2012, ജൂൺ 28, വ്യാഴാഴ്‌ച

കടലിലേക്ക് നീളുന്ന ഒരു കിണർഈയിടെയായി പല പ്രോഗ്രസ്സ് മീറ്റിങ്ങുകളിലിരിക്കുംമ്പോഴും കഥയില്ലായ്മയെകുറിച്ചാണ്‌ ഞാൻ ചിന്തിക്കുന്നത്. സ്വഭാവികമായും അപ്പോഴെല്ലാം എനിക്കോർമ്മവരുന്നത് ഗ്രാമത്തിന്റെ നന്മയിൽനിന്ന് നഗരത്തിന്റെ നിർമമതയിലേക്ക് പതുക്കെമാത്രം നടന്നടുക്കുന്ന എന്റെ തന്നെ നാടിനെയാണ്‌.കഥയില്ലാത്ത കുറേപേരുടെ ഒരു അങ്ങാടി അതാണ്‌ ഞങ്ങളുടെ പെരുമണ്ണ്‌. ഒരു കാവലാളെന്നപോലെ കിഴക്കുഭാഗത്തായി ഒരിച്ചിരി ഉയരത്തിൽ പെരുമല കുന്നും കുന്നിന്മുകളിലെ ശിവക്ഷേത്രവും.

അന്നെന്താണെന്നറിയില്ല..ഈ കഥയില്ലാകൂട്ടത്തിലെ ചാക്കൂ.. എന്ന് ഞാൻ ഞാൻ വിളിക്കുന്ന ചാക്കുണ്ണിയെന്ന പ്രിയ സുഹൃത്തായിരുന്നു നോട്ട്പാഡിൽ കയറിയിരുന്നത്. സുഹൃത്തെന്നു പറഞ്ഞാൽ അതിത്തിരി അതിശയോക്തിപരമാകും കാരണം ടി യാൻ ഞങ്ങളുടെയെല്ലാം തൊട്ടുമുന്നിലെ തലമുറയോടൊപ്പം വളരുകയും അവരോടിടപഴകുന്ന അതേ വിശാലതയിൽ ഞങ്ങളുടെ ഹൃദയങ്ങളെ തൊട്ടുനില്ക്കുകയുമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ കൗമാരത്തിൽ തലയുയർത്തി നിന്നിരുന്ന വ്യക്തിത്വമായിരുന്നെന്നു സാരം.

ചാക്കുണ്ണിയുടെ പൂർവ്വാശ്രമം തിരക്കിയാലെത്തുന്നതും മറ്റൊരു കഥയില്ലായ്മയിലെക്കാണ്‌. എന്നാൽ നാരയണിയേട്ടത്തിക്ക് അതിനെ പറ്റിയൊരു കഥയുണ്ട്. അടയാളപെടുത്താത്ത ചരിത്രത്തിലെ ഏതോ ഒരു ശിവരാത്രിനാളിൽ പെരുമലക്കുമുകളിലെ അമ്പലത്തിനടുത്തുള്ള പാതാളക്കിണറിനടുത്തുനിന്ന് ഒരു കീറചാക്കിൽ കിടന്നുകിട്ടിയതാ പോലും അവനെ. സ്വതവേ കഥയില്ലായ്മക്കരായ ഞങ്ങൾക്കതിലെ കഥയുടെ പുറംതോട് തുരക്കാൻ താൽപര്യമില്ലായിരുന്നു കാരണം ചാക്കുണ്ണിയെന്നത് ഒരു സത്യമായി ഞങ്ങളുടെ മുന്നിലുണ്ട്.

