2011, മാർച്ച് 19, ശനിയാഴ്‌ച

വട്ടങ്ങളും ചതുരങ്ങളും

ഇവിടെ ഈ നഗരത്തിൽ നിറയെ
വട്ടങ്ങളും ചതുരങ്ങളുമാണ്‌

ഒരൊറ്റ തിരിച്ചുകറക്കലിലൂടെ
മരുഭൂമിയുടെ നരച്ച മൗനത്തിൽനിന്ന്
ജീവിതത്തിന്റെ മഴച്ചാറലിലേക്ക്
തിരിച്ചുകൊണ്ടുവരുന്ന വട്ടങ്ങൾ

നാലുവശത്തും അതിജീവനത്തിന്റെ
വാതായനങ്ങൾ തുറന്നിട്ടിട്ടുള്ള
അരികുകളിൽ പൂക്കളുള്ള
വട്ടങ്ങൾ

വേറേയും ചില വട്ടങ്ങളുണ്ട്
വശങ്ങളിലെ വാതിലുകൾ അടച്ച്
രക്ഷപെടാൻ അനുവദിക്കാതെ
മധ്യത്തിലെ ശൂന്യതയിലേക്ക്
വലിച്ചെടുക്കുന്ന വട്ടങ്ങൾ

പിന്നെയുള്ളത് ചതുരങ്ങളാണ്‌
പച്ചയ്ക്കും ചുവപ്പിനുമിടയിലെ
ഒരു പിടച്ചിലിനൊടുവിൽ
ആറായിരം റിയാലിന്റെ
മഞ്ഞിച്ച വിഹ്വലതയിൽ
ജീവിതത്തിന്റെ അഗ്നികോണുകളെ
തൊട്ടുകിടക്കുന്ന ചതുരങ്ങൾ

മറ്റൊരിടത്ത് ചായക്കൂട്ടുകളണിഞ്ഞ
ചതുരങ്ങൾ അടുക്കിവെച്ചിരിക്കുകയാണ്‌
ആ ചതുരങ്ങൾക്കുള്ളിൽ
ചലനശേഷി നഷ്ടപെട്ട
മഞ്ഞിന്റെ നീളൻ ചതുരങ്ങളെ
പേറുന്ന വെളുത്ത ചതുരങ്ങൾ.

പിന്നെയുള്ളത് ഹമദ് ആശുപത്രിയിലെ
മരവിച്ച ചതുരങ്ങളാണ്‌
ഈ തണുത്ത ചതുരങ്ങളെ
എനിക്കിഷ്ട്ടമല്ല
അതിൽനിന്ന് രക്ഷപെട്ടാലും
യാത്രയ്ക്ക് കൂട്ടായി വീണ്ടും
തകരത്തിന്റെ മറ്റൊരു
തണുത്ത ചതുരം

അതിനാൽ ഈയിടെയായി
ഞാൻ വട്ടങ്ങളെ ഇഷ്ട്ടപ്പെടാൻ
തുടങ്ങിയിരിക്കുന്നു
ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.

41 comments:

നികു കേച്ചേരി പറഞ്ഞു... മറുപടി

അതിനാൽ ഈയിടെയായി
ഞാൻ വട്ടങ്ങളെ ഇഷ്ട്ടപ്പെടാൻ
തുടങ്ങിയിരിക്കുന്നു
ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

കുറച്ചൊക്കെ മനസ്സിലായി. കുറച്ചേറെ മനസ്സിലായതുമില്ല.!

Pushpamgadan Kechery പറഞ്ഞു... മറുപടി

മനസ്സിലായി മനസ്സിലായി ...!
ഗൊച്ചു ഗള്ളന്‍ ...!
നന്നായീട്ടോ ..
ആശംസകള്‍ .........

khader patteppadam പറഞ്ഞു... മറുപടി

രണ്ടുമൂന്നാവര്‍ത്തി വായിച്ചു. ആശംസകള്‍!

Unknown പറഞ്ഞു... മറുപടി

വായിച്ചു വായിച്ച് എനിക്കു വട്ടാകുന്നു!!
:)

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

രണ്ടു തവണ വായിച്ചു.
കാര്യമായൊന്നും പിടി കിട്ടിയില്ല സുഹൃത്തെ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

കെട്ടിടങ്ങളേയാണോ
വട്ടവും,ചതുരമാക്കിയിങ്ങനെ
വട്ടം ചുറ്റിച്ചിരികുന്നത്..?

