2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന കാഴ്ചകൾ


അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
ചിറകുകൾ തളർന്ന്‌
ഒരു പുഴുവിന്റെ കുപ്പായവും തുന്നി
നാളെകളുടെ പ്രതീക്ഷയിലേക്ക്‌
ചുവരിലെ വെളിച്ചത്തിലിഴയുന്ന
ഈയ്യാംപാറ്റയായ എനിക്കുനേരേ കുതിക്കുന്ന
നീയെന്ന പല്ലിയിൽനിന്ന്‌
ജീവന്റെ അവസാനശ്വാസവും
ചിറകുകൾക്ക്‌ നല്കി
നിന്റെ അലസതയെ
തോല്പിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
നിരാലംബതയുടെ മച്ചിൽനിന്ന്‌
ജീവിതത്തിന്റെ ജനലപടിയിലേക്കിറങ്ങി
പ്രത്യാശയുടെ രൂക്ഷതയിലേക്ക്‌
ഇറങ്ങുമ്പോൾ
പല്ലിയായ എനിക്കുനേരേ കുതിക്കുന്ന
പൂച്ചയായ നിന്നിൽനിന്ന്‌
വാലുമുറിക്കാതെ ഓടി
നിന്റെ കൗതുകത്തെ
വെല്ലുവിളിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
അതിജീവനത്തിന്റെ കുപ്പതൊട്ടിയിൽനിന്ന്‌
കൈവശപെടുത്തിയ
ഏതോ പെസഹായ്ക്ക്‌ മുറിച്ചു
വിളമ്പി തീർന്നു പോകാത്ത
പുളിപ്പിന്റെ അപ്പകഷണവുമായി
തുടങ്ങാനാവാതെ പോയ
ഒരു യാത്രയിൽനിന്ന്‌
ഞാനെന്ന പൂച്ച കുതികുതിച്ച്‌
നീയാകുന്ന വാഹനത്തിന്റെ
കീഴിലരയാതെ
നിന്റെ കണക്കുകൂട്ടലുകൾ
തെറ്റിക്കുന്ന കാഴ്ച്ച

അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്‌
എപ്പോഴും തെറ്റിപോകാറുള്ള
ചില ഉത്തമ സാധാരണ ഗുണിതങ്ങളുടെ
ഉത്തരങ്ങൾ പോലെതന്നെ
ഒരു നിമിഷാർധത്തിന്റെ
നിന്റെ വളയം തെറ്റലിനപ്പുറം
പിടിവിട്ടുപോയ ഞാനെന്ന ആത്മാവ്‌
ഓർമകളുടെ
കാഴ്ച്ചയില്ലാ കൊക്കയിലേക്ക്‌
കൈകൾ വിരിച്ച്‌ പിടിച്ച്‌
പറ പറക്കുന്ന കാഴ്ച്ച

ഞാനീ അബോധത്തിന്റെ
ഗതകാലത്തുനിന്നൊന്ന്‌ കയറിവന്നോട്ടേ
നിങ്ങളീ വർത്തമാനത്തിന്റെ
പുതുകാഴ്ച്ചകളുടെ നിമിത്തങ്ങളോരോന്നും
ഇപ്പോഴേ കണ്ടുവെച്ചേക്കണേ
അപ്പോൾ ഇനിയുമുണ്ടാകാം
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകൾ

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

സാധ്യതകളുടെ തെരുവ്


അധികം വലുതല്ലാത്തൊരു തെരുവിലെ ഇരുട്ടു വിഴുങ്ങികിടക്കുന്ന ഒരു ചെറിയ ഗലിയിൽ നിന്നാണ്‌ അയാൾ ഓടിവന്ന്‌ നിരത്തിലെ നിയോൺ വെളിച്ചത്തിനു കീഴിൽ വന്നത്‌. അയാൾ വല്ലാതെ അണയ്ക്കുന്നുണ്ട്‌. ഒരുപാട്‌ ദൂരം ഓടിവന്നതു പോലേയാണ്‌ അയാൾ കിതയ്ക്കുന്നത്‌.ഒരുപക്ഷേ അയാൾ ചില പിടിച്ചുപറിക്കാരിൽനിന്ന്‌ രക്ഷപെട്ടോടി വരുന്നതായിരിക്കും. ചിലപ്പോൾ അയാൾ തന്നെ ഒരു പിടിച്ചുപറിക്കാരനാവാനും സാധ്യതയുണ്ട്‌.അതുമല്ലെങ്കിൽ അയാളൊരു കലാപത്തിൽനിന്ന്‌ ഓടിരക്ഷപെട്ട്‌ വരുന്നതായിരിക്കും.അങ്ങിനെയല്ലെങ്കിൽ അയാൾ തന്നെ ഒരു കലാപകാരിയാകാനും ഇടയുണ്ട്‌. എല്ലാം ചില സാധ്യതകൾമാത്രം. എന്തായാലും അയാൾ ധരിച്ചിരുന്നത്‌ മുഷിഞ്ഞ ജീൻസും ടീഷർട്ടുമായിരുന്നു.രണ്ടുദിവസം മുൻപേ ഷേവുചെയ്തപോലത്തെ മുഖവും. വേണമെങ്കിൽ അയാൾക്ക്‌ താടി നീട്ടി വളർത്തി നീളൻകുപ്പായമണിയാമായിരുന്നു.അതല്ലെങ്കിൽ അയാൾക്ക്‌ നെറ്റിത്തടത്തിൽ നീളത്തിലൊരു കുങ്കുമക്കുറിയും കാവിവസ്ത്രവും ആകാമായിരുന്നു. അതും മറ്റു ചില സാധ്യതകൾ തന്നെ. എന്നാൽ ഈ വെപ്രാളത്തിനിടയിലും അയാളുടെ മുഖത്തൊരു ഗ്രഹാതുരത തങ്ങിനില്ക്കുന്നുണ്ട്‌.

