2012, ജനുവരി 7, ശനിയാഴ്‌ച

ഉയരങ്ങളിലേക്ക് നഷ്ടപെടുന്ന സ്വപ്നങ്ങൾ.

ഈശാന കോണിൽ
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്‌,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.

പച്ചയായ ജീവിതങ്ങളിലേക്ക്‌
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.

ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്‌
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്‌
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്‌
കാതോർക്കാൻ.

അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത്‌ അവനും
ഒന്നാംനിലയിലേക്ക്‌ കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്‌
അവളേയും ചേർത്തു പിടിച്ച്‌
സമതലങ്ങളിൽനിന്നും മുകളിലേക്ക്‌..
ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.

28 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

സമതലങ്ങളിൽനിന്നും മുകളിലേക്ക്‌..
ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.

Cv Thankappan പറഞ്ഞു... മറുപടി

നല്ലൊരു കവിത.
ഇന്നലെയും ഇന്നിനേയും അളക്കുന്ന
അളവുകോല്‍!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

സമതലചിത്രം ഉഷാറായി.
സമതലങ്ങള്‍ ഉപേക്ഷിച്ച് മുകളിലേക്ക് കയറിപ്പോകുമ്പോള്‍ അല്ലെങ്കില്‍ ചവുട്ടിക്കയറുമ്പോള്‍ സ്വപ്നങ്ങളില്‍ മാത്രമല്ല നഷ്ടങ്ങള്‍....ഒരിടത്ത്‌ മാത്രമല്ല,എല്ലായിടത്തും.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

വരികളിലെല്ലാം ജീവിതത്തിന്റെ ദ്വന്ദചിത്രങ്ങള്‍ .മനസ്സിലേക്ക് വാക്കുകളുടെ ഒരു നീരൊഴുക്ക്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

എന്തിനിങ്ങനെ അഗ്നികോണിലിരുന്നെരിയുന്നു
എല്ലാം വെറും ആശങ്കകളാനെടാ...
സ്വപ്നങ്ങളില്‍പ്പോലും നഷ്ടങ്ങളുണ്ടാവാതെ
നമുക്ക് കന്നിമൂലയിലെ കിണറുപോലെ
സ്നേഹത്തിന്റെ പുണ്യാഹം തളിച്ചു സൂക്ഷിക്കാം

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

കന്നി മൂലയിലും ഈശാന കോണിലും തലച്ചിടുന്ന ജീവിതങ്ങള്‍. കൊളളാം കവിത

മാനവധ്വനി പറഞ്ഞു... മറുപടി

നന്നായിരിക്കുന്നു.. അപ്പൊൾ ഇനിയെങ്കിലും ശാന്തമായി ജീവിക്കുക... ആശംസകൾ നേരുന്നു

കൊമ്പന്‍ പറഞ്ഞു... മറുപടി

വല്ലാത്ത ഒരു വേദന ആണല്ലോ മാഷേ വരികളില്‍ നിഴ്ലക്കിന്നത്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

പുത്തൻ വീട് വെച്ച് മോൾക്കും മൊനും ഉയരങ്ങളിലെ മുറികൾ കൊടുത്ത് മാതാപിതാക്കൾ ,സ്വന്തം നഷ്ട്ടസ്വപ്നങ്ങളോർത്ത് ...
അവരെ നോക്കി കിനാവ് കാണുകയാണല്ലേ ഭായ്

Pradeep Kumar പറഞ്ഞു... മറുപടി

നല്ല കവിത. ഇഷ്ടപ്പെട്ടു...

ചാണ്ടിച്ചൻ പറഞ്ഞു... മറുപടി

എന്റെ നിക്കൂ....എനിക്കൊന്നും മനസ്സിലായില്ല...
ഈ ആധുനിക കവിത മനസ്സിലാകണമെങ്കില്‍ മറ്റവന്‍ രണ്ടെണ്ണം അടിക്കണോ!!!

Unknown പറഞ്ഞു... മറുപടി

ഉരുകുന്ന വരികള്‍ ഉള്ള നല്ല ഒരു കവിത.വല്ലപ്പോഴും എഴുതുന്നത്‌ നല്ലതാണു ഇത് പോലെ നല്ല വരികള്‍ കിട്ടുമല്ലോ.