എന്റെ നാട്ടിലെ മനുഷ്യർക്കൊന്നും ഒരു കഥയില്ലെങ്കിലും ഈ പാതാളക്കിണറിനൊരു കഥയുണ്ട്. പെരുമലക്കുന്നിലെ ശിവന്റെ അമ്പലത്തിനടുത്ത് പേരു സൂചിപ്പിക്കുന്ന പോലെ ദൃഷ്ടികൾ അടിത്തട്ടിലെത്താൻ സമ്മതിക്കാതെ നീണ്ടുനിവർന്ന് താഴേക്കു പോകുന്ന ഈ കിണറിൽ ചാടിയാൽ പൊങ്ങുന്നത് പിന്നെ അങ്ങ് അറബികടലിലായിരിക്കുമത്രെ. പണ്ട് കുന്നിൻ ചെരുവിൽ എപ്പോഴും കണ്ടുമുട്ടുമായിരുന്ന നൊസ്സൻ ചാത്തുവിന്റെ ദുരൂഹമായ തിരോധാനവും, കുന്നിന്മുകളിൽ നിന്നൂള്ള കാഴ്ച്ചയിലെ ചാവക്കാട് കടലും കാണിച്ച് മറ്റുള്ളവരോട് ഞങ്ങളൊന്നുകൂടി ഉറപ്പിക്കാറുണ്ടീ കഥ.

അങ്ങാടിക്കടുത്തുള്ള കുറുപ്പത്തെ പറമ്പിലെ മുതുക്കൻമാവുഞ്ചോട്ടിലെ ഇരുപത്തെട്ടു കളിയിൽ ആവേശം മൂത്ത് വഴക്കുണ്ടാക്കി ചീട്ടുകീറി എഴുന്നേറ്റുപോകുന്ന ചാക്കുണ്ണി വൈകുന്നേരങ്ങളിൽ വെള്ളക്കുളം ഓവലിൽ നടക്കുന്ന ക്രിക്കറ്റുകളിക്കിടയിൽ പഴയ വെസ്റ്റിന്ത്യൻ കളിക്കാരെ പറ്റി വാചാലനായി പാടവരമ്പത്തുണ്ടാവും.അതിനുശേഷം നീലംങ്കാവിലെ ആൽത്തറയിലോ അതിനടുത്ത വായനശാലാ മതിലിലോ കൊഴുക്കുന്ന ഓരോ ചർച്ചയിലും പലവിധ ഇടപെടലുകളുമായി അഭിപ്രായങ്ങളുമായി നിറസാനിധ്യമായിരുന്നു.നാടകങ്ങളും സിനിമാചർച്ചകളും കവർന്നിരുന്ന അന്നത്തെ ഒരു കൗമാരസായന്തനത്തിൽ ആരോ തുടങ്ങിവെച്ച ഒരു മൃതദേഹവും ഒരു ഈച്ചയും മാത്രമുള്ള ഒരു സിനിമയുടെ സാധ്യതകളിലൂടെ പറന്ന് പറന്ന് സിനിമയുടെ അവസാനത്തെ കുറിച്ച് ആലോചിച്ച് നഷ്ടപെട്ട ഒരു സന്ധ്യക്കൊടുവിൽ ആ മൃതശരീത്തിന്റെ മൂക്കിനുള്ളിലൂടെ ആ ഈച്ചയെ കടത്തിവിട്ട് ചാക്കുണ്ണിയുണ്ടാക്കിയ ക്ലൈമാക്സിൽ തലയോട്ടിക്കുള്ളിലൊരു ഇരമ്പലുമായി എല്ലാവരും തലകുടഞ്ഞെഴുന്നേറ്റു. ഇന്നും ഒരു മൃതശരീരം കാണുമ്പോൾ അന്നത്തെ ഇരമ്പൽ ഞാനറിയാതെ കടന്നു വരാറുണ്ട്. ഒരു പക്ഷേ പെരുമണ്ണിന്റെ ഇനി അടയാളപെടുത്താൻ പോകുന്ന ചരിത്രങ്ങളിൽ ചാക്കുണ്ണി ഉണ്ടായില്ലെന്നു വരാം എങ്കിലും ഞങ്ങളുടേയും അതിനപ്പുറവും ഇപ്പുറവുമുള്ള തലമുറകളുടെയും ഇന്നലെകളെ തിരിച്ചുപിടിക്കാൻ ഊളിയിടുന്ന സ്മൃതിപഥങ്ങളിലെങ്കിലും ചാക്കുണ്ണിയുണ്ടാവും തീർച്ച.