വെയിലുരുകികിടക്കുന്ന ആ നാട്ടുവഴിയിൽനിന്ന്‌ പഴമ മണക്കുന്ന ആ വീടിന്റെ ഇടിഞ്ഞുതുടങ്ങിയ പടിപ്പുര കടന്ന്‌ പോകുന്നത്‌ അയാളുടെ അച്ഛനായിരിക്കും. മുറ്റത്ത്‌ പനമ്പിലുണങ്ങുന്ന നെല്ലു ചിക്കുന്നത്‌ മിക്കവാറും അമ്മയായിരിക്കും.വീട്ടിലേക്കു ചെല്ലുന്ന അച്ഛൻ പറയുന്നത്‌ കോൾപടവിൽ വന്ന മില്ലുകാരുടെ ധാർഷ്ട്യത്തെപറ്റിയായിരിക്കും. അല്ലെങ്കിൽ നഗരത്തിൽ ഉണരുന്ന കലാപത്തിന്റെ നാൾവഴികളായിരിക്കും. അമ്മയ്ക്കു പറയാനുള്ളത്‌ പെരുമലയിലെ ശിവന്റെ അമ്പലത്തിലെ മറന്നുപോയ വഴിപാടുകളായിരിക്കും അതല്ലെങ്കിൽ മറന്നു പോയൊരു ജാറം മൂടലോ അതുമല്ലെങ്കിൽ സെബസ്ത്യാനോസ്‌ പുണ്യാളന്റെ അമ്പെടുത്തു വെക്കലായിരിക്കും. എല്ലാം ഒരോ സാധ്യതകൾ മാത്രം. അതിനപ്പുറം അമ്മ ആലോചിക്കുന്നത്‌ അവളെ പറ്റിയായിരിക്കും

അവളിപ്പോൾ മഹാരാജാവിന്റെ നാമധേയത്തിലുള്ള പട്ടണത്തിലെ കോളേജിൽ ചരിത്രക്ലാസ്സിലിരിക്കുകയായിരിക്കും. കഥകൾ ചരിത്രമാകുന്ന നിർമിതികൾ കാണാപാഠം പഠിക്കുകയാവും. അതുമല്ലെങ്കിൽ നഗരത്തിലെ ഏതോ ഉദ്യാനത്തിൽ കൂട്ടുകാർക്കൊപ്പം വെറുതെയിരുന്ന് കലപില കൂട്ടുകയായിരിക്കും. ചിലപ്പോൾ കോളേജിലെ ലൈബ്രറിയിലെ ഇടനാഴിയിലെ മൗനത്തിന്റെ നിഴലുകളാൽ അലോസരപെട്ട് പി ജി യിലെ ബുദ്ധിജീവിനാട്യക്കാരനെന്ന് അവൾതന്നെ വിശേഷിപ്പിക്കാറുള്ള ഒരുവനുമായി ബുദ്ധമത നിഷ്കാസനത്തെപറ്റി കുശുകുശുക്കുകയാവും. ഇതെല്ലാം പലപല സാധ്യതകൾ തന്നെ.

ഇങ്ങനെയിരിക്കലും ജാരനെന്ന് പേരുള്ള അവൻ ചിന്തിക്കുന്നത് മിക്കവാറും വൈകുന്നേരത്തെ രഹസ്യ മീറ്റിങ്ങിനെ കുറിച്ചാവും. അതല്ലെങ്കിൽ അതിനുശേഷം നടക്കുന്ന പരിശീലന ക്ലാസ്സിനെ പറ്റിയായിരിക്കും. വെയിലൊതുങ്ങി വരുന്നേയുള്ളൂ എങ്കിലും ഇരുട്ട്‌വീഴാൻ തുടങ്ങിയ ആ വാഴതോപ്പിൽ ഒരു കൂട്ടത്തിന്റെ കൂടെയിരിക്കുമ്പോഴും ജാരനെന്ന് പേരുള്ള അവൻ വീണുപോകുന്ന ചിന്തയുടെ ആഴങ്ങളിൽ ഒരുപക്ഷേ ഒരു പൊൻപുലരിയുടെ ഇളവെയിൽ ചെരിഞ്ഞ് വീഴുന്നുണ്ടായിരിക്കാം. ഒരു മിന്നായം പോലെ വീശുന്ന വാൾതലപ്പുകളിൽനിന്നൊരു ശീല്ക്കാരം മിന്നലായി സകലമാന ദുരിതങ്ങളേയും കരിച്ചുകളയുമെന്നൊരു സ്വപ്നം അവൻ കാണുന്നുണ്ടാകാം. അതല്ലെങ്കിൽ ചിലപ്പോൾ ലൈബ്രറിയുടെ ഇടനാഴികളിലെ ജൈവികതയുടെ കുശുകുശുക്കലുകളിൽ മനം മറന്നിരിപ്പാവാം. എല്ലാം ചില സാധ്യതകൾ തന്നെ.

