2013, മാർച്ച് 20, ബുധനാഴ്‌ച

ഉറുമ്പുകൾ അഥവാ സാമൂഹ്യജീവികൾ


ഞാൻ മയിസ്രേട്ട് കൃഷ്ണന്റെ രണ്ടാമത്തെ പുത്രൻ, നാട്ടുകാരൊക്കെ മൂക്കൻപപ്പനെന്നു വിളിക്കുന്ന പദ്മനാഭൻ.എന്നാൽ നിങ്ങളെന്നെ സയന്റിസ്റ്റ് പപ്പനെന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ ഈ മുപ്പത്തിയാറു വർഷത്തെ ജീവിതത്തിനിടയിൽ കാര്യമായൊരു പണിക്കും പോയതായി എനിക്ക് ഓർമയില്ല. എന്നാൽ അങ്ങിനെ തറപ്പിച്ച് പറയാനും കഴിയില്ല കാരണം നാലുമാസത്തെ ഇലട്രിസിറ്റി ആപ്പീസിലെ കരാറുപണിക്കാലത്താണ് ഞാനെന്നെ തിരിച്ചറിയുന്നതും എന്റെ പ്രവൃത്തനമണ്ഠലമിതല്ലെന്ന് മനസിലാക്കുന്നതും. അതിനുശേഷമാണ് ഞാൻ കുറുപ്പംവീട്ടിൽ, അതായത് എന്റെ വീട്ടിൽ എന്റെ സ്വന്തം ചിന്തകളുമായി മൽപിടുത്തം തുടങ്ങുന്നത്. അന്ന് മുറതെറ്റാതെ നടന്നിരുന്ന ഒരു കാര്യം ബീമുട്ടിയുമ്മയുടെ ചായക്കടയിലെ രാവിലത്തെ ചായയും പിന്നെ നാലുമണിക്കുള്ള ചായയും കടിയും കൂടാതെ കൃത്യമായ ഇടവേളകളിലെ ദിനേശ് ബീഡിയൂത്തുമായിരുന്നു. മറ്റൊന്ന് വായനയായിരുന്നു. ചായക്കടയിലെ മാതൃഭൂമിയും വീട്ടിലെ ദേശാഭിമാനിയും. അക്കാലത്ത് മയിസ്രേട്ട് കൃഷണനേട്ടന് ദേശാഭിമാനിയില്ലാത്ത ജീവിതം സങ്കല്പ്പിക്കാൻ പോലുമാകുമായിരുന്നില്ല. പിന്നെ വായനശാലയിലെ വാലൻപുഴുക്കൾ കയറിയതും അല്ലാത്തതുമായ പുസ്തകങ്ങളും.

അങ്ങിനെയിരിക്കെയാണ് ഞാൻ നിധിതേടിപോകുന്ന ഒരു ആട്ടിടയെനെകുറിച്ച് വായിക്കാനിടവന്നത്. അന്നുമുതൽ ഉരുക്കഴിയുന്ന എന്റെ ചിന്തകളിലെല്ലാം ഒരു നിധിയുണ്ടായിരുന്നു. എന്നാൽ ഞാൻ ആലോചിച്ചിരുന്നത് അതിനെ തേടിപിടിക്കുന്നതിനെകുറിച്ചല്ല മറിച്ച് എന്നെ തേടി വരുന്ന ഒന്നിനെ കുറിച്ചായിരുന്നു. ഉറക്കം നഷ്ടപെട്ട രാത്രികൾ. പൊതുവേ അലസമായ പകലുകൾ വീണ്ടും മന്ദഗതിയിലാവുന്നത് ഞാൻ അറിയാതെയല്ലാ.എന്നാൽ എവിടെനിന്ന് തുടങ്ങും എന്നറിയാതെ പരവേശപെട്ട് പുരയിടത്തിലെ ഓരോ ഇഞ്ചിലും ചെന്നെത്തുന്നതല്ലാതെ പകലുകൾ ഒന്നും കാണിച്ചുതന്നിരുന്നില്ല. അപ്പോൾ പിന്നെ ആശാഭരിതമായ അന്വേഷണങ്ങളെ നിലാവുകൾ അപഹരിക്കാൻ തുടങ്ങി. കൃഷ്ണേട്ടനും അപ്പൂപ്പനും കോടതിയിലെ ഗുമസ്ഥ പണിയാൽ നേടിയതൊന്നും നഷ്ടപെടുത്താതെ കൂട്ടിവെച്ചതിനാൽ എന്റെ തിരച്ചിലുകൾക്കു മുൻപിൽ ഒരു നാലേക്കർ പുരയിടം പെരുമലയുടെ താഴ്വാരങ്ങളോളം നീണ്ടു കിടന്നു.