അങ്ങിനെ തിമർത്താടിയിരുന്ന കൗമാരഹൃദയങ്ങൾ യൗവ്വനത്തിലേക്കുള്ള പറിച്ചുനടീലിന്റെ കാലത്ത്‌ പലരും കൂട്ടംതെറ്റി കൂടെ ഈയുള്ളവനും. എന്നാൽ ചിലർ അപ്പോഴും കഥയില്ലാത്തവരുടെ കൂടെ നാട്ടിൽതന്നെ ഉറച്ചു, കൂട്ടത്തിൽ ചാക്കുണ്ണിയും എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീടുള്ള ഓരോ അവധിക്കാലത്തും നാട്ടിലെത്തുമ്പോൾ പലരും പറഞ്ഞുതുടങ്ങുന്നതുതന്നെ അവന്റെ മാറ്റങ്ങളെ പറ്റിയായിരുന്നു. അവനൊരു കുത്തകമുതലാളിയായെന്നായിരുന്നു ഒരിത്തിരി തമാശകലർത്തിയ അവരുടെ ആദ്യത്തെ ആരോപണം. കളിയിടങ്ങളിൽനിന്നെല്ലാം ഒഴിവായി വായനശാലയിലെ പതിവു സന്ദർശനം നിറുത്തിയ ചാക്കുണ്ണിയെ പറ്റി പലരും വാചാലരായി. ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പഞ്ചായത്തിൽനിന്നും ഏതോ വകുപ്പിൽ അനുവദിച്ചുകിട്ടിയ കുറച്ചു രൂപാ ചെറിയ രീതിയിൽ ആയിരവും രണ്ടായിരവുമായി അങ്ങാടിയിൽ പലിശക്ക്‌ കൊടുത്ത്‌ ദിവസപിരിവിന്‌ അങ്ങാടിയിൽ കറങ്ങുന്ന ചാക്കുണ്ണിയെ. എന്നാൽ മേല്പറഞ്ഞ ഇടങ്ങളിലെ ചില ഉൾവലിയലുകൾ മാറ്റിനിറുത്തിയാൽ എന്നോടുള്ള പെരുമാറ്റത്തിലോ സമീപനത്തിലോ ഒരു മാറ്റവും എനിക്ക്‌ കാണാൻ കഴിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ ഈ കഴിഞ്ഞ അവധിക്കാലത്ത്‌ അന്യംനിന്നു പോകാതെ ഞായറാഴ്ച്ചകളിലെങ്കിലും ഇപ്പോഴും നിലനില്ക്കുന്ന ഞങ്ങളുടെ പതിവു ചീട്ടുകളിക്കായി കുറുപ്പത്തെ പറമ്പിലേക്കുള്ള നടത്തത്തിനിടെ അങ്ങാടിയിൽ വെച്ച്‌ ചാക്കുണ്ണി എതിരെ വരുന്നു.
“എന്തൂട്ടാ ഇന്ന് പരിപാടി?”
എന്ന സ്വന്തം ചോദ്യത്തിനു എന്നിൽ നിന്നൊരു ഉത്തരം വരുന്നതിനു മുൻപ്‌
“നമുക്കൊരു ഇടം വരെ പോകാനുണ്ടെന്ന്‌”
പറഞ്ഞപ്പോൾ എന്റെ വിദൂരമായ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല ഞങ്ങളുടെ യാത്ര പെരുമലയുടെ മുകളിലേക്കായിരിക്കുമെന്ന്‌.

മഞ്ഞവെയിലിനൊപ്പം കണ്ണാന്തളിപൂക്കളും ചാഞ്ഞു കിടന്നിരുന്ന പെരുമലയുടെ പുൽതകിടിയിലൂടെ ഞങ്ങൾ മുകളിലേക്ക്‌ നടന്നു. അവിടെയെത്തുന്നതുവരെ അവനു പറയാനുണ്ടായിരുന്നത്‌ പലരുടേയും കഥയില്ലായ്മയുടെ കഥകളായിരുന്നു. പലരേയും സഹായിച്ചതും, കടം വാങ്ങിയ അടുത്ത സുഹൃത്തുക്കളിൽനിന്നുപോലും പൈസ തിരിച്ചുകിട്ടാതിരുന്നതും, വീണ്ടും ചോദിച്ചപ്പോൾ ഇല്ലായെന്ന്‌ പറയേണ്ടി വന്നതും, അവരെല്ലാം എതിരായതും, പലയിടങ്ങളിൽനിന്നും നിഷ്കാസിതനായതും ഒരുപാടു നിരാശതയോടെ അവൻ പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം
“വയ്യടാ, എനിക്കു മടുത്തു”
എന്ന്‌ ചാക്കുണ്ണി പറഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ പെരുമലയുടെ മുകളിലെത്തിയിരുന്നു.

