
ചില കാഴ്ച്ചകളുണ്ട്
ചിറകുകൾ തളർന്ന്
ഒരു പുഴുവിന്റെ കുപ്പായവും തുന്നി
നാളെകളുടെ പ്രതീക്ഷയിലേക്ക്
ചുവരിലെ വെളിച്ചത്തിലിഴയുന്ന
ഈയ്യാംപാറ്റയായ എനിക്കുനേരേ കുതിക്കുന്ന
നീയെന്ന പല്ലിയിൽനിന്ന്
ജീവന്റെ അവസാനശ്വാസവും
ചിറകുകൾക്ക് നല്കി
നിന്റെ അലസതയെ
തോല്പിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
നിരാലംബതയുടെ മച്ചിൽനിന്ന്
ജീവിതത്തിന്റെ ജനലപടിയിലേക്കിറങ്ങി
പ്രത്യാശയുടെ രൂക്ഷതയിലേക്ക്
ഇറങ്ങുമ്പോൾ
പല്ലിയായ എനിക്കുനേരേ കുതിക്കുന്ന
പൂച്ചയായ നിന്നിൽനിന്ന്
വാലുമുറിക്കാതെ ഓടി
നിന്റെ കൗതുകത്തെ
വെല്ലുവിളിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
അതിജീവനത്തിന്റെ കുപ്പതൊട്ടിയിൽനിന്ന്
കൈവശപെടുത്തിയ
ഏതോ പെസഹായ്ക്ക് മുറിച്ചു
വിളമ്പി തീർന്നു പോകാത്ത
പുളിപ്പിന്റെ അപ്പകഷണവുമായി
തുടങ്ങാനാവാതെ പോയ
ഒരു യാത്രയിൽനിന്ന്
ഞാനെന്ന പൂച്ച കുതികുതിച്ച്
നീയാകുന്ന വാഹനത്തിന്റെ
കീഴിലരയാതെ
നിന്റെ കണക്കുകൂട്ടലുകൾ
തെറ്റിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
എപ്പോഴും തെറ്റിപോകാറുള്ള
ചില ഉത്തമ സാധാരണ ഗുണിതങ്ങളുടെ
ഉത്തരങ്ങൾ പോലെതന്നെ
ഒരു നിമിഷാർധത്തിന്റെ
നിന്റെ വളയം തെറ്റലിനപ്പുറം
പിടിവിട്ടുപോയ ഞാനെന്ന ആത്മാവ്
ഓർമകളുടെ
കാഴ്ച്ചയില്ലാ കൊക്കയിലേക്ക്
കൈകൾ വിരിച്ച് പിടിച്ച്
പറ പറക്കുന്ന കാഴ്ച്ച
ഞാനീ അബോധത്തിന്റെ
ഗതകാലത്തുനിന്നൊന്ന് കയറിവന്നോട്ടേ
നിങ്ങളീ വർത്തമാനത്തിന്റെ
പുതുകാഴ്ച്ചകളുടെ നിമിത്തങ്ങളോരോന്നും
ഇപ്പോഴേ കണ്ടുവെച്ചേക്കണേ
അപ്പോൾ ഇനിയുമുണ്ടാകാം
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകൾ