2013, മേയ് 4, ശനിയാഴ്‌ച

അങ്ങിനെയങ്ങിനെ ഒരു പ്രണയകാലത്ത്...


ഏറ്റവും നിരാശഭരിതമായ ഒരു രാത്രിയിൽ
എന്റെ കർത്താവേ...എന്റെ ദൈവമേ..
എന്നിങ്ങനെയുള്ള ആർത്തനാദങ്ങൾക്കും
വിങ്ങിപൊട്ടലുകൾക്കും ശേഷം
ലൂസിഫറെന്നൊരു ഇറച്ചി
ഉണങ്ങി ചവച്ചുതിന്നാൻ പാകമായി
വെള്ളിതാലത്തിലിരുന്ന്
പടിഞ്ഞാറേ മുറിയിലേക്കോ
കിഴക്കേമുറിയിലേക്കോ
എന്ന പദപ്രശനം പൂരിപ്പിക്കവേ.....
പടിഞ്ഞാറേ മുറിയിലിരിക്കുന്നത്
ബോധിസത്വനാണ്‌
നല്ല തുടുതുടുത്ത്
വെളുവെളുത്ത ബോധിസത്വൻ
കിഴക്കേമുറിയിലിരിക്കുന്നത്
സൂര്യനാണ്. . ..... .സൂര്യൻ
നല്ല ചുകചുകന്ന സൂര്യൻ
എന്നാൽ
കിഴക്കെമുറിയിൽനിന്നും
പടിഞ്ഞാറേമുറിയിലേക്കുള്ള പ്രയാണത്തിൽ
സ്ഥിരം നഷ്ടപെടുകയായിരുന്നെന്റെ
കർമ്മം.

അന്ന് പ്രണയമൊരു കുരിശ്ശായിരുന്നു
ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി
നിസ്സഹായനായി കഴുത്തൊടിച്ച്
കുത്തനെ നിൽക്കുന്ന
ഒരു കൽക്കുരിശ്ശ്.
കല്ലാണികളാൽ മുറിപെട്ട്
രക്തമൊഴുക്കി
നിരാലംബനായി നിലവിളിച്ചുകൊണ്ട്
കുന്നിൻമുകളിലേക്ക് രക്ഷപെട്ടോടുന്ന
ഒരു മരക്കുരിശ്ശ്.
ഒരു ദുഃഖവെള്ളിയിൽ
പരിഹാര പ്രദിക്ഷണത്തിനിടയിൽ
കണ്ട സ്വപനംപോലെ
വരിതെറ്റാത്ത
ഒരു പ്രണയക്കുരിശ്ശ്.

അങ്ങിനെയിരിക്കെ അന്ന് വൈകീട്ട്
ആർക്കും മനസ്സിലാകാത്ത ഒരു കവിത
എഴുതണമെന്ന് കരുതി
ഡയറിയിൽ പൂച്ച എന്ന
ആദ്യത്തെ വാക്കെഴുതിയപ്പോഴാണ്‌
സെക്കന്റ് ഫ്ലോറിലെ രണ്ടാം നംമ്പർ ഫ്ലാറ്റിലെ
നീലകണ്ണുള്ള പൂച്ച
ചാരിയിട്ട വാതിൽ മെല്ലെ തള്ളിതുറന്ന്
മേശക്കാലിനടുത്തുവന്ന്
മ്യാവൂ എന്ന് ആകുലപെട്ടത്.
അപ്പോൾ ഡയറിയിൽ കിടന്നിരുന്ന
എന്റെ പൂച്ച ഒന്ന് മൂരിനിവർന്ന്
വരകളിലേക്ക് കാലുകൾ നീട്ടി
ശരീരമൊന്ന് കുടഞ്ഞ്
മേശപ്പുറത്തുനിന്ന് താഴോട്ടു ചാടി
മ്യാവു.. മ്യാവൂ എന്ന് ആശ്വസിപ്പിച്ച്
പുറത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്‌
അടുത്തതായി എഴുതുന്ന വാക്ക് തത്തമ്മയെന്നാണെന്ന്
ഞാൻ പറഞ്ഞത്
അത് കേട്ടപ്പോഴാണ്‌
പുറത്തേക്ക് പോയികൊണ്ടിരുന്നവർ
മത്സരിച്ചോടി വന്ന്
മേശപ്പുറത്ത് കയറി വീണ്ടും
കവിതയിലെ രണ്ട് വാക്കുകളായി
അനുസരണയോടെ കിടന്നത്
തത്തമ്മേ പൂച്ച പൂച്ച...


6 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി


"അങ്ങിനെയങ്ങിനെ ഒരു പ്രണയകാലത്ത്..."

ajith പറഞ്ഞു... മറുപടി

പിന്നെയെല്ലാം തത്തമ്മേ പൂച്ച പൂച്ച

Unknown പറഞ്ഞു... മറുപടി

കുരിശിന്‍റെ നിര്‍വചനം പോലെ തത്തമ്മ പൂച്ചയെ തേടി ..

സൗഗന്ധികം പറഞ്ഞു... മറുപടി

ഈ കവിത മനസ്സിലായി.കൊള്ളാം

ശുഭാശംസകൾ...

Njanentelokam പറഞ്ഞു... മറുപടി

ഇങ്ങനെ ഓരോ കഥാപാത്രങ്ങളും വരാന്‍ തുടങ്ങിയാല്‍ .................

Kalavallabhan പറഞ്ഞു... മറുപടി

ആർക്കും മനസ്സിലാകാത്ത ഒരു കവിത
എഴുതണമെന്ന്...