ലേബലുകള്‍

കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജനുവരി 5, തിങ്കളാഴ്‌ച

അനേകം കണ്ണുകളാണ്‌ നമ്മൾ




സ്കൂൾ അസംബ്ളിയിലൊരു
ചൂടാർന്ന നിഴലിൻ വരിയിൽ
ദേശീയ ഗാനത്തോടൊപ്പം ചുവന്നുപോയ
നുണക്കുഴിയിലാഴ്ന്ന്പോയ
കണ്ണിമചിമ്മാൻ മറന്നുപോയ
കാഴ്ച്ചകളുടഞ്ഞ
ചൂരൽ പുളയലിൽ
വരിതെറ്റിയ
രണ്ട് നിഴലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

അണമുറിയാതെ പെയ്ത
ഒരു മഴയ്ക്ക് ശേഷം
മരം പെയ്യുന്ന
ഒരു വൈകുന്നേരത്ത്
കുടയെടുക്കാതെ തിടുക്കപെട്ട്
പറപറന്നു പോകേ
ഒരു വെള്ളിടിയാൽ
മലച്ചുപോയ
രണ്ട് ദേശാടനകിളികളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

ഒന്നും പറയാനില്ലാത്തവന്റെ
വറ്റിപോയ തടാകങ്ങളിൽ
വിണ്ടുകീറിയ
കാല്പാദങ്ങൾ വരയ്ക്കുന്ന
അബ്സ്ട്രാക്റ്റിൽ
ചെകിളകൾ അടഞ്ഞ്
വളഞ്ഞ് പുളഞ്ഞ്
പ്രണയ ശ്വാസം എടുക്കാൻ
കുമിളകളിടുന്ന
രണ്ട് വരാലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

കടലിൽ നിന്നും കവിഞ്ഞ്‌
ആകാശത്തിലേക്ക്‌ നീട്ടിയെറിഞ്ഞ
കല്ലുപ്പ്‌ ദ്രവീകരിപ്പിച്ച
പുറംതോടിളകിയ
അതേ മരത്തിലെ
ഒരേ കൊമ്പിൽ തൂങ്ങുന്ന
രണ്ട്‌ ഭൂഗോളങ്ങളുടെ
തുടകൾ മാന്തിപറിച്ച
നാക്കുകടിച്ച
ഒരേവശത്തേക്ക്‌ ചെരിഞ്ഞ തലകളിൽ നിന്നും
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

നമ്മൾ പ്രണയം നടിക്കാൻ
പഠിക്കുകയായിരുന്നു.

കാഞ്ഞിരക്കുരു എന്ന എന്റെ രാജ്യം


കുടിച്ചുവറ്റിക്കാൻ
പ്രണയാകാരം
പൂണ്ടൊഴുകുന്നൊരു പുഴയും
ബാക്കിയില്ലാതിരിക്കേ
ഞാൻ രാജ്യത്തെ പ്രണയിക്കാൻ
തുടങ്ങുന്നു
രാജ്യം
ഒരു ശരീരമാകുന്നു
വെട്ടിയരിഞ്ഞ്‌ കാഞ്ഞിരത്തിന്‌
വളമാക്കേണ്ടത്‌
കാഞ്ഞിരക്കുരു
ഒരു മതമാകുന്നു
അരച്ചു കലക്കി
ഞാനെന്ന പട്ടിക്ക്‌
തീറ്റയായ്‌ വെക്കേണ്ടത്‌

കൊളാ(യി)ഷ്


അവർക്ക് അവരെ തന്നെയും
എനിക്ക് എന്നെ തന്നെയും
ബോധിക്കാതിരിക്കുന്ന
ഒരു വ്യാഴാഴ്ച്ച
പാഞ്ഞുപോകുന്നൊരു
വിജനാത്മക സ്റ്റേഷനിലേക്ക്
നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന്
ചാടി ആത്മഹത്യ ചെയ്യുന്ന
ഒരാളുടെ സന്തോഷം
യഥാതഥഃ പെയ്ന്റിങ്ങാക്കുന്നതിൽ
പരാജയപ്പെട്ട്
മനംനൊന്ത്
ബാക്കിയായ ചായങ്ങൾ
അതിദാരുണ ഗതിവിഗതികളുടെ
ബാക്കിപത്രമായ ആ മുറിയുടെ
ചുമരിലേക്ക് കയറുന്നു
സ്വയമൊരു കൊളാഷാവുന്നു