അപ്രകാരമൊരു അനന്തസാധ്യതാ പഠനത്തിനൊടുവിലായിരിക്കണം നിയോൺവെളിച്ചത്തിൽ നിന്നിരുന്ന അയാളുടെ നേർക്ക് ഞാൻ ചെല്ലുന്നത്‌. അപ്പോഴെന്റെ മുഖത്തുണ്ടായിരുന്നത് ഒരു പോക്കറ്റടിക്കാരന്റെ സ്വതസിദ്ധമായൊരു നിസംഗതയാവും. അതല്ലെങ്കിൽ ഒരു കൊലപാതകിയുടെ വിഭ്രാതമകമായൊരു ഭീതിയായിരിക്കും. ഏതൊരു ഭാവമായിരുന്നാലും അതിൽ പരമാവധി വശ്യത സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നിരിക്കണം. ആ വശ്യതയിലായിരിക്കണം ഞാനും അയാളും പരസ്പരം മറന്ന് പോയത്. ആ വശ്യതയിലായിരിക്കണം കരളിനെ പിളർന്നൊരു മിന്നലിനൊടുവിൽ നട്ടെലിലൊരു കത്തിമുനയുടെ കിരുകിരിപ്പാണോ അതോ കത്തിപിടിയിൽനിന്ന് കൈകളിലൂടെ മുകളിലേക്ക് കയറുന്ന ഒരു വിറയലിനുശേഷം മുഖത്തേക്ക് തെറിച്ച് ചുണ്ടുകളിലൂടെ ഒഴുകിയ ചുവപ്പിന്റെ കനപ്പാണോ ആദ്യം സംഭവിച്ചതെന്ന് മനസ്സിലാവാതെ പോയത്.

ഇതും ചില സാധ്യതകൾ മാത്രം എന്ന് മനസ്സിലാക്കുന്നിടത്ത് വെച്ചായിരിക്കും അയാൾ കൈകൾ വീശി വെളിച്ചത്തിലേക്ക് പോയതും ഞാൻ ഇരുട്ടുവീണ ഇടുങ്ങിയ ഗലിയിലേക്ക് തുടർന്നതും.

(Picture courtesy : JAGAN's PHOTOGRAPHY)

2013, ജൂലൈ 9, ചൊവ്വാഴ്ച

നിഴലുകൾ പറയാതിരുന്നത്


ഒരു കവിൾ പുകയൂതി
വരച്ചെടുത്ത എന്റെ മാത്രം ആകാശം
പെയ്യാതെ പെയ്ത്‌
ഒരു മാത്രകൊണ്ടപ്രത്യക്ഷമാകവേ
ഉള്ളം നിറഞ്ഞാർത്തലക്കുന്നുണ്ടാകാമൊരു
കടൽ
നിന്റെ മാത്രം കടൽ

ചുരമിറങ്ങി വരുന്ന
എന്റെ കുതിര
വസന്തം നരച്ചു തുടങ്ങിയ
നിന്റെ ഗ്രീഷ്മത്തിലേക്ക്
അശ്വമേധത്തിനിറങ്ങുമ്പോൾ
വഴിതെറ്റിപോകുന്നത്
ശിശിരത്തിലെ
കടൽക്കാറ്റിനുപ്പില്ലാത്ത
തീരങ്ങളിലേയ്ക്ക്.

പുറത്തേക്കുമകത്തേക്കും തുറക്കുന്ന
വാതായനങ്ങളാൽ
സ്വതന്ത്രമാക്കപെടുന്ന നമ്മൾ
നമ്മെ തുറന്നിടുന്നത്
ഉൾകാമനകൾ തിരമാലകൾ
തീർക്കാത്ത ഉൾക്കടലുകളിൽ.

എന്നിട്ടും നമ്മളിങ്ങനെ
നിലാവിന്റെ കടാപുറത്ത്
നിഴലുകളിൽ വിരിച്ചിട്ടുണക്കുന്ന
മീനുകളെപോലേ
ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി
ചെകിളകൾ വീർപ്പിച്ച്
അന്യോന്യം
വിരൽചൂണ്ടി
ഇങ്ങനെയിങ്ങനെ......

2013, മേയ് 4, ശനിയാഴ്‌ച

അങ്ങിനെയങ്ങിനെ ഒരു പ്രണയകാലത്ത്...