പകലുകളിലുള്ള എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആ നാളുകൾ ഉരുകിതീരുകയായിരുന്നു. എന്നാലും കിഴക്കേ അതിരിലെ പാലപ്പൂവുകൾ മണം പൊഴിക്കുന്ന രാത്രികളിൽ മിന്നാമിന്നികൾ മിന്നിതെളിയുമ്പോൾ അതിലൊരു വലിയ വെളിച്ചത്തെ വഴികാട്ടിയായി സങ്കല്പ്പിച്ച് ഞാൻ പറമ്പിന്റെ എല്ലാ മൂലകളിലും അലഞ്ഞുനടന്നു

അങ്ങിനെ മാസങ്ങളായുള്ള അലച്ചിലിനൊടുവിൽ അതെന്നെ തേടിവരുകതന്നെ ചെയ്തു. അത്ഭുതമായത്, പ്രതീക്ഷകൾ കൈവിട്ട ഒരു പകലിലാണ് അത് എന്നെ തേടിവന്നത് എന്നതാണ്. അശാന്തമായൊരു പകൽമയക്കത്തിൽ അമ്മൂമ്മ വന്നെന്നെ വിളിക്കുകയായിരുന്നു.

“പപ്പാ..നീയിതെവിടെയൊക്കെയാണ് തിരയുന്നത്?
നീയെന്തേ എന്റടുത്ത് വന്നില്ല! ഞാൻ കാണിച്ചു തരില്ലായിരുന്നോ കുട്ടന്......?
നീ കേട്ടിട്ടില്ലേ നഷ്ടപെട്ട ജീവിതങ്ങളിലെ ഒരിക്കലും തിളക്കം നഷ്ടപെടാത്ത കണ്ണുകളാണ് നിധികളായി മാറുന്നതെന്ന്??”

അമ്മൂമ്മയുടെ കണ്ണുകളിലെ തിളക്കം വീണ്ടും വീണ്ടും എന്റെ കണ്ണുകളിൽതട്ടി ചിതറവേ പകലുറക്കം മുറിഞ്ഞ് ഞാനെഴുന്നേറ്റു. പറമ്പിന്റെ മൂലയിൽ അമ്മൂമ്മയുറങ്ങുന്ന കള്ളിപാലയുടെ ചുവട്ടിലേക്ക് നടന്നു. അമ്മൂമ്മയവിടെ ഒറ്റക്കാണ് കാരണം കൃഷ്ണേട്ടന്റെ അച്ചൻ അതായത് എന്റെ അപ്പൂപ്പൻ ഒരു രാത്രിയിൽ പുറപെട്ടുപോകുകയായിരുന്നത്രേ. വിളക്കും തിരിയുമെല്ലാം എന്നോ നിന്നുപോയതാണ് എന്നാലും ഈ പുതിയ വെളിപാടിൽ ഉലഞ്ഞ ഞാനവിടെ എന്തെല്ലാമോ പ്രത്യേകതകൾ കണ്ടു. അമ്മൂമ്മ പറഞ്ഞതനുസരിച്ചാണെങ്കിൽ തലയ്ക്കൽനിന്നുതന്നെ തുടങ്ങണം എന്ന് മനസ്സിൽ കരുതി തിരിച്ചുപോന്നു.

അന്ന് വൈകീട്ട് അങ്ങാടിയിൽ മുരുകന്റെ ആലയിൽചെന്ന് രണ്ട് കൈകോട്ടും ഘനമുള്ളൊരു പിൿആക്സും വാങ്ങിയാണ് തിരിച്ചുപോന്നത്.അന്നത്തെ രാത്രിയ്ക്ക് കൂടുതൽ തെളിച്ചമുള്ളതുപോലേ തോന്നി. രാത്രി മുറ്റത്തേക്കിറങ്ങി പറമ്പിന്റെ തെക്കോട്ടുനോക്കിയപ്പോൾ കള്ളിപാലയ്ക്കു താഴേ മിന്നാമിനുങ്ങുകളുടെ ആകാശവും ഭൂമിയും. ഇത്രയും നാളത്തെ അന്വേഷണത്തിനിടയിൽ ഞാനെന്തേ അവിടെ എത്തിയിരുന്നില്ല എന്ന് വെറുതേ ചിന്തിച്ചുകൊണ്ട് നാളേ സൂര്യനുദിക്കും മുൻപേ പണിതുടങ്ങണം എന്ന് മനസ്സിലുറപ്പിച്ച് സ്വസ്ഥമായി ഉറങ്ങി.