2014 ഏപ്രിൽ 6, ഞായറാഴ്‌ച

ബ്ളാക്കൗട്ടായൊരു യാത്ര


അരാജകമുദ്രയുള്ള ചിലർ ചേർന്നൊരു യാത്രപോകുന്നു
ചാവക്കാടുനിന്ന്‌ തുടങ്ങിയതിലും
അരമണിക്കൂർ മുന്നേ പൊന്നാനിയിലെത്തുന്നു.
താമരശ്ശേരി ചുരത്തിന്റെ
ഏഴാംവളവിൽ വെച്ചൊരാൾ
താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഒരു കല്ലെടുത്ത്‌ വീക്കി
കല്ലു ചെന്ന്‌ വീണിടം വരെയുള്ള സ്ഥലങ്ങളെല്ലാം
സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നു
മൈൽകുറ്റിയിൽ പരമാധികാര ചിഹ്നങ്ങളുമായി ഉപവിഷ്ടനാകുന്നു
പൂക്കോട്‌ തടാകക്കരയിൽ
ഒരു പാവം പോലീസുകാരന്‌
അയാളുടെ മകൾക്ക്‌ മരുന്ന്‌ വാങ്ങാൻ
ആയിരം രൂപ കൈക്കൂലി കൊടുക്കുന്നു
പുൽപ്പള്ളിക്ക്‌ അപ്പുറത്ത്‌ ഒരു അതിർത്തിയിൽ
വസന്തത്തിന്റെ ഇടിമുഴക്കവും കേട്ട്‌
കടവുകടന്ന്‌
നമ്മൾ കൊയ്യുന്ന നമ്മുടെ വയലുകളിൽനിന്ന്‌
വിപ്ലവകതിരു പെറുക്കാൻ പോയവരെ കാത്തുനില്ക്കേ
ഉന്മാദിയായൊരു അരാജകന്റെ
മുടിച്ചില്ലകളിൽ കാറ്റു വന്നൊരു കൂടുവെയ്ക്കുന്നു
കണ്ണുകൾ ഒരു മിന്നലിനോടൊപ്പം പുറത്തേക്കു വരുന്നു
അനന്തരം ഞാനെന്ന അയാൾ മാരുതി എർട്ടിഗയെടുത്ത്‌
കാട്ടിലൂടെ തലങ്ങും വിലങ്ങും ഓട്ടുന്നു
തന്ത്രപ്രധാനമായൊരു ഇടം കണ്ടെത്തി
ഒളിപ്പോരിന്‌ കോപ്പുകൂട്ടുന്നു
അവിടെവെച്ചയാൾ ഉറങ്ങി പോകുന്നു
ഞാൻ ഉണർത്താൻ പോയ്യില്ല
നിങ്ങളും......
അയാളൊന്ന്‌ ഉണർന്നോട്ടേ
അതിനുശേഷം നമുക്കയാളോട്‌
മസിനഗുഡിയിലെ പ്രണയത്തെ പറ്റി ചോദിക്കണം
ഗുണ്ടൽപേട്ടിലെ ബ്രെയിൻ മസാജിങ്ങിനെ പറ്റി ചോദിക്കണം
ഊട്ടിയിലെ......
ഊട്ടിയിലെ എന്തിനെപറ്റിയാ ചോദിക്കാ​‍ാ?...
നിങ്ങളൊന്ന്‌ ക്ഷമിക്കൂ
അയാളൊന്ന്‌ ഉണർന്നോട്ടേ.

2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന കാഴ്ചകൾ


അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
ചിറകുകൾ തളർന്ന്‌
ഒരു പുഴുവിന്റെ കുപ്പായവും തുന്നി
നാളെകളുടെ പ്രതീക്ഷയിലേക്ക്‌
ചുവരിലെ വെളിച്ചത്തിലിഴയുന്ന
ഈയ്യാംപാറ്റയായ എനിക്കുനേരേ കുതിക്കുന്ന
നീയെന്ന പല്ലിയിൽനിന്ന്‌
ജീവന്റെ അവസാനശ്വാസവും
ചിറകുകൾക്ക്‌ നല്കി
നിന്റെ അലസതയെ
തോല്പിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
നിരാലംബതയുടെ മച്ചിൽനിന്ന്‌
ജീവിതത്തിന്റെ ജനലപടിയിലേക്കിറങ്ങി
പ്രത്യാശയുടെ രൂക്ഷതയിലേക്ക്‌
ഇറങ്ങുമ്പോൾ
പല്ലിയായ എനിക്കുനേരേ കുതിക്കുന്ന
പൂച്ചയായ നിന്നിൽനിന്ന്‌
വാലുമുറിക്കാതെ ഓടി
നിന്റെ കൗതുകത്തെ
വെല്ലുവിളിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
അതിജീവനത്തിന്റെ കുപ്പതൊട്ടിയിൽനിന്ന്‌
കൈവശപെടുത്തിയ
ഏതോ പെസഹായ്ക്ക്‌ മുറിച്ചു
വിളമ്പി തീർന്നു പോകാത്ത
പുളിപ്പിന്റെ അപ്പകഷണവുമായി
തുടങ്ങാനാവാതെ പോയ
ഒരു യാത്രയിൽനിന്ന്‌
ഞാനെന്ന പൂച്ച കുതികുതിച്ച്‌
നീയാകുന്ന വാഹനത്തിന്റെ
കീഴിലരയാതെ
നിന്റെ കണക്കുകൂട്ടലുകൾ
തെറ്റിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
എപ്പോഴും തെറ്റിപോകാറുള്ള
ചില ഉത്തമ സാധാരണ ഗുണിതങ്ങളുടെ
ഉത്തരങ്ങൾ പോലെതന്നെ
ഒരു നിമിഷാർധത്തിന്റെ
നിന്റെ വളയം തെറ്റലിനപ്പുറം
പിടിവിട്ടുപോയ ഞാനെന്ന ആത്മാവ്‌
ഓർമകളുടെ
കാഴ്ച്ചയില്ലാ കൊക്കയിലേക്ക്‌
കൈകൾ വിരിച്ച്‌ പിടിച്ച്‌
പറ പറക്കുന്ന കാഴ്ച്ച

ഞാനീ അബോധത്തിന്റെ
ഗതകാലത്തുനിന്നൊന്ന്‌ കയറിവന്നോട്ടേ
നിങ്ങളീ വർത്തമാനത്തിന്റെ
പുതുകാഴ്ച്ചകളുടെ നിമിത്തങ്ങളോരോന്നും
ഇപ്പോഴേ കണ്ടുവെച്ചേക്കണേ
അപ്പോൾ ഇനിയുമുണ്ടാകാം
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകൾ

2013 ജൂലൈ 9, ചൊവ്വാഴ്ച

നിഴലുകൾ പറയാതിരുന്നത്


ഒരു കവിൾ പുകയൂതി
വരച്ചെടുത്ത എന്റെ മാത്രം ആകാശം
പെയ്യാതെ പെയ്ത്‌
ഒരു മാത്രകൊണ്ടപ്രത്യക്ഷമാകവേ
ഉള്ളം നിറഞ്ഞാർത്തലക്കുന്നുണ്ടാകാമൊരു
കടൽ
നിന്റെ മാത്രം കടൽ

ചുരമിറങ്ങി വരുന്ന
എന്റെ കുതിര
വസന്തം നരച്ചു തുടങ്ങിയ
നിന്റെ ഗ്രീഷ്മത്തിലേക്ക്
അശ്വമേധത്തിനിറങ്ങുമ്പോൾ
വഴിതെറ്റിപോകുന്നത്
ശിശിരത്തിലെ
കടൽക്കാറ്റിനുപ്പില്ലാത്ത
തീരങ്ങളിലേയ്ക്ക്.