ഏറ്റവും നിരാശഭരിതമായ ഒരു രാത്രിയിൽ
എന്റെ കർത്താവേ...എന്റെ ദൈവമേ..
എന്നിങ്ങനെയുള്ള ആർത്തനാദങ്ങൾക്കും
വിങ്ങിപൊട്ടലുകൾക്കും ശേഷം
ലൂസിഫറെന്നൊരു ഇറച്ചി
ഉണങ്ങി ചവച്ചുതിന്നാൻ പാകമായി
വെള്ളിതാലത്തിലിരുന്ന്
പടിഞ്ഞാറേ മുറിയിലേക്കോ
കിഴക്കേമുറിയിലേക്കോ
എന്ന പദപ്രശനം പൂരിപ്പിക്കവേ.....
പടിഞ്ഞാറേ മുറിയിലിരിക്കുന്നത്
ബോധിസത്വനാണ്‌
നല്ല തുടുതുടുത്ത്
വെളുവെളുത്ത ബോധിസത്വൻ
കിഴക്കേമുറിയിലിരിക്കുന്നത്
സൂര്യനാണ്. . ..... .സൂര്യൻ
നല്ല ചുകചുകന്ന സൂര്യൻ
എന്നാൽ
കിഴക്കെമുറിയിൽനിന്നും
പടിഞ്ഞാറേമുറിയിലേക്കുള്ള പ്രയാണത്തിൽ
സ്ഥിരം നഷ്ടപെടുകയായിരുന്നെന്റെ
കർമ്മം.

അന്ന് പ്രണയമൊരു കുരിശ്ശായിരുന്നു
ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി
നിസ്സഹായനായി കഴുത്തൊടിച്ച്
കുത്തനെ നിൽക്കുന്ന
ഒരു കൽക്കുരിശ്ശ്.
കല്ലാണികളാൽ മുറിപെട്ട്
രക്തമൊഴുക്കി
നിരാലംബനായി നിലവിളിച്ചുകൊണ്ട്
കുന്നിൻമുകളിലേക്ക് രക്ഷപെട്ടോടുന്ന
ഒരു മരക്കുരിശ്ശ്.
ഒരു ദുഃഖവെള്ളിയിൽ
പരിഹാര പ്രദിക്ഷണത്തിനിടയിൽ
കണ്ട സ്വപനംപോലെ
വരിതെറ്റാത്ത
ഒരു പ്രണയക്കുരിശ്ശ്.

അങ്ങിനെയിരിക്കെ അന്ന് വൈകീട്ട്
ആർക്കും മനസ്സിലാകാത്ത ഒരു കവിത
എഴുതണമെന്ന് കരുതി
ഡയറിയിൽ പൂച്ച എന്ന
ആദ്യത്തെ വാക്കെഴുതിയപ്പോഴാണ്‌
സെക്കന്റ് ഫ്ലോറിലെ രണ്ടാം നംമ്പർ ഫ്ലാറ്റിലെ
നീലകണ്ണുള്ള പൂച്ച
ചാരിയിട്ട വാതിൽ മെല്ലെ തള്ളിതുറന്ന്
മേശക്കാലിനടുത്തുവന്ന്
മ്യാവൂ എന്ന് ആകുലപെട്ടത്.
അപ്പോൾ ഡയറിയിൽ കിടന്നിരുന്ന
എന്റെ പൂച്ച ഒന്ന് മൂരിനിവർന്ന്
വരകളിലേക്ക് കാലുകൾ നീട്ടി
ശരീരമൊന്ന് കുടഞ്ഞ്
മേശപ്പുറത്തുനിന്ന് താഴോട്ടു ചാടി
മ്യാവു.. മ്യാവൂ എന്ന് ആശ്വസിപ്പിച്ച്
പുറത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്‌
അടുത്തതായി എഴുതുന്ന വാക്ക് തത്തമ്മയെന്നാണെന്ന്
ഞാൻ പറഞ്ഞത്
അത് കേട്ടപ്പോഴാണ്‌
പുറത്തേക്ക് പോയികൊണ്ടിരുന്നവർ
മത്സരിച്ചോടി വന്ന്
മേശപ്പുറത്ത് കയറി വീണ്ടും
കവിതയിലെ രണ്ട് വാക്കുകളായി
അനുസരണയോടെ കിടന്നത്
തത്തമ്മേ പൂച്ച പൂച്ച...


