2012, ജൂലൈ 18, ബുധനാഴ്‌ച
പ്രണയമൊരു പോരാട്ടമാകുന്നത്..
മുത്തശിയുടെ കാല്പെട്ടിയിൽനിന്ന്
നരച്ചൊരു മഴ പുറത്തേക്ക്
ചാറുന്നുണ്ട്.
വരാന്തയിലൊരു കോണിൽ
കൂനിയിരിപ്പുണ്ട് മുത്തശ്ശി.
ഇടിക്കല്ലിൽ കളിയടക്ക
ഇടിക്കുന്ന ഓരോ ഇടിയിലും
ചിലവാക്കുകൾ ഞെരുങ്ങി
പുറത്തേക്ക് തെറിക്കുന്നുണ്ട്
വക്കുടയാതെ.
“ഓനൊരു ആങ്കുട്ടിയാ
ഇന്റെ മോളെ അവൻ നല്ലോണം നോക്കും
ഇയ്ക്കതുറപ്പാ”
ഇതുപോലൊരാൾ
വടക്കേലെ വീടിന്റെ കോലായിലുമുണ്ടാകും
ചാരുകസേരയിലിരുന്ന്
വിരലുകൾക്കിടയിലൂടെ നീങ്ങുന്ന
ജപമാലയുടെ മുത്തുകൾക്കൊപ്പം
പുറത്തേക്കുരുളുന്ന ഉപ്പൂപ്പായുടെ വാക്കുകൾ
ഇവിടെയിരുന്നാലും കേൾക്കാം
“ഓളെന്റെ മോളാ
ഈ കൈയ്യീകെടന്ന് വളർന്ന കുട്ട്യാ”
പടിപ്പുരയിലെറിഞ്ഞ കണ്ണുമായി
അമ്മ നില്ക്കുന്നുണ്ട് തൂണുംചാരി
മുറ്റത്ത് ജീപ്പിന്റെ ചക്രം വരച്ച
ചാലുകളിലൂടെ ഉരുൾപൊട്ടുന്ന
കുത്തൊഴുക്കിലേക്ക് നോക്കി
അച്ഛനിരിപ്പുണ്ട്
ഒട്ടും ചിതറാതെ.
അമ്മമാരെല്ലായിടത്തും ഒരുപോലെ
റോഡിലേക്ക് നീളുന്ന കണ്ണുമായി
അവിടേയുമുണ്ടാകുമൊരുമ്മ
ടെലിഫോണിന്റെ ചിലമ്പലിനപ്പുറം
നിശബ്ദ്ധതയുടെ മരുഭൂമിയിൽ
പൊള്ളാതെയിരിക്കുന്നുണ്ടാവുമൊരുപ്പ.
അങ്ങാടിയിലുമുണ്ടാകും
രണ്ടു കൂട്ടങ്ങൾ
രാകിമിനുക്കി കൂർപ്പിച്ച്
പൊട്ടാൻ പാകത്തിന്
വെടിമരുന്ന് നിറച്ച്
കത്തുന്ന കഴുകൻ കണ്ണുകളുമായി
ഒരു കൂട്ടം ജോസേട്ടന്റെ കടയുടെ
മുന്നിലുണ്ടാവും
മറ്റൊരു കൂട്ടം വായനശാലക്കു മുൻപിലും
കടയുടെ ഷട്ടറിടാൻ
പാകത്തിന് പുറത്തു നിക്കുന്നുണ്ടാവും
ജോസേട്ടൻ.
മുത്തശ്ശി നീട്ടിതുപ്പിയത്
മഴയിലലിഞ്ഞ്
മുറ്റത്തു പടർത്തുന്ന ചുവപ്പിൽ
കുതിച്ചോടുന്ന ഒരു തീവണ്ടിയുംനോക്കി
ഞാനിരിക്കുന്നുണ്ട് തിണ്ണയിൽ
ഒരു മോർച്ചറിയിലെ
പ്രണയപ്പോരാളികളുടെ
നിലവിളിയും കേട്ട്
ഒറ്റക്ക്.
Posted by
നികു കേച്ചേരി
at
6:52 PM
9
comments


ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)