പുറത്തേക്കുമകത്തേക്കും തുറക്കുന്ന
വാതായനങ്ങളാൽ
സ്വതന്ത്രമാക്കപെടുന്ന നമ്മൾ
നമ്മെ തുറന്നിടുന്നത്
ഉൾകാമനകൾ തിരമാലകൾ
തീർക്കാത്ത ഉൾക്കടലുകളിൽ.

എന്നിട്ടും നമ്മളിങ്ങനെ
നിലാവിന്റെ കടാപുറത്ത്
നിഴലുകളിൽ വിരിച്ചിട്ടുണക്കുന്ന
മീനുകളെപോലേ
ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി
ചെകിളകൾ വീർപ്പിച്ച്
അന്യോന്യം
വിരൽചൂണ്ടി
ഇങ്ങനെയിങ്ങനെ......

2013 മേയ് 4, ശനിയാഴ്‌ച

അങ്ങിനെയങ്ങിനെ ഒരു പ്രണയകാലത്ത്...


ഏറ്റവും നിരാശഭരിതമായ ഒരു രാത്രിയിൽ
എന്റെ കർത്താവേ...എന്റെ ദൈവമേ..
എന്നിങ്ങനെയുള്ള ആർത്തനാദങ്ങൾക്കും
വിങ്ങിപൊട്ടലുകൾക്കും ശേഷം
ലൂസിഫറെന്നൊരു ഇറച്ചി
ഉണങ്ങി ചവച്ചുതിന്നാൻ പാകമായി
വെള്ളിതാലത്തിലിരുന്ന്
പടിഞ്ഞാറേ മുറിയിലേക്കോ
കിഴക്കേമുറിയിലേക്കോ
എന്ന പദപ്രശനം പൂരിപ്പിക്കവേ.....
പടിഞ്ഞാറേ മുറിയിലിരിക്കുന്നത്
ബോധിസത്വനാണ്‌
നല്ല തുടുതുടുത്ത്
വെളുവെളുത്ത ബോധിസത്വൻ
കിഴക്കേമുറിയിലിരിക്കുന്നത്
സൂര്യനാണ്. . ..... .സൂര്യൻ
നല്ല ചുകചുകന്ന സൂര്യൻ
എന്നാൽ
കിഴക്കെമുറിയിൽനിന്നും
പടിഞ്ഞാറേമുറിയിലേക്കുള്ള പ്രയാണത്തിൽ
സ്ഥിരം നഷ്ടപെടുകയായിരുന്നെന്റെ
കർമ്മം.

അന്ന് പ്രണയമൊരു കുരിശ്ശായിരുന്നു
ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി
നിസ്സഹായനായി കഴുത്തൊടിച്ച്
കുത്തനെ നിൽക്കുന്ന
ഒരു കൽക്കുരിശ്ശ്.
കല്ലാണികളാൽ മുറിപെട്ട്
രക്തമൊഴുക്കി
നിരാലംബനായി നിലവിളിച്ചുകൊണ്ട്
കുന്നിൻമുകളിലേക്ക് രക്ഷപെട്ടോടുന്ന
ഒരു മരക്കുരിശ്ശ്.
ഒരു ദുഃഖവെള്ളിയിൽ
പരിഹാര പ്രദിക്ഷണത്തിനിടയിൽ
കണ്ട സ്വപനംപോലെ
വരിതെറ്റാത്ത
ഒരു പ്രണയക്കുരിശ്ശ്.

അങ്ങിനെയിരിക്കെ അന്ന് വൈകീട്ട്
ആർക്കും മനസ്സിലാകാത്ത ഒരു കവിത
എഴുതണമെന്ന് കരുതി
ഡയറിയിൽ പൂച്ച എന്ന
ആദ്യത്തെ വാക്കെഴുതിയപ്പോഴാണ്‌
സെക്കന്റ് ഫ്ലോറിലെ രണ്ടാം നംമ്പർ ഫ്ലാറ്റിലെ
നീലകണ്ണുള്ള പൂച്ച
ചാരിയിട്ട വാതിൽ മെല്ലെ തള്ളിതുറന്ന്
മേശക്കാലിനടുത്തുവന്ന്
മ്യാവൂ എന്ന് ആകുലപെട്ടത്.
അപ്പോൾ ഡയറിയിൽ കിടന്നിരുന്ന
എന്റെ പൂച്ച ഒന്ന് മൂരിനിവർന്ന്
വരകളിലേക്ക് കാലുകൾ നീട്ടി
ശരീരമൊന്ന് കുടഞ്ഞ്
മേശപ്പുറത്തുനിന്ന് താഴോട്ടു ചാടി
മ്യാവു.. മ്യാവൂ എന്ന് ആശ്വസിപ്പിച്ച്
പുറത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്‌
അടുത്തതായി എഴുതുന്ന വാക്ക് തത്തമ്മയെന്നാണെന്ന്
ഞാൻ പറഞ്ഞത്
അത് കേട്ടപ്പോഴാണ്‌
പുറത്തേക്ക് പോയികൊണ്ടിരുന്നവർ
മത്സരിച്ചോടി വന്ന്
മേശപ്പുറത്ത് കയറി വീണ്ടും
കവിതയിലെ രണ്ട് വാക്കുകളായി
അനുസരണയോടെ കിടന്നത്
തത്തമ്മേ പൂച്ച പൂച്ച...


2013 ജനുവരി 31, വ്യാഴാഴ്‌ച

ചിലതുണ്ടിങ്ങനെ...