2013, മാർച്ച് 20, ബുധനാഴ്‌ച

ഉറുമ്പുകൾ അഥവാ സാമൂഹ്യജീവികൾ


ഞാൻ മയിസ്രേട്ട് കൃഷ്ണന്റെ രണ്ടാമത്തെ പുത്രൻ, നാട്ടുകാരൊക്കെ മൂക്കൻപപ്പനെന്നു വിളിക്കുന്ന പദ്മനാഭൻ.എന്നാൽ നിങ്ങളെന്നെ സയന്റിസ്റ്റ് പപ്പനെന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ ഈ മുപ്പത്തിയാറു വർഷത്തെ ജീവിതത്തിനിടയിൽ കാര്യമായൊരു പണിക്കും പോയതായി എനിക്ക് ഓർമയില്ല. എന്നാൽ അങ്ങിനെ തറപ്പിച്ച് പറയാനും കഴിയില്ല കാരണം നാലുമാസത്തെ ഇലട്രിസിറ്റി ആപ്പീസിലെ കരാറുപണിക്കാലത്താണ് ഞാനെന്നെ തിരിച്ചറിയുന്നതും എന്റെ പ്രവൃത്തനമണ്ഠലമിതല്ലെന്ന് മനസിലാക്കുന്നതും. അതിനുശേഷമാണ് ഞാൻ കുറുപ്പംവീട്ടിൽ, അതായത് എന്റെ വീട്ടിൽ എന്റെ സ്വന്തം ചിന്തകളുമായി മൽപിടുത്തം തുടങ്ങുന്നത്. അന്ന് മുറതെറ്റാതെ നടന്നിരുന്ന ഒരു കാര്യം ബീമുട്ടിയുമ്മയുടെ ചായക്കടയിലെ രാവിലത്തെ ചായയും പിന്നെ നാലുമണിക്കുള്ള ചായയും കടിയും കൂടാതെ കൃത്യമായ ഇടവേളകളിലെ ദിനേശ് ബീഡിയൂത്തുമായിരുന്നു. മറ്റൊന്ന് വായനയായിരുന്നു. ചായക്കടയിലെ മാതൃഭൂമിയും വീട്ടിലെ ദേശാഭിമാനിയും. അക്കാലത്ത് മയിസ്രേട്ട് കൃഷണനേട്ടന് ദേശാഭിമാനിയില്ലാത്ത ജീവിതം സങ്കല്പ്പിക്കാൻ പോലുമാകുമായിരുന്നില്ല. പിന്നെ വായനശാലയിലെ വാലൻപുഴുക്കൾ കയറിയതും അല്ലാത്തതുമായ പുസ്തകങ്ങളും.

അങ്ങിനെയിരിക്കെയാണ് ഞാൻ നിധിതേടിപോകുന്ന ഒരു ആട്ടിടയെനെകുറിച്ച് വായിക്കാനിടവന്നത്. അന്നുമുതൽ ഉരുക്കഴിയുന്ന എന്റെ ചിന്തകളിലെല്ലാം ഒരു നിധിയുണ്ടായിരുന്നു. എന്നാൽ ഞാൻ ആലോചിച്ചിരുന്നത് അതിനെ തേടിപിടിക്കുന്നതിനെകുറിച്ചല്ല മറിച്ച് എന്നെ തേടി വരുന്ന ഒന്നിനെ കുറിച്ചായിരുന്നു. ഉറക്കം നഷ്ടപെട്ട രാത്രികൾ. പൊതുവേ അലസമായ പകലുകൾ വീണ്ടും മന്ദഗതിയിലാവുന്നത് ഞാൻ അറിയാതെയല്ലാ.എന്നാൽ എവിടെനിന്ന് തുടങ്ങും എന്നറിയാതെ പരവേശപെട്ട് പുരയിടത്തിലെ ഓരോ ഇഞ്ചിലും ചെന്നെത്തുന്നതല്ലാതെ പകലുകൾ ഒന്നും കാണിച്ചുതന്നിരുന്നില്ല. അപ്പോൾ പിന്നെ ആശാഭരിതമായ അന്വേഷണങ്ങളെ നിലാവുകൾ അപഹരിക്കാൻ തുടങ്ങി. കൃഷ്ണേട്ടനും അപ്പൂപ്പനും കോടതിയിലെ ഗുമസ്ഥ പണിയാൽ നേടിയതൊന്നും നഷ്ടപെടുത്താതെ കൂട്ടിവെച്ചതിനാൽ എന്റെ തിരച്ചിലുകൾക്കു മുൻപിൽ ഒരു നാലേക്കർ പുരയിടം പെരുമലയുടെ താഴ്വാരങ്ങളോളം നീണ്ടു കിടന്നു.

പകലുകളിലുള്ള എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആ നാളുകൾ ഉരുകിതീരുകയായിരുന്നു. എന്നാലും കിഴക്കേ അതിരിലെ പാലപ്പൂവുകൾ മണം പൊഴിക്കുന്ന രാത്രികളിൽ മിന്നാമിന്നികൾ മിന്നിതെളിയുമ്പോൾ അതിലൊരു വലിയ വെളിച്ചത്തെ വഴികാട്ടിയായി സങ്കല്പ്പിച്ച് ഞാൻ പറമ്പിന്റെ എല്ലാ മൂലകളിലും അലഞ്ഞുനടന്നു

അങ്ങിനെ മാസങ്ങളായുള്ള അലച്ചിലിനൊടുവിൽ അതെന്നെ തേടിവരുകതന്നെ ചെയ്തു. അത്ഭുതമായത്, പ്രതീക്ഷകൾ കൈവിട്ട ഒരു പകലിലാണ് അത് എന്നെ തേടിവന്നത് എന്നതാണ്. അശാന്തമായൊരു പകൽമയക്കത്തിൽ അമ്മൂമ്മ വന്നെന്നെ വിളിക്കുകയായിരുന്നു.