കന്യാകുമാരി മലയാള സമാജം പറഞ്ഞു... മറുപടി

കൊള്ളാം. വായിച്ചു കഴിഞ്ഞപ്പോള്‍ പലതും പറയാതെ പറഞ്ഞ പ്രതീതി.... അഭിനന്ദനങ്ങള്‍....

Unknown പറഞ്ഞു... മറുപടി

"..ഉയരങ്ങളിലേക്ക്‌ കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.."

എന്തിനാ ബെര്‍തേ അതും ഇതും ഒക്കെ ആലോചിക്കണത്.. അവരെപ്പോഴും ‘വല്യ നിലയില്‍’ ത്തന്നെയിരിക്കട്ടെ..!

അല്ല ഈ അപ്പുമാരൊക്കെ ഇങ്ങനാണോ..? എന്റെ അപ്പുവും ബുക്കു ചെയ്തു, ഒന്നാം നിലയില്‍ ഒരു മുറി..!

കവിത ഇഷ്ട്ടായി.
ആശംസകളോടെ..പുലരി

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു... മറുപടി

കവിത വളരെ ഇഷ്ടായി..

Kalavallabhan പറഞ്ഞു... മറുപടി

ഉയരങ്ങളിലേക്കു പോവുന്ന അവരെ താഴെ നിന്ന് നോക്കിക്കാണാം.
നല്ല കവിത
ആശം സകൾ

കൈതപ്പുഴ പറഞ്ഞു... മറുപടി

മനസ്സിലേക്ക് വാക്കുകളുടെ ഒരു നീരൊഴുക്ക്.

നാമൂസ് പറഞ്ഞു... മറുപടി

കാലാന്തരം.,

Njanentelokam പറഞ്ഞു... മറുപടി

സ്നേഹം, കരുതല്‍ ,ഒറ്റപ്പെടല്‍ ......
മനസ്സില്‍ തട്ടിയ വരികള്‍

Yasmin NK പറഞ്ഞു... മറുപടി

ഈ മുറിയില്‍ ഞാന്‍ നേരത്തെ വന്നല്ലൊ.കമന്റൊന്നും എഴുതീല്ലെ,മറവി വരാന്‍ തുടങ്ങീന്ന് തോന്നുന്നു. എന്താ ചെയ്യാ ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന സ്വപ്നങ്ങളെ ഓര്‍ത്ത് താഴത്തെ നിലേല്‍ ഇരിക്ക്യന്നെ..

നല്ല വരികള്‍ക്ക് ആശംസകള്‍..

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ജീവിതത്തെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. നല്ല കവിത. ഞാന്‍ പലപ്പോഴും വന്നു നോക്കാറുണ്ടായിരുന്നു. അപ്പോള്‍ ഒന്നും കണ്ടില്ല. ഇതെപ്പോഴാണ് വീണ്ടും സജീവമായത്. പോസ്ടിയാല്‍ അറിയിക്കുമല്ലോ.

Satheesan OP പറഞ്ഞു... മറുപടി

കവിത കൊള്ളാം. ആശംസകള്‍ ..

Madhavikutty പറഞ്ഞു... മറുപടി

nannayi niku.

Artof Wave പറഞ്ഞു... മറുപടി

ജീവിതം

kharaaksharangal.com പറഞ്ഞു... മറുപടി

മക്കള്‍ നന്നായി ജീവിക്കട്ടെ.

Unknown പറഞ്ഞു... മറുപടി

തച്ചുശാസ്ത്രം തല്ലുശാസ്ത്രം എന്നിവ പരിഗണിക്കേണ്ടവ തന്നെ, നന്നായി ആസ്വദിച്ചു

ente lokam പറഞ്ഞു... മറുപടി

നികു നന്നായിട്ടുണ്ട്...

ഞാന്‍ വെച്ച വീടിന്റെ മുകള്‍ നിലയില്‍ നിന്നും കുട്ടികള്‍ താഴേക്ക്‌ ഇറങ്ങുന്നെയില്ല....
അമ്മക്ക് മുകളിലേക്ക് കയറാന്‍ പലപ്പോഴും
കഴിയുന്നുമില്ല...

എന്നാലും അവര്‍ മുകളില്‍ ഉണ്ടല്ലോ എന്ന
ആശ്വാസം മാത്രം..അതാ ശരി അല്ലെ..!!

നല്ല ആശയം....

നികു കേച്ചേരി പറഞ്ഞു... മറുപടി

വായിക്കുകയും ..വായന രേഖപെടുത്തുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി..:))