1)
ചിലതുണ്ടിങ്ങനെ...
ഒരു പ്യൂപ്പയായിരുന്ന്
പ്യൂപ്പയിലേ ഒടുങ്ങുന്നവർ

മറ്റുചിലതുണ്ട്
പ്യൂപ്പയിൽനിന്നിറങ്ങി
ചൊറിഞ്ഞ് തിടംവെപ്പിച്ച്
കറുത്ത പാടുകളവശേഷിപ്പിച്ച്
വിസ്മൃതിയുടെ കഴുകൻതീറ്റകളാകുന്നവർ

ഇനിയും ചിലത്
പൂമ്പാറ്റകളാകുന്നു
പരാഗണമെന്ന കർമ്മം
തീർക്കുന്നവർ.
-------------------------------------------
2)
നിലാവിന്‌ പ്രണയമാണ്‌
രാത്രിയോട്
രാത്രിക്ക് വെറുപ്പാണ്‌
നിലാവിനോട്

നീയെന്തിനെൻ
പുഴുത്ത വൃണങ്ങളെ,
ചോരയിറ്റുന്ന ചുണ്ടുകളെ,
മുറിഞ്ഞ കൈതണ്ടയിലെ,
ഇരുമ്പുദണ്ഠിൽ കോർത്ത
ഹതാശയരായ ജീവന്റെ അമ്ളരസം
ചോർന്ന ജനിപേടകങ്ങളെ
കാണാൻ എന്നും വരുന്നു?

നിലാവ് പിന്നേയും
ഇരുട്ടിന്റെ ഇടവഴികളിൽ
തക്കംപാർത്തിരിക്കുന്ന കെട്ടിടങ്ങളുടെ
നിഴലുകളിൽ അലറിപായുന്ന
ബസ്സുകളിൽ കൂകുന്നൊരു
ട്രെയിനിന്റെ ഇടനാഴികളിൽ
ചെരിഞ്ഞു വീണുകൊണ്ടിരുന്നു
നിലാവിന്‌ ഇരുട്ടിനെ പ്രണയമായിരുന്നു

എന്നിട്ടും അമാവാസിയെന്നൊരാൾ
അന്ന് ഇരുട്ട് ചെയ്യുന്നതൊന്നും
നിലാവിനോട് പറയാതെ
എന്നും പറ്റിക്കുമായിരുന്നു
വെറുതേ..
---------------------------------------------------
3)
ഇപ്പോൾ
ദുഃഖ വെള്ളി ചിരിക്കുകയാണ്‌
വ്യാഴത്തിനെ നോക്കി
തൊട്ടടുത്ത നിമിഷം
ശനിയെ നോക്കി കരയേണ്ടതാണെന്ന്‌
മറന്ന്
---------------------------------------------------------------

2012 നവംബർ 14, ബുധനാഴ്‌ച

യാത്രയിൽ മരിച്ചുപോകുന്നവർ...


നിങ്ങൾ മരിച്ചുപോയവരുടെ കൂടെ
യാത്രചെയ്തിട്ടുണ്ടോ...?

സ്പീഡോമീറ്ററിൽ 120 കഴിയുമ്പോൾ
ഒന്നുകൂടി ചേർന്നിരുന്ന്
അവന്റെ മുഃഖത്തേക്ക് പാളിനോക്കി
ഒരു ബൈക്കിന്റെ പുറകിലിരുന്ന്
പാഞ്ഞുപോയതിനെകുറിച്ചല്ല

കട്ടിലിൻതലയ്ക്കൽ
കൈകളിൽ മുഃഖം പൂഴ്ത്തി
കുനിഞ്ഞിരിക്കുന്നവന്റെ
പുറകിലൂടെവന്ന് തോളില്കൈയ്യിട്ട്
മഞ്ഞ്‌വീണ ഒറ്റയടിപാതയിലൂടെ
തെന്നി തെന്നി ഒഴുകിയതുമല്ല

നരച്ച മണൽപ്രഭാതങ്ങളിലേയ്ക്ക്
വലിച്ചെടുക്കപെടുന്നവന്റെ കൂടെ
ഒരു കാറിന്റെ പുറകിലെ സീറ്റിലിരുന്ന്
പുറത്ത് പിന്നിലേയ്ക്ക് പിന്നിലേയ്ക്ക് പായുന്ന
കൈതവരമ്പിലേയ്ക്ക്
കുതറിതെറിക്കുന്നതിനെ പറ്റിയുമല്ലതന്നെ

ശരിക്കും
ചുരുട്ടിയെടുക്കാൻ ഒരു വെയിൽക്കീറുപോലുമില്ലാതെ
കുന്നിൻമുകളിലെ
നിലാവ് വീണ്‌ നരച്ച തടാകത്തെ
സ്വപ്നംകണ്ട് മരിച്ചവരുടെ കൂടെ
യാത്ര ചെയ്തിട്ടുണ്ടോ?

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

എനിക്കും നിനക്കുമിടയിലെന്ത്?


പുലയാണ്‌ പെണ്ണേ
അന്തിയാകുംവരേക്ക്
നമുക്കകന്നിരിക്കാം

ബലിച്ചോറു കൊത്തുന്ന
കാകദൃഷ്ടികളിൽ ഉരുകുമ്പോൾ
വിധിയെന്ന കോമരംതുള്ളാം

രാവേറുമ്പോൾ
ചത്തുകെട്ട്പോയവളെ പറ്റി
പതം പറഞ്ഞു ചിരിക്കാം

ഉന്മാദത്തിന്റെ ചാവുകടലിൽ
പൊങ്ങിപരക്കുമ്പോൾ
കണ്ണോക്കുവന്ന പലഹാരങ്ങളുടെ
കാറമണത്തെ പേർത്തും പേർത്തും
നമുക്കാശ്ഛര്യപെടാം

ചിതയിൽ പുഴുകിവെന്ത്
അലിയുമ്പോൾ
ഉയരുന്ന മണത്തിന്‌
നിന്റെ വിയർപ്പുഗന്ധത്തേക്കാൾ
രൂക്ഷത കൂടുതാലാണെന്ന്
ഗദ്ഗദത്തോടെ വിങ്ങിപൊട്ടാം