“പപ്പാ..നീയിതെവിടെയൊക്കെയാണ് തിരയുന്നത്?
നീയെന്തേ എന്റടുത്ത് വന്നില്ല! ഞാൻ കാണിച്ചു തരില്ലായിരുന്നോ കുട്ടന്......?
നീ കേട്ടിട്ടില്ലേ നഷ്ടപെട്ട ജീവിതങ്ങളിലെ ഒരിക്കലും തിളക്കം നഷ്ടപെടാത്ത കണ്ണുകളാണ് നിധികളായി മാറുന്നതെന്ന്??”

അമ്മൂമ്മയുടെ കണ്ണുകളിലെ തിളക്കം വീണ്ടും വീണ്ടും എന്റെ കണ്ണുകളിൽതട്ടി ചിതറവേ പകലുറക്കം മുറിഞ്ഞ് ഞാനെഴുന്നേറ്റു. പറമ്പിന്റെ മൂലയിൽ അമ്മൂമ്മയുറങ്ങുന്ന കള്ളിപാലയുടെ ചുവട്ടിലേക്ക് നടന്നു. അമ്മൂമ്മയവിടെ ഒറ്റക്കാണ് കാരണം കൃഷ്ണേട്ടന്റെ അച്ചൻ അതായത് എന്റെ അപ്പൂപ്പൻ ഒരു രാത്രിയിൽ പുറപെട്ടുപോകുകയായിരുന്നത്രേ. വിളക്കും തിരിയുമെല്ലാം എന്നോ നിന്നുപോയതാണ് എന്നാലും ഈ പുതിയ വെളിപാടിൽ ഉലഞ്ഞ ഞാനവിടെ എന്തെല്ലാമോ പ്രത്യേകതകൾ കണ്ടു. അമ്മൂമ്മ പറഞ്ഞതനുസരിച്ചാണെങ്കിൽ തലയ്ക്കൽനിന്നുതന്നെ തുടങ്ങണം എന്ന് മനസ്സിൽ കരുതി തിരിച്ചുപോന്നു.

അന്ന് വൈകീട്ട് അങ്ങാടിയിൽ മുരുകന്റെ ആലയിൽചെന്ന് രണ്ട് കൈകോട്ടും ഘനമുള്ളൊരു പിൿആക്സും വാങ്ങിയാണ് തിരിച്ചുപോന്നത്.അന്നത്തെ രാത്രിയ്ക്ക് കൂടുതൽ തെളിച്ചമുള്ളതുപോലേ തോന്നി. രാത്രി മുറ്റത്തേക്കിറങ്ങി പറമ്പിന്റെ തെക്കോട്ടുനോക്കിയപ്പോൾ കള്ളിപാലയ്ക്കു താഴേ മിന്നാമിനുങ്ങുകളുടെ ആകാശവും ഭൂമിയും. ഇത്രയും നാളത്തെ അന്വേഷണത്തിനിടയിൽ ഞാനെന്തേ അവിടെ എത്തിയിരുന്നില്ല എന്ന് വെറുതേ ചിന്തിച്ചുകൊണ്ട് നാളേ സൂര്യനുദിക്കും മുൻപേ പണിതുടങ്ങണം എന്ന് മനസ്സിലുറപ്പിച്ച് സ്വസ്ഥമായി ഉറങ്ങി.

നേരത്തേയെഴുന്നേറ്റ് പെട്ടന്നുതീർത്ത പ്രഭാതകർമ്മങ്ങൾക്കുശേഷം വർദ്ധിച്ചൊരുൽസാഹത്തോടെ കള്ളിപാലയ്ക്ക് ചുവട്ടിലെത്തി കരിയിലകൾ നീക്കാൻ തുടങ്ങി. പാലമരത്തിനു ചുവട്ടിൽനിന്നൊരു ചേര ശരംവിട്ടപോലേ പാഞ്ഞുപോയി. കരിയിലകൾക്കിടയിൽനിന്ന് പുറത്തു ചാടിയ ഒരു ഓന്ത് ധിറുതിയിൽ പാലമുകളിലേക്ക് കയറി. ഉറുമ്പുകളുടെ ഒരു കൂട്ടം ആവാസവ്യവസ്ഥിതിയിൽ വന്ന മാറ്റത്തിൽ പ്രതിഷേധിച്ച് അവിടമാകെ പരന്നു. ഞാൻ കൈക്കോട്ടെടുത്ത് പുലർകാല മഞ്ഞിന്റെ നനവുള്ള മേൽമണ്ണ് നീക്കാൻ തുടങ്ങി. മണ്ണിരകൾ പുളഞ്ഞുകുത്തി ആഴങ്ങളിലേക്ക് പോകാൻ വൃഥാശ്രമം നടത്തികൊണ്ടിരുന്നു. ഏതൊരു രീതിയിലും നിധി നഷ്ടപെടരുതെന്ന ചിന്തയിൽ ആദ്യം ഓർമ്മയിലെത്തിയത് ആറടി നീളമായിരുന്നു അതിനാൽ തന്നെ വീതിയും ആറടിയാകാമെന്ന് തീരുമാനിച്ച് കുഴിയെടുക്കാൻ തുടങ്ങി.

