി ഇരുണ്ട്
ഒരു മേഘക്കീറായി
എല്ലാ ദിവസവും
അവന്റെ അടുത്തെത്തുന്നത്.

ഇന്നെനിക്ക്
പെയ്തേതീരൂ
ഊഷരതയുടെ
ആഴങ്ങളിൽ
ഉൾവലിവിന്റെ മൗനത്തോടെ.