അവസാനം
കിടക്കയിലും തലയിണയിലും
പരക്കുന്ന നിന്റെ ചോരയിൽ
ഞാൻ ലിറ്റ്മസ് ടെസ്റ്റ് നടത്തുമ്പോൾ
നീ ശാന്തമായി ഉറങ്ങണം
പിന്നെ ഞാനും

പുലയാണ്‌ പെണ്ണേ
അന്തിയാകുംവരേക്ക്
നമുക്കകന്നിരിക്കാം

2012 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

ഒരു ആത്മാഹുതിയുടെ ഗാഗുൽത്താ വഴികൾ

എന്തിനായിരുന്നെന്ന ചോദ്യമാണ്
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്

ചില ദിവ്യഗർഭങ്ങളുടെ
ആശ്ചര്യം
ഒരു കവിൾ ചായയുടെ
അർധവിരാമത്തിൽ
നിറുത്തുകയാണ് ചിലർ

വിലാവിലേറ്റ മുറിവുമായി
മല കയറിയ ഒരുവൻ
തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു

ഇനി പഴമ്പൊരിയിലെ
പഴം തപ്പുന്ന ചിലർ
പറയുന്നത്
ഞങ്ങളവന് വിനാഗരിയിൽ
മുക്കിയ നീർപഞ്ഞി കൊടുത്തില്ലെന്നാണ്

എന്നാൽ ഭൂമി കുലുങ്ങുകയോ
പാറകൾ പിളരുകയോ
ശവകുടീരങ്ങൾ തുറക്കപെടുകയോ
ചായക്കടയിലെ തിരശ്ശീല
നെടുകെ കീറുകയൊ
ചെയ്തില്ലെന്നാണ്
മറ്റുള്ളവരുടെ സാക്ഷ്യം

ഇതൊക്കെയാണെങ്കിലും
ആരാണെന്ന ചോദ്യം
മലമുകളിലെ മരക്കൊമ്പിൽ
ഇപ്പോഴും
പുഴുവരിച്ചുകിടന്നാടുന്നുണ്ട്>

2012 ജൂലൈ 18, ബുധനാഴ്‌ച

പ്രണയമൊരു പോരാട്ടമാകുന്നത്‌..


മുത്തശിയുടെ കാല്പെട്ടിയിൽനിന്ന്‌
നരച്ചൊരു മഴ പുറത്തേക്ക്‌
ചാറുന്നുണ്ട്‌.
വരാന്തയിലൊരു കോണിൽ
കൂനിയിരിപ്പുണ്ട്‌ മുത്തശ്ശി.
ഇടിക്കല്ലിൽ കളിയടക്ക
ഇടിക്കുന്ന ഓരോ ഇടിയിലും
ചിലവാക്കുകൾ ഞെരുങ്ങി
പുറത്തേക്ക്‌ തെറിക്കുന്നുണ്ട്‌
വക്കുടയാതെ.
“ഓനൊരു ആങ്കുട്ടിയാ
ഇന്റെ മോളെ അവൻ നല്ലോണം നോക്കും
ഇയ്ക്കതുറപ്പാ”

ഇതുപോലൊരാൾ
വടക്കേലെ വീടിന്റെ കോലായിലുമുണ്ടാകും
ചാരുകസേരയിലിരുന്ന്‌
വിരലുകൾക്കിടയിലൂടെ നീങ്ങുന്ന
ജപമാലയുടെ മുത്തുകൾക്കൊപ്പം
പുറത്തേക്കുരുളുന്ന ഉപ്പൂപ്പായുടെ വാക്കുകൾ
ഇവിടെയിരുന്നാലും കേൾക്കാം
“ഓളെന്റെ മോളാ
ഈ കൈയ്യീകെടന്ന്‌ വളർന്ന കുട്ട്യാ”

പടിപ്പുരയിലെറിഞ്ഞ കണ്ണുമായി
അമ്മ നില്ക്കുന്നുണ്ട്‌ തൂണുംചാരി
മുറ്റത്ത്‌ ജീപ്പിന്റെ ചക്രം വരച്ച
ചാലുകളിലൂടെ ഉരുൾപൊട്ടുന്ന
കുത്തൊഴുക്കിലേക്ക്‌ നോക്കി
അച്ഛനിരിപ്പുണ്ട്‌
ഒട്ടും ചിതറാതെ.

അമ്മമാരെല്ലായിടത്തും ഒരുപോലെ
റോഡിലേക്ക്‌ നീളുന്ന കണ്ണുമായി
അവിടേയുമുണ്ടാകുമൊരുമ്മ
ടെലിഫോണിന്റെ ചിലമ്പലിനപ്പുറം
നിശബ്ദ്ധതയുടെ മരുഭൂമിയിൽ
പൊള്ളാതെയിരിക്കുന്നുണ്ടാവുമൊരു​പ്പ.

അങ്ങാടിയിലുമുണ്ടാകും
രണ്ടു കൂട്ടങ്ങൾ
രാകിമിനുക്കി കൂർപ്പിച്ച്‌
പൊട്ടാൻ പാകത്തിന്‌
വെടിമരുന്ന്‌ നിറച്ച്‌
കത്തുന്ന കഴുകൻ കണ്ണുകളുമായി
ഒരു കൂട്ടം ജോസേട്ടന്റെ കടയുടെ
മുന്നിലുണ്ടാവും
മറ്റൊരു കൂട്ടം വായനശാലക്കു മുൻപിലും
കടയുടെ ഷട്ടറിടാൻ
പാകത്തിന്‌ പുറത്തു നിക്കുന്നുണ്ടാവും
ജോസേട്ടൻ.