അന്നത്തെ ദിവസം ഉച്ചകഴിഞ്ഞപ്പോൾ തന്നെ മേൽമണ്ണ് മുഴുവൻ കുഴിക്കു പുറത്തെത്തി. സായാഹ്ന സൂര്യന്റെ മഞ്ഞവെളിച്ചത്തിൽ മേല്മണ്ണ് അഴിഞ്ഞുപോയ ചെങ്കൽപാറ കുഴിക്കടിയിൽ ഉരുകിയൊലിച്ചു കിടന്നു. പിൿആക്സിനു കൊത്തി അടരുകളായി പൊളിച്ചെടുത്ത ചെങ്കൽപാളികൾ കുഴിക്കു മുകളിലെത്തിക്കുന്നതിന്റെ കാഠിന്യം എന്നെ തളർത്തിയതിനൊപ്പം നാളെയൊരു കപ്പിയും കയറും വാങ്ങാം എന്ന ചിന്തയോടെ ഞാൻ അന്നത്തെ പണിനിറുത്തി കുഴിയിൽ നിന്നും കയറി.

പിന്നീട് തുടർച്ചയായ രണ്ടുദിവസവും ഞാൻ നിതാന്തജാഗ്രതയോടെ കുഴിയെടുക്കൽ തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ നാട്ടുകാരും വീട്ടുകാരിൽ ചിലരും പലപ്പോഴായി കുഴിക്കു മുകളിലെത്തിയിരുന്നു. അവരുടെ കണ്ണുകളിലെ “ എന്തിനാ പപ്പാ ഈ കുഴി?” എന്ന ചോദ്യത്തെ “കിണർ” എന്ന ഉത്തരവുമായി നേരിടുമ്പോഴും അവരുടെയെല്ലാം, പ്രത്യേകിച്ച് നാട്ടുകാരുടെ മുഖഃത്തെ “ ചതുരത്തിലാ കിണർ കുഴിക്ക്യാ?” “അതും പോട്ടേ ഇവനെന്തിനാപ്പോ രണ്ടാമതൊരു കിണർ?” എന്നീ സംശയങ്ങളെ തീർത്തും അവഗണിച്ച് ഞാൻ ലക്ഷ്യത്തിലേക്കുള്ള പിൿആക്സ് മുനകൾ, വിരിഞ്ഞുകിടക്കുന്ന ചെങ്കൽ പാളികളിൽ ആഞ്ഞാഞ്ഞ് പതിപ്പിച്ചു കൊണ്ടിരുന്നു.

നാലാം ദിവസമായപ്പോഴേക്കും അമ്മൂമയുടെ വാക്കിൽ വിശ്വാസം നഷ്ടപെട്ടിരുന്നില്ലെങ്കില്കൂടി ചുകചുകന്ന പാറക്കൂട്ടങ്ങൾ എന്നെ തളർത്താൻ തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും കുഴിയുടെ വശങ്ങളിൽ ചാരിനിന്ന് കണ്ടെടുക്കാൻ പോകുന്ന നിധിയുടെ മായക്കാഴ്ച്ചകളിൽ ഞാൻ അടിമുടി നനയാൻ തുടങ്ങുമായിരുന്നു. കുഴിയുടെ അടിത്തട്ടിൽ പലയിടത്തും ചെവി ചേർത്ത്വെച്ച് നിധിയുടെ കിലുക്കം കേൾക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വീണ്ടെടുക്കുന്ന വിശ്വാസങ്ങളുടെ ബലം പേശികളിൽ നിറച്ച് വെട്ടിയാൽ തീ പറക്കുന്ന ആ ചെങ്കൽപാറകളെ ഞാൻ കീഴടക്കികൊണ്ടിരുന്നു.

അങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ അന്ന് ഉച്ചയൂണ് കഴിഞ്ഞിറങ്ങിയ ആദ്യത്തെ കൊത്തിൽ, സാധാരണ പുറകോട്ട് തെറിക്കുമായിരുന്ന പിൿആക്സിന്റെ മുന ചെങ്കൽ പാളിയിൽ ഒരു ദ്വാരമുണ്ടാക്കി ആഴങ്ങളിലേക്ക് പോകുകയാണ് ചെയ്തത്. ആകാംക്ഷയോടെ പിൿആക്സ് വലിച്ചൂരിയ ഞാൻ കാണുന്നത് ആ ദ്വാരത്തിൽനിന്ന് തിങ്ങിഞ്ഞെരുങ്ങി പുറത്തേക്ക് വരുന്ന ഉറുമ്പുകളുടെ ഒരു വലിയ പ്രവാഹത്തേയാണ്...കേഴ്ക്കുന്നത് ഓംകാരമടങ്ങിയ ഹുങ്കാരശബ്ദമാണ്.