വെയിൽ മുഴുവനായും മലയിറങ്ങി പോയിരുന്നില്ല എന്നാലും നനുത്ത കുളിരാർന്നൊരു കാറ്റ്‌ ഞങ്ങളെ തണുപ്പിച്ചുകൊണ്ട്‌ അവിടെയെങ്ങും കറങ്ങികൊണ്ടിരുന്നു. ചാക്കുണ്ണി എന്നെയും കൊണ്ട്‌ പാതാളകിണറിനടുത്തേക്കാണ്‌ പോയത്‌.
“ഈ കിണറും ഞാനും തമ്മിലുള്ള ബന്ധം നിനക്കറിയാം. കഥകളിലെ ഞാൻ കിടന്നിരുന്നതിവിടെയെവിടേയെങ്കിലും ആകും. പക്ഷേ എനിക്കറിയാം ഈ കിണറാണെന്റെ അമ്മ. അറബിക്കടലോളം നീണ്ടുകിടക്കുന്ന എന്റെ അമ്മ.”
ഞാനാ കിണറിന്റെ കൽകെട്ടുകളിൽ കൈയ്യൂന്നി കിണറിനകത്തേക്ക്‌ നോക്കി. കണ്ണെത്താദൂരത്ത്‌ അവ്യക്തമായൊരു കാഴ്ച്ചയിൽ വെള്ളത്തിന്റെ സാനിധ്യം അറിയുന്നുണ്ട്‌. വെള്ളത്തിൽ ചെറിയൊരു തിരയിളക്കം കാണുന്നുണ്ടോ? തോന്നലായിരിക്കുമെന്ന്‌ കരുതി ദൃഷ്ടികൾ പിൻവലിച്ച്‌ പിന്തിരിഞ്ഞ ഞാൻ കാണുന്നത്‌ കിണറിന്റെ കൈവരിയിൽ കയറിനില്ക്കുന്ന ചാക്കുണ്ണിയെയാണ്‌. അവിടെ നിന്നുകൊണ്ടവൻ പറയുകയാണ്‌.
“ എടാ.. എനിക്കു മതിയായി.. ഞാനീ കഥയില്ലാത്തവരുടെ നാട്ടീന്ന്‌ പോവ്വാണ്‌...കഥയുള്ളവരുടെ ഏതോ നാട്‌ എനിക്കായി കാത്തിരിക്കുന്നുണ്ടാവും”

എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനുമുൻപേ അവൻ പാതാളക്കിണറിന്റെ ആഴങ്ങളിലേക്കു കുതിച്ചു. ഞാനൊരാന്തലോടെ ചാക്കൂ​‍ൂ​‍ൂ....എന്ന അലർച്ചയോടെ കിണറ്റിലേക്കെത്തി നോക്കി. എന്നാൽ ആഴങ്ങളിലേക്കുള്ള എന്റെ കാഴ്ച്ചയെ മറച്ചുകൊണ്ട്‌ കണ്ണുകൾ കണ്ണുനീരാൽ മൂടപെട്ടിരുന്നു. ഞാൻ വിറയ്ക്കാൻ തുടങ്ങി. ശരീരമാകെ വിയർത്തു നനഞ്ഞു. ഞാൻ ചുറ്റും നോക്കി. പരിസരത്ത്‌ ആരേയും കാണുന്നില്ല. ഉറഞ്ഞുപോയ കാലുകളെ ശ്രമപെട്ട്‌ പറിച്ചെടുത്ത്‌ ഭ്രാന്തമായൊരു ആവേഗത്തോടെ ഞാൻ കുന്നിറങ്ങാൻ തുടങ്ങി. കാറ്റുപിടിച്ചപോലെ ഞാൻ അങ്ങാടിയിലേക്ക്‌ നടന്നു. പോകുന്ന വഴിയിൽ ഞാൻ ആരേയും കാണുന്നുണ്ടായിരുന്നില്ല. അങ്ങാടിയും പിന്നിട്ട്‌ കുറുപ്പത്തെ പറമ്പിലെ മാവിൻചുവട്ടിലെത്തുമ്പോൾ എല്ലാവരുമുണ്ട്‌. കളി തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ
“ എടാ..ഇന്നൊരു വിശേഷമുണ്ട്‌”
ആരോ പറയാൻ തുടങ്ങിയതു മുഴുമിപ്പിക്കുന്നതിനുമുൻപേ പരിചിതമായൊരു സ്വരം കാതിലെത്തി.
“ ഇനി ഈ കൈയ്യൊന്ന്‌ കുറച്ചുനേരം നീയിരിക്ക്‌. ഞാനോന്ന്‌ മുള്ളട്ടെ!”
സ്തബ്ദ്ധനായി നില്ക്കുന്ന എന്റെ നേർക്ക്‌ ചീട്ടും നീട്ടിപിടിച്ചിരുന്ന്‌ ചിരിക്കുകയാണ്‌ ചാക്കുണ്ണി.

ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന്‌ പോകവേ ആരോ മുകളിലേക്ക്‌ പിടിച്ച്‌ വലിക്കുന്നപോലെ.കരയിലേക്കിട്ട മീനിനെ പോലെ പിടഞ്ഞെഴുനേല്ക്കുമ്പോൾ..റൂമിനുള്ളിലെ എയർകണ്ടീഷണറിന്റെ നേർത്ത തണുപ്പിലും മേലാകെ നനഞ്ഞു കുതിർന്നിരിക്കുന്നു.....മൂക്കിൻതുമ്പിൽനിന്നൂർന്ന്‌ വീണ ഒരു തുള്ളി ചുണ്ടിൽ ഉപ്പുരസം പടർത്തുന്നു...

11 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന്‌ പോകവേ ആരോ മുകളിലേക്ക്‌ പിടിച്ച്‌ വലിക്കുന്നപോലെ.കരയിലേക്കിട്ട മീനിനെ പോലെ പിടഞ്ഞെഴുനേല്ക്കുമ്പോൾ..റൂമിനുള്ളിലെ എയർകണ്ടീഷണറിന്റെ നേർത്ത തണുപ്പിലും മേലാകെ നനഞ്ഞു കുതിർന്നിരിക്കുന്നു.....മൂക്കിൻതുമ്പിൽനിന്നൂർന്ന്‌ വീണ ഒരു തുള്ളി ചുണ്ടിൽ ഉപ്പുരസം പടർത്തുന്നു...

ajith പറഞ്ഞു... മറുപടി

ഭ്രമാത്മകമായ കല്പനകളുള്ള കഥ. ഇഷ്ടപ്പെട്ടു

Yasmin NK പറഞ്ഞു... മറുപടി

വളരെ ഇഷ്ടമായി. വീണ്ടും വരാം.

വേട്ടക്കാരന്‍ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വേട്ടക്കാരന്‍ പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്.

ഉദയപ്രഭന്‍ പറഞ്ഞു... മറുപടി

കുളത്തില്‍ ചാടിയാല്‍ പുഴയില്‍ പൊങ്ങുന്ന ഒരു സംഭവം ദ്രോണ എന്ന സിനിമയിലുണ്ട്.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

ഇഷ്ടായി നല്ല കഥ !

Unknown പറഞ്ഞു... മറുപടി

CHAKKUVINU(TASHUVINU)MARANAMILLAAAA.......................................

Unknown പറഞ്ഞു... മറുപടി

cha

നികു കേച്ചേരി പറഞ്ഞു... മറുപടി

പ്രിയ വായനക്കാർക്കെല്ലാം നന്ദി:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

“ എടാ.. എനിക്കു മതിയായി.. ഞാനീ കഥയില്ലാത്തവരുടെ നാട്ടീന്ന്‌ പോവ്വാണ്‌...കഥയുള്ളവരുടെ ഏതോ നാട്‌ എനിക്കായി കാത്തിരിക്കുന്നുണ്ടാവും”

ഹും..
കഥയുള്ളവര് ഏത് നാട്ടിലാ ഉള്ളതെന്റെ ഭായ്.?