മുത്തശ്ശി നീട്ടിതുപ്പിയത്
മഴയിലലിഞ്ഞ്
മുറ്റത്തു പടർത്തുന്ന ചുവപ്പിൽ
കുതിച്ചോടുന്ന ഒരു തീവണ്ടിയുംനോക്കി
ഞാനിരിക്കുന്നുണ്ട് തിണ്ണയിൽ
ഒരു മോർച്ചറിയിലെ
പ്രണയപ്പോരാളികളുടെ
നിലവിളിയും കേട്ട്
ഒറ്റക്ക്.

2012 ജൂൺ 18, തിങ്കളാഴ്‌ച

വീടുണ്ടാക്കുന്നത്.....

അടുത്തടുത്തിരിക്കുകയായിരുന്നു നമ്മൾ
നീ പറഞ്ഞുകൊണ്ടേയിരുന്നു
ഞാൻ കേഴ്വിക്കാരനും
പിന്നെ നീ വാക്കുകൾ
പ്രണയത്തിൽ ചുട്ടെടുക്കാൻ തുടങ്ങി
അപ്പോൾ ഞാനതെല്ലാം എടുത്ത്‌
ശ്രദ്ധയോടെ പെറുക്കിവെച്ചു
എന്നാൽ ചുമർവെച്ച്‌ മേല്ക്കൂരയിട്ടപ്പോഴേ
നീ ഉറങ്ങിപ്പോയി
എന്നാൽ ഞാനോ
ചുമരിനുചാന്തിട്ട്‌ ജനലും കട്ടിളയുംവെച്ച്‌
നിനക്കിഷ്ട്ടപെട്ട ചുവപ്പുനിറത്തിൽ
തറയോടുകൾ പാകി
വാതിലടച്ച്‌ കാത്തിരിക്കുകയായിരുന്നു
അവസാനം ഉറക്കമുണർന്നപ്പോൾ
തറയിലെ ചുവപ്പുനിറത്തിലേക്കു നോക്കി
നീ അലമുറയിടുന്നു
ഇതാണു ഞാൻ പറഞ്ഞത്‌
വീടൊരു വിരഹച്ചൂളയാണ്‌
പ്രണയം വെട്ടിക്കീറി കത്തിച്ച്‌
ചുട്ടെടുക്കുന്ന സ്വപ്നങ്ങൾ
അടുക്കിവെച്ച വികാരച്ചൂളയാണെന്ന്‌...

2012 മാർച്ച് 16, വെള്ളിയാഴ്‌ച

വേട്ടക്കാരന്റെ പാട്ട്‌



നിലാവിന്റെ പൂന്തോട്ടം
ഒഴുകിയിറങ്ങുന്ന കാഴ്ച്ചകൾ
ഒടുവിലെത്തിനില്ക്കുന്നത്
നിയോൺ രശ്മികൾ അടയാളപെടുത്തിയ
വെയിൽ വറ്റിയ ഇരുണ്ട
താഴ്വാരങ്ങളിൽ നിന്ന്
മുളചീന്തുന്ന രോദനം
നേർത്ത് നേർത്ത്
നാലു ചുവരുകൾക്കുള്ളിൽ
സിത്താറിന്റെ ഈണമായി
തബലയുടെ ചിറകടിയായി
ഗസലിന്റെ വെളുത്ത ധൂമങ്ങൾക്കിടയിൽ
നൂപുരങ്ങളിളക്കി ആടുകയായിരുന്നു

മായക്കാഴ്ച്ചകൾ അവസാനിക്കുന്നില്ല
വീണ്ടും മറ്റൊരിടം
അതേ ചുവരുകൾ
നനുത്ത തണുപ്പ്
അരണ്ട വെളിച്ചം
നീൽ യങ്ങിന്റെ ആ പഴയ ഗിത്താർ
തുടിക്കുന്നുണ്ട്..പതിയെ
സൗഹൃദത്തിന്റെ പീഡനകാലം കഴിഞ്ഞു
മൗനം തിളച്ചിരുന്ന വാക്കുകൾ
തണുത്ത് കട്ടപിടിച്ച്
നേർത്ത മഞ്ഞായിപെയ്തപ്പോൾ
അലിഞ്ഞു പോകുകയായിരുന്നു നമ്മൾ

ഇന്ന് നഗരവെയിൽ തളംകെട്ടിയ
ഈ സ്റ്റേഷൻ മുറിക്കുള്ളിൽ
തിരിച്ചറിയപെടാൻ തീരെ ആഗ്രഹിക്കാത്ത
പല മുഖഃങ്ങൾക്കിടയിൽ
ഒരു തിരിച്ചറിയലിന്റെ പച്ചപ്പിൽ
നാളെ കോടതിവരാന്തയിൽ
ഫ്ലാഷുകൾ തീർക്കുന്ന നാടകാന്ത്യത്തിൽ
പതംപറച്ചിലിന്റെ സാധ്യതകളുള്ള
ഒരു ഡയലോഗുരുവിട്ടുകൊണ്ട്
ഞാൻ......
...“നമ്മൾ പ്രണയിക്കുകയായിരുന്നു പെണ്ണേ”...

2012 ജനുവരി 7, ശനിയാഴ്‌ച

ഉയരങ്ങളിലേക്ക് നഷ്ടപെടുന്ന സ്വപ്നങ്ങൾ.

ഈശാന കോണിൽ
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്‌,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.

പച്ചയായ ജീവിതങ്ങളിലേക്ക്‌
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.

ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്‌
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്‌
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്‌
കാതോർക്കാൻ.

അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത്‌ അവനും
ഒന്നാംനിലയിലേക്ക്‌ കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്‌
അവളേയും ചേർത്തു പിടിച്ച്‌
സമതലങ്ങളിൽനിന്നും മുകളിലേക്ക്‌..
ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വരിമുറിഞ്ഞുപോയത്...

വരിമുറിഞ്ഞു പോയവരെ പറ്റി
പറയുംമ്പോൾ
ഉറുമ്പുതീനികളുടെ
നാവ് നീണ്ട് നീണ്ട്
ഇടുങ്ങിയ ഗുഹാമുഖങ്ങൾ
കടന്ന് വഴിത്താരകൾ
നിറയുന്നു.