നേരത്തേയെഴുന്നേറ്റ് പെട്ടന്നുതീർത്ത പ്രഭാതകർമ്മങ്ങൾക്കുശേഷം വർദ്ധിച്ചൊരുൽസാഹത്തോടെ കള്ളിപാലയ്ക്ക് ചുവട്ടിലെത്തി കരിയിലകൾ നീക്കാൻ തുടങ്ങി. പാലമരത്തിനു ചുവട്ടിൽനിന്നൊരു ചേര ശരംവിട്ടപോലേ പാഞ്ഞുപോയി. കരിയിലകൾക്കിടയിൽനിന്ന് പുറത്തു ചാടിയ ഒരു ഓന്ത് ധിറുതിയിൽ പാലമുകളിലേക്ക് കയറി. ഉറുമ്പുകളുടെ ഒരു കൂട്ടം ആവാസവ്യവസ്ഥിതിയിൽ വന്ന മാറ്റത്തിൽ പ്രതിഷേധിച്ച് അവിടമാകെ പരന്നു. ഞാൻ കൈക്കോട്ടെടുത്ത് പുലർകാല മഞ്ഞിന്റെ നനവുള്ള മേൽമണ്ണ് നീക്കാൻ തുടങ്ങി. മണ്ണിരകൾ പുളഞ്ഞുകുത്തി ആഴങ്ങളിലേക്ക് പോകാൻ വൃഥാശ്രമം നടത്തികൊണ്ടിരുന്നു. ഏതൊരു രീതിയിലും നിധി നഷ്ടപെടരുതെന്ന ചിന്തയിൽ ആദ്യം ഓർമ്മയിലെത്തിയത് ആറടി നീളമായിരുന്നു അതിനാൽ തന്നെ വീതിയും ആറടിയാകാമെന്ന് തീരുമാനിച്ച് കുഴിയെടുക്കാൻ തുടങ്ങി.

അന്നത്തെ ദിവസം ഉച്ചകഴിഞ്ഞപ്പോൾ തന്നെ മേൽമണ്ണ് മുഴുവൻ കുഴിക്കു പുറത്തെത്തി. സായാഹ്ന സൂര്യന്റെ മഞ്ഞവെളിച്ചത്തിൽ മേല്മണ്ണ് അഴിഞ്ഞുപോയ ചെങ്കൽപാറ കുഴിക്കടിയിൽ ഉരുകിയൊലിച്ചു കിടന്നു. പിൿആക്സിനു കൊത്തി അടരുകളായി പൊളിച്ചെടുത്ത ചെങ്കൽപാളികൾ കുഴിക്കു മുകളിലെത്തിക്കുന്നതിന്റെ കാഠിന്യം എന്നെ തളർത്തിയതിനൊപ്പം നാളെയൊരു കപ്പിയും കയറും വാങ്ങാം എന്ന ചിന്തയോടെ ഞാൻ അന്നത്തെ പണിനിറുത്തി കുഴിയിൽ നിന്നും കയറി.

പിന്നീട് തുടർച്ചയായ രണ്ടുദിവസവും ഞാൻ നിതാന്തജാഗ്രതയോടെ കുഴിയെടുക്കൽ തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ നാട്ടുകാരും വീട്ടുകാരിൽ ചിലരും പലപ്പോഴായി കുഴിക്കു മുകളിലെത്തിയിരുന്നു. അവരുടെ കണ്ണുകളിലെ “ എന്തിനാ പപ്പാ ഈ കുഴി?” എന്ന ചോദ്യത്തെ “കിണർ” എന്ന ഉത്തരവുമായി നേരിടുമ്പോഴും അവരുടെയെല്ലാം, പ്രത്യേകിച്ച് നാട്ടുകാരുടെ മുഖഃത്തെ “ ചതുരത്തിലാ കിണർ കുഴിക്ക്യാ?” “അതും പോട്ടേ ഇവനെന്തിനാപ്പോ രണ്ടാമതൊരു കിണർ?” എന്നീ സംശയങ്ങളെ തീർത്തും അവഗണിച്ച് ഞാൻ ലക്ഷ്യത്തിലേക്കുള്ള പിൿആക്സ് മുനകൾ, വിരിഞ്ഞുകിടക്കുന്ന ചെങ്കൽ പാളികളിൽ ആഞ്ഞാഞ്ഞ് പതിപ്പിച്ചു കൊണ്ടിരുന്നു.