ഉറുമ്പുകൾ...ഉറുമ്പുകൾക്കു പിറകേ ഉറുമ്പുകൾ!!. അവർ കുഴിയുടെ അടിത്തട്ടിൽ പരക്കാൻ തുടങ്ങി. പിന്നേയും പിന്നേയും ഉറുമ്പുകളുടെ മഹാപ്രവാഹം. കാൽവിരലിലൂടെ അവർ മുകളിലേക്ക് കയറുന്നുണ്ട്... ഉറുമ്പുകൾ എന്നെ പൊതിയുന്നത് ഞാൻ അറിയുന്നുണ്ട്... ആവാസവ്യവസ്ഥയിൽനിന്ന് ആട്ടിയോടിക്കപെട്ടവരുടെ തിരിച്ചുവരവിന്റെ മുക്രശബ്ദം ഞാൻ കേൾക്കുന്നുണ്ട്..എന്നാൽ ഞാൻ കീഴടങ്ങിയവനാണ്...സ്വഭാവികമായ അധിനിവേശമാണ് ഉറുമ്പുകൾ നടത്തുന്നത്. അനുവദിച്ചുകൊടുത്തില്ലെങ്കിലും അവരത് നടപ്പാക്കുമെന്ന് എനിക്കറിയാം.

ഒന്നും ചെയ്യാനില്ലാതെ, ആമാശയത്തിൽ ബാക്കിയായ വറ്റുകൾ പങ്കിട്ടെടുക്കുന്നവരുടെ, തലയോട്ടിക്കുള്ളിലെ മടക്കുകൾ കീഴടക്കുന്നവരുടെ, എല്ലിൻകുഴലിലെ മജ്ജയിൽ തേരോട്ടം നടത്തുന്നവരുടെ, ചിട്ടയായ താളങ്ങളിൽ സ്വയം നഷ്ടപെട്ട് ഞാനാകുഴിയിൽ അഴിഞ്ഞു വീണു..

2013, ജനുവരി 31, വ്യാഴാഴ്‌ച

ചിലതുണ്ടിങ്ങനെ...


1)
ചിലതുണ്ടിങ്ങനെ...
ഒരു പ്യൂപ്പയായിരുന്ന്
പ്യൂപ്പയിലേ ഒടുങ്ങുന്നവർ

മറ്റുചിലതുണ്ട്
പ്യൂപ്പയിൽനിന്നിറങ്ങി
ചൊറിഞ്ഞ് തിടംവെപ്പിച്ച്
കറുത്ത പാടുകളവശേഷിപ്പിച്ച്
വിസ്മൃതിയുടെ കഴുകൻതീറ്റകളാകുന്നവർ

ഇനിയും ചിലത്
പൂമ്പാറ്റകളാകുന്നു
പരാഗണമെന്ന കർമ്മം
തീർക്കുന്നവർ.
-------------------------------------------
2)
നിലാവിന്‌ പ്രണയമാണ്‌
രാത്രിയോട്
രാത്രിക്ക് വെറുപ്പാണ്‌
നിലാവിനോട്

നീയെന്തിനെൻ
പുഴുത്ത വൃണങ്ങളെ,
ചോരയിറ്റുന്ന ചുണ്ടുകളെ,
മുറിഞ്ഞ കൈതണ്ടയിലെ,
ഇരുമ്പുദണ്ഠിൽ കോർത്ത
ഹതാശയരായ ജീവന്റെ അമ്ളരസം
ചോർന്ന ജനിപേടകങ്ങളെ
കാണാൻ എന്നും വരുന്നു?

നിലാവ് പിന്നേയും
ഇരുട്ടിന്റെ ഇടവഴികളിൽ
തക്കംപാർത്തിരിക്കുന്ന കെട്ടിടങ്ങളുടെ
നിഴലുകളിൽ അലറിപായുന്ന
ബസ്സുകളിൽ കൂകുന്നൊരു
ട്രെയിനിന്റെ ഇടനാഴികളിൽ
ചെരിഞ്ഞു വീണുകൊണ്ടിരുന്നു
നിലാവിന്‌ ഇരുട്ടിനെ പ്രണയമായിരുന്നു

എന്നിട്ടും അമാവാസിയെന്നൊരാൾ
അന്ന് ഇരുട്ട് ചെയ്യുന്നതൊന്നും
നിലാവിനോട് പറയാതെ
എന്നും പറ്റിക്കുമായിരുന്നു
വെറുതേ..
---------------------------------------------------
3)
ഇപ്പോൾ
ദുഃഖ വെള്ളി ചിരിക്കുകയാണ്‌
വ്യാഴത്തിനെ നോക്കി
തൊട്ടടുത്ത നിമിഷം
ശനിയെ നോക്കി കരയേണ്ടതാണെന്ന്‌
മറന്ന്
---------------------------------------------------------------