2015, ജനുവരി 5, തിങ്കളാഴ്‌ച

അനേകം കണ്ണുകളാണ്‌ നമ്മൾ
സ്കൂൾ അസംബ്ളിയിലൊരു
ചൂടാർന്ന നിഴലിൻ വരിയിൽ
ദേശീയ ഗാനത്തോടൊപ്പം ചുവന്നുപോയ
നുണക്കുഴിയിലാഴ്ന്ന്പോയ
കണ്ണിമചിമ്മാൻ മറന്നുപോയ
കാഴ്ച്ചകളുടഞ്ഞ
ചൂരൽ പുളയലിൽ
വരിതെറ്റിയ
രണ്ട് നിഴലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

അണമുറിയാതെ പെയ്ത
ഒരു മഴയ്ക്ക് ശേഷം
മരം പെയ്യുന്ന
ഒരു വൈകുന്നേരത്ത്
കുടയെടുക്കാതെ തിടുക്കപെട്ട്
പറപറന്നു പോകേ
ഒരു വെള്ളിടിയാൽ
മലച്ചുപോയ
രണ്ട് ദേശാടനകിളികളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

ഒന്നും പറയാനില്ലാത്തവന്റെ
വറ്റിപോയ തടാകങ്ങളിൽ
വിണ്ടുകീറിയ
കാല്പാദങ്ങൾ വരയ്ക്കുന്ന
അബ്സ്ട്രാക്റ്റിൽ
ചെകിളകൾ അടഞ്ഞ്
വളഞ്ഞ് പുളഞ്ഞ്
പ്രണയ ശ്വാസം എടുക്കാൻ
കുമിളകളിടുന്ന
രണ്ട് വരാലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

കടലിൽ നിന്നും കവിഞ്ഞ്‌
ആകാശത്തിലേക്ക്‌ നീട്ടിയെറിഞ്ഞ
കല്ലുപ്പ്‌ ദ്രവീകരിപ്പിച്ച
പുറംതോടിളകിയ
അതേ മരത്തിലെ
ഒരേ കൊമ്പിൽ തൂങ്ങുന്ന
രണ്ട്‌ ഭൂഗോളങ്ങളുടെ
തുടകൾ മാന്തിപറിച്ച
നാക്കുകടിച്ച
ഒരേവശത്തേക്ക്‌ ചെരിഞ്ഞ തലകളിൽ നിന്നും
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ്‌ നമ്മൾ

നമ്മൾ പ്രണയം നടിക്കാൻ
പഠിക്കുകയായിരുന്നു.

2 comments:

സലീം കുലുക്കല്ലുര്‍ പറഞ്ഞു... മറുപടി

പ്രണയം നടിയ്ക്കുക എന്നാല്‍ ഇത്രമേല്‍ ഭീഭത്സമായിരിക്കാം അല്ലേ ...?

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു... മറുപടി

ഇഷ്ടം

(ഓർമ്മയുണ്ടോ ഈ ബ്ലോഗ്)