അജഗണങ്ങൾക്ക് പിറകെ
നടന്നൊരാൾ കാണാതെപോയതൊന്നിനെ
തേടി അലയുന്നു.
കൊട്ടാരകെട്ടിന്റെ നിറവിന്റെ
ഇടനാഴിയിൽനിന്നൊരാൾ
ബോധിമരത്തിന്റെ
നിർമ്മമതയിലേക്ക് കടന്നിരിക്കുന്നു.
കാടിന്റെ വന്യമായ
താളം മറന്നൊരാൾ
ക്രൌഞ്ചപക്ഷിയുടെ രോദനം
കേഴ്ക്കുന്നു.
മരുക്കാട്ടിലെ മരുപ്പച്ചകൾ
തേടിയലഞ്ഞവർക്കിടയിൽനിന്നൊരാൾ
മാനവികതയുടെ സന്ദേശവുമായെത്തുന്നു.

വരിമുറിഞ്ഞുപോയവരെ കുറിച്ചു
പറയുമ്പോൾ-
വരിയുടഞ്ഞവരും വരിയിലില്ലാത്തവരും
വരിയിലേക്കു കടന്നിരിക്കുമ്പോൾ
ഉയരുന്ന ചരിത്രത്തിന്റെ
നിലവിളി
മാതൃഹൃദയങ്ങളിൽ
കനൽകോരിയിട്ട്
മാറിടങ്ങളിൽ ഇനിയും ഉണങ്ങാത്ത
ഉമിനീരവശേഷിപ്പിച്ച്
പടനിലങ്ങളിലേക്ക്
തോളെല്ലുയർത്തി കടന്നുപോയവരെ
ഒട്ടും അലോസരപെടുത്തുന്നില്ല പോലും.....

2011 ജൂലൈ 2, ശനിയാഴ്‌ച

ഇവിടെ ഇങ്ങിനെ ഒരു മരം.

പണ്ട്
ഇവിടെയൊരു മരം
തീ നിലാവിന്റെ കമ്പിളിപുതച്ച്
ഗതകാലത്തിന്റെ പശിമയുള്ള
മണ്ണടരുകൾക്കടിയിൽ
കറുകറുത്ത കൊഴുകൊഴുത്ത
ഉഷ്ണരക്തം ഒഴുക്കുന്ന
കരിക്കട്ടയായി.

പിന്നെ
വെട്ടിയരിഞ്ഞ് അരച്ച്
പൾപ്പാക്കി നെയ്ത്
വിരഹത്തിന്റെ കണ്ണുനീരിൽ
നനഞ്ഞു കുതിർന്ന്.

ഇന്ന്
ചില്ലകളിൽനിന്നും
തായ്ത്തടിയിലേക്കു വരച്ച
നേർരേഖയിലൂടെ
ഹൃദയത്തിന്റെ തരംഗങ്ങളായി
മക്കളെത്തുമ്പോൾ
മന്ദമാരുതനാൽ ഒന്നുലഞ്ഞ്
ചെറുതായി പെയ്ത്
അങ്ങിനെ ചന്നം പിന്നം-

പിന്നിട് അവളെത്തുമ്പോൾ
രൗദ്രകാമനകളുരഞ്ഞ്
പുറംതോടടർന്ന്
ശിഖിരങ്ങളിൽ തീ പടർത്തി
മരുഭൂമിയിലൊരു തീ മരമായി-

അതിനുമപ്പുറം
തലപെരുപ്പിക്കുന്ന ന്യായങ്ങളുമായി
അമ്മയെത്തുമ്പോൾ
വിറച്ചുതുള്ളി
കൊടുംങ്കാറ്റായി ആഞ്ഞടിച്ച്
അവസാനം അരിവാൾതോട്ടിയാൽ
സ്വയം മുറിപ്പെട്ട്-

അനന്തരം
ദുഃഖവെള്ളിയുടെ
വീണടിഞ്ഞ കറുത്തകുരിശുമായി
വിലാവിലെ മുറിപ്പാടുമായി
ദുഃഖശനിയുടെ നൈര്യന്തര്യത്തിലേക്ക്
ഉയിർക്കപെട്ട്-

മരം ഒരുമരമായിങ്ങനെ
ഇലകൾ പൊഴിച്ച്
ആകാശത്തിലേക്കു നീട്ടിയ
ശിഖരങ്ങളുമായി
ഒരു തീ മിന്നലിനെ
കാത്ത് എത്രനാൾ??

2011 ജൂൺ 1, ബുധനാഴ്‌ച

വിലാപങ്ങളുടെ മരുഭൂമി

വായനശാലയുടെ
മതിലിലേക്ക് ചാഞ്ഞുനില്ക്കുന്ന
പൂമരത്തോട് ചാരിയിരുന്നാൽ
നേരേ കാണുന്നത്
ജോസേട്ടന്റെ പെട്ടികട.

പൂമരച്ചോട്ടിൽ ഒഴുകിപരന്ന
രുധിരശോണിമയിൽ
കൗമാരത്തിന്റെ അസുരതാളം
ചെമ്പടയിൽനിന്ന് കൊട്ടികയറുമ്പോൾ..
ജോസേട്ടാ..ഒരു കെട്ട് വെള്ള കാജാ...
പിന്നൊരു പോപ്പിൻസും.
ഭരണിയിലേക്ക് സഞ്ചരിച്ച
കൈ ചോക്ലേറ്റ് റാക്കിനടിയിൽ
ഒരു നിമിഷം
അലിഞ്ഞില്ലാതായിപോയോ..

