2012, ജൂൺ 18, തിങ്കളാഴ്‌ച

വീടുണ്ടാക്കുന്നത്.....

അടുത്തടുത്തിരിക്കുകയായിരുന്നു നമ്മൾ
നീ പറഞ്ഞുകൊണ്ടേയിരുന്നു
ഞാൻ കേഴ്വിക്കാരനും
പിന്നെ നീ വാക്കുകൾ
പ്രണയത്തിൽ ചുട്ടെടുക്കാൻ തുടങ്ങി
അപ്പോൾ ഞാനതെല്ലാം എടുത്ത്‌
ശ്രദ്ധയോടെ പെറുക്കിവെച്ചു
എന്നാൽ ചുമർവെച്ച്‌ മേല്ക്കൂരയിട്ടപ്പോഴേ
നീ ഉറങ്ങിപ്പോയി
എന്നാൽ ഞാനോ
ചുമരിനുചാന്തിട്ട്‌ ജനലും കട്ടിളയുംവെച്ച്‌
നിനക്കിഷ്ട്ടപെട്ട ചുവപ്പുനിറത്തിൽ
തറയോടുകൾ പാകി
വാതിലടച്ച്‌ കാത്തിരിക്കുകയായിരുന്നു
അവസാനം ഉറക്കമുണർന്നപ്പോൾ
തറയിലെ ചുവപ്പുനിറത്തിലേക്കു നോക്കി
നീ അലമുറയിടുന്നു
ഇതാണു ഞാൻ പറഞ്ഞത്‌
വീടൊരു വിരഹച്ചൂളയാണ്‌
പ്രണയം വെട്ടിക്കീറി കത്തിച്ച്‌
ചുട്ടെടുക്കുന്ന സ്വപ്നങ്ങൾ
അടുക്കിവെച്ച വികാരച്ചൂളയാണെന്ന്‌...

7 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ഇതാണു ഞാൻ പറഞ്ഞത്‌
വീടൊരു വിരഹച്ചൂളയാണ്‌

ajith പറഞ്ഞു... മറുപടി

അയ്യോ, വീടൊരു വിരഹച്ചൂളയാണെന്നോ? ഒരു സംഗമസ്ഥാനമാണെന്നല്ലേ എല്ലാരും പറയുന്നത്?

മുല്ല പറഞ്ഞു... മറുപടി

ലീവെടുത്ത് നാട്ടിപ്പോ മനുഷ്യാ...

ഉദയപ്രഭന്‍ പറഞ്ഞു... മറുപടി

ഉറ്റവര്‍ ഇല്ലാതെ വീട്ടില്‍ ഒറ്റക്കിരുന്നാല്‍ സ്വപ്നങ്ങളുടെ തടവറ കാണാം.

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു... മറുപടി

മുല്ല പറഞ്ഞത് അനുസരിക്കു നികുവേ ...അല്ലാതെ ഈ സൂക്കേട്‌ മാറില്ല.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

വിട്ടു പോകാനുള്ളതാണ് വീട്. വീട് വിടുമ്പോഴാണ്‌ മനുഷ്യന്‍ ജീവിതത്തിന്റെ ചെരിവുകളും ഉയരങ്ങളും കണ്ടെത്തുന്നത്.
വിരഹത്തിന്റെയും വികാരത്തിന്റെയും ചൂള ആണെന്ന ഈ പ്രയോഗവും ഇഷ്ടപ്പെട്ടു. കവിത അപൂര്‍ണമെന്ന് തോന്നി, നികുവിന്റെ മനസ്സ് പൂര്‍ണമായും വന്നോ എന്നു സംശയിക്കുന്നു.

നികു കേച്ചേരി പറഞ്ഞു... മറുപടി

അക്ഷരങൾ കൈവിട്ടുപോയി ....അക്കങളെ സ്നേഹിക്കാൻ പഠിക്കുന്ന ഈ കാലത്തും കൂടെ നിൽക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി,:)