നാലാം ദിവസമായപ്പോഴേക്കും അമ്മൂമയുടെ വാക്കിൽ വിശ്വാസം നഷ്ടപെട്ടിരുന്നില്ലെങ്കില്കൂടി ചുകചുകന്ന പാറക്കൂട്ടങ്ങൾ എന്നെ തളർത്താൻ തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും കുഴിയുടെ വശങ്ങളിൽ ചാരിനിന്ന് കണ്ടെടുക്കാൻ പോകുന്ന നിധിയുടെ മായക്കാഴ്ച്ചകളിൽ ഞാൻ അടിമുടി നനയാൻ തുടങ്ങുമായിരുന്നു. കുഴിയുടെ അടിത്തട്ടിൽ പലയിടത്തും ചെവി ചേർത്ത്വെച്ച് നിധിയുടെ കിലുക്കം കേൾക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വീണ്ടെടുക്കുന്ന വിശ്വാസങ്ങളുടെ ബലം പേശികളിൽ നിറച്ച് വെട്ടിയാൽ തീ പറക്കുന്ന ആ ചെങ്കൽപാറകളെ ഞാൻ കീഴടക്കികൊണ്ടിരുന്നു.

അങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ അന്ന് ഉച്ചയൂണ് കഴിഞ്ഞിറങ്ങിയ ആദ്യത്തെ കൊത്തിൽ, സാധാരണ പുറകോട്ട് തെറിക്കുമായിരുന്ന പിൿആക്സിന്റെ മുന ചെങ്കൽ പാളിയിൽ ഒരു ദ്വാരമുണ്ടാക്കി ആഴങ്ങളിലേക്ക് പോകുകയാണ് ചെയ്തത്. ആകാംക്ഷയോടെ പിൿആക്സ് വലിച്ചൂരിയ ഞാൻ കാണുന്നത് ആ ദ്വാരത്തിൽനിന്ന് തിങ്ങിഞ്ഞെരുങ്ങി പുറത്തേക്ക് വരുന്ന ഉറുമ്പുകളുടെ ഒരു വലിയ പ്രവാഹത്തേയാണ്...കേഴ്ക്കുന്നത് ഓംകാരമടങ്ങിയ ഹുങ്കാരശബ്ദമാണ്.

ഉറുമ്പുകൾ...ഉറുമ്പുകൾക്കു പിറകേ ഉറുമ്പുകൾ!!. അവർ കുഴിയുടെ അടിത്തട്ടിൽ പരക്കാൻ തുടങ്ങി. പിന്നേയും പിന്നേയും ഉറുമ്പുകളുടെ മഹാപ്രവാഹം. കാൽവിരലിലൂടെ അവർ മുകളിലേക്ക് കയറുന്നുണ്ട്... ഉറുമ്പുകൾ എന്നെ പൊതിയുന്നത് ഞാൻ അറിയുന്നുണ്ട്... ആവാസവ്യവസ്ഥയിൽനിന്ന് ആട്ടിയോടിക്കപെട്ടവരുടെ തിരിച്ചുവരവിന്റെ മുക്രശബ്ദം ഞാൻ കേൾക്കുന്നുണ്ട്..എന്നാൽ ഞാൻ കീഴടങ്ങിയവനാണ്...സ്വഭാവികമായ അധിനിവേശമാണ് ഉറുമ്പുകൾ നടത്തുന്നത്. അനുവദിച്ചുകൊടുത്തില്ലെങ്കിലും അവരത് നടപ്പാക്കുമെന്ന് എനിക്കറിയാം.

ഒന്നും ചെയ്യാനില്ലാതെ, ആമാശയത്തിൽ ബാക്കിയായ വറ്റുകൾ പങ്കിട്ടെടുക്കുന്നവരുടെ, തലയോട്ടിക്കുള്ളിലെ മടക്കുകൾ കീഴടക്കുന്നവരുടെ, എല്ലിൻകുഴലിലെ മജ്ജയിൽ തേരോട്ടം നടത്തുന്നവരുടെ, ചിട്ടയായ താളങ്ങളിൽ സ്വയം നഷ്ടപെട്ട് ഞാനാകുഴിയിൽ അഴിഞ്ഞു വീണു..