പതികാലം കഴിഞ്ഞ്
കൗമാരത്തിന്റെ അടന്തക്കൂറ്‌
എൽ പി സ്കൂളിലെ
ശങ്കരൻ മാഷ്ടെ നാലാം ക്ലാസിലെ
ബ്ലാക്ക് ബോർഡിലെ ഇരുട്ടിനൊപ്പം
പതിഞ്ഞ താളത്തിൽ
ഗ്ലാസുകളിൽ നിറയുമ്പോൾ
അഴികളില്ലാത്ത ജനാലപടിയിലിരുന്ന്
മഴയുടെ തണുപ്പിലേക്ക്
കൈകൾ നീട്ടുമ്പോൾ
നിസ്സഹായതയുടെ
നിന്റെ കണ്ണുനീർ
എന്റെ കൈവിരലുകളെ
പൊള്ളിച്ചിരുന്നു
കൊട്ടികലാശത്തിന്റെ പെരുക്കങ്ങൾ
മരവിച്ചിരുന്നു
ഇന്ന് ആദ്യത്തെ
ചിയേഴ്സ് വിളിക്കാൻ
ഞാനെന്തേ മറന്നുപോയോ..

വിലാപങ്ങളുടെ ഈ മരുഭൂവിൽ
ജീവിതത്തിന്റെ മരുപ്പൂ
തിരയുന്നവരോട്
ഒരപേക്ഷ
നിങ്ങൾക്ക് ലഭിക്കുമ്പോൾ
ഈയുള്ളവനേയും
അറിയിക്കണേ...

2011 മേയ് 3, ചൊവ്വാഴ്ച

നീ ഉൾക്കടലായപ്പോൾ ഞാൻ..

നീ എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു
കരയെടുക്കുന്ന തിരമാലകളില്ലാതെ
മുഴങ്ങുന്ന ഹുംങ്കാരങ്ങളില്ലാതെ
കുഞ്ഞോളങ്ങളുമായി..
നിനക്കിതെങ്ങിനെ കഴിയുന്നു.

ഇന്നലേയും കൂടി ടെലിഫോണിലൂടെ
ആഞ്ഞടിച്ച അക്കപെരുക്കങ്ങളുടെ
എന്റെ കടലിലെ
ക്ഷോഭിച്ച തിരകളെടുത്തത്
ജീവിതത്തിന്റെ പച്ചപ്പുള്ള
ഒരു തുരുത്തിനെയായിരുന്നു
പാലങ്ങൾ തീർത്ത്
വൻകരയോട് ചേർന്ന് നിന്നിരുന്ന
ഒരു കുഞ്ഞ് തുരുത്തിനെ.

അതിജീവനത്തിന്റെ കേവുഭാരവുമായി
നിന്റെ നെഞ്ചകങ്ങൾ താണ്ടിയ
പ്രതീക്ഷകളുടെ
ചവർപ്പാർന്ന ഉപ്പറിഞ്ഞ്
ഞങ്ങളുടെ ഹൃദയത്തിന്റെ
ഉൾക്കടലിലേക്ക് കൈനീട്ടി
മൗനത്തിന്റെ വിശാലതയിൽ
മൃദുവായ പദചലനങ്ങളോടെ..
നിനക്കിതെങ്ങിനെ കഴിയുന്നു.

അക്ഷരങ്ങളുടേയും അക്കങ്ങളുടേയും
ഗുണകോഷ്ഠങ്ങൾ ഉള്ളിലടക്കി
ഉള്ളിലേക്കു തന്നെ ഒതുങ്ങി
നിനക്കെത്രനാൾ
ഉൾക്കടൽമാത്രമായ് ഇങ്ങനെ...

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

ഇന്നലെകളില്ലാത്ത നാളെകൾ

കലണ്ടറിലെ ചുവപ്പും കറുപ്പും
കളങ്ങളിൽ ചത്തുകിടക്കുന്ന
ഇന്നുകളേയും നാളെകളെയും
തണുപ്പിച്ച് ക്യൂബുകളാക്കി
ഗ്രിഗറി മുത്തപ്പനൊപ്പം
അലിയിക്കുമ്പോൾ
ഞാൻ ഇന്നുകളിലായിരുന്നു
നാളെകളില്ലാത്ത ഇന്നുകളിൽ
ഗ്രിഗറി മുത്തപ്പനാകട്ടെ
ഒന്നാം യാമത്തിലെ
നിലനില്പ്പിന്റെ ഇന്നുകളുടെ
പതിവു കഥകളിലും.

മേശപ്പുറം നിറയുന്ന
അസ്ഥിത്വം തേടുന്ന വരപ്പുകളും
ഫയലുകൾ നിറയുന്ന അസ്ഥിരതയുടെ
വിശദീകരണ കുറിപ്പുകളും കടന്ന്
പ്രോജക്റ്റ് കംമ്പ്ലീഷെനെന്ന
മഹാമേരുവിൽ വെന്നിക്കൊടി നാട്ടി
ഗ്രിഗറി മുത്തപ്പൻ മൂന്നാംയാമത്തിലെ
അവസാന കഥയിലേക്കിറങ്ങുമ്പോൾ
ഞാൻ നാളെകളിലേക്ക്
വീണുപോകുകയായിരുന്നു.

വീടു ലോണും പോളിസികളും
ലീഡേഴ്സ് കുറീസും പറ്റുപുസ്തകങ്ങളും
മക്കളുടെ സ്കൂളും ആശുപത്രികളും
അനിയനിൽ അടിച്ചേല്പ്പിച്ച പ്രതീക്ഷകളും
അടച്ചു തീരാത്ത ബില്ലുകളും
പങ്കിട്ടെടുക്കുന്ന നാളെകളിലേക്ക്
ഞാൻ വീഴുംമ്പോൾ
മുൻപേ പോയൊരാൾ
കല്ലറയിൽ ചിരിക്കുന്നു.

ഐസ് ക്യൂബുകൾ തീർന്നു
പിന്നെയും നാളെയുടെ
കളങ്ങൾ ബാക്കികിടക്കുന്നു
ഇനി ബാക്കി നാളെയാവാം
ഗ്രിഗറി മുത്തപ്പനൊപ്പം ഉണരാം
ഇന്നലെകളില്ലാത്ത നാളെകളിൽ.