MUHAMMED പറഞ്ഞു... മറുപടി

അന്ത സീത ഫീ റോ മാഫി മുശ്ക്കില..
ലെക്കിന്‍ ലാശിം ഫീ ശുഫ്‌ മര്‍റ മര്‍റ ഗദ്ദാം വറ..

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

അവസാനം തിരഞ്ഞെടുത്ത വട്ടത്തിന് എന്ത് ചാര്‍ജ് ആകും ? :)

Lipi Ranju പറഞ്ഞു... മറുപടി

'നാലുവശത്തും
അതിജീവനത്തിന്റെ
വാതായനങ്ങൾ
തുറന്നിട്ടിട്ടുള്ള അരികുകളിൽ പൂക്കളുള്ള വട്ടങ്ങൾ'
ഉള്ളതില്‍ ഭേദം അതാണ്......
എനിക്കതാണിഷ്ടമായത്... :)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു... മറുപടി

എനിക്കും കുറച്ചൊക്കെ മനസ്സിലായി!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

എന്തായാലും വട്ടങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയല്ലോ, അതു നന്നായി.

lekshmi. lachu പറഞ്ഞു... മറുപടി

enikonnum manassilayillya tou..

the man to walk with പറഞ്ഞു... മറുപടി

ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.


Best Wishes

~~MeRmAiD~~ പറഞ്ഞു... മറുപടി

http://ienjoylifeingod.blogspot.com/
ആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?

comiccola / കോമിക്കോള പറഞ്ഞു... മറുപടി

നന്നായി

Vayady പറഞ്ഞു... മറുപടി

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെയൊക്കെ ജീവിതം ഒരു വൃത്തത്തിനകത്താണ്‌. എങ്ങിനെയൊക്കെ ജീവിച്ചാലും അവസാനം നമ്മള്‍ ചെന്നെത്തുന്നത്‌ ഒരേയിടത്തു തന്നെ.

Junaiths പറഞ്ഞു... മറുപടി

വൃത്തങ്ങളെ എത്ര ഇഷ്ടപ്പെട്ടാലും ഒടുവില്‍ ഒരു ദീര്‍ഘ ചതുരത്തില്‍ എത്തിപ്പെടുമല്ലോ ..
ചിലര്‍ നേരത്തെ..ഇഷ്ടപ്പെടാത്തപ്പോള്‍..
ചിലര്‍ താമസിച്ചു കൊതിച്ചു കൊതിച്ചു,

ശ്രീജ എന്‍ എസ് പറഞ്ഞു... മറുപടി

ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന ജീവിതത്തിന്റെ തമോഗര്‍ത്തങ്ങള്‍ ആയ വട്ടങ്ങളെ ഇഷ്ടപ്പെടാതെങ്ങനെ?അവസാനം ഇഷ്ടമായാലും ഇല്ലെങ്കിലും ചതുരത്തില്‍ ചെന്നവസാനിക്കുന്നു ഈ ചുറ്റി തിരിയലുകള്‍.

പ്രവാസം ജീവിതത്തില്‍ നിന്ന് അകറ്റുന്നു.എങ്കിലും വര്‍ഷങ്ങള്‍ കൊഴിയുമ്പോള്‍..ആദ്യം കയ്ച്ചതിന്റെ മധുരം അറിയുന്നു എന്നാണോ?

Unknown പറഞ്ഞു... മറുപടി

ഞാന്‍ വെറുതെ വട്ടം ചുറ്റി.

SAJITH പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
African Mallu പറഞ്ഞു... മറുപടി

ഇത് വായിച്ചപ്പോ പെട്ടെന്ന് ഓര്മ വന്നത് പദ്മരാജന്റെ തൂവാനതുംബികളിലെ ഒരു സംഭാഷണമാണ് .
" ചുവരുകള്‍... ചുവരിനുള്ളിലെ ചുവരുകള്‍.. സൈഡ് റൂമിന്റെ ബെഡ് റൂമിന്റെ ബാത്ത് റൂമിന്റെ എല്ലായിടത്തും ചുവരുകള്‍..അവിടുന്ന് വിട്ടാല്‍ ഓടുന്ന ചുവരുകള്‍ കാറിന്റെയോ ട്രെയിനിന്റെയോ ചുവരുകള്‍ "
പിന്നെയുള്ളത് ഹമദ് ആശുപത്രിയിലെ
മരവിച്ച ചതുരങ്ങളാണ്‌....ആ മരവിച്ച ചതുരങ്ങളിലേക്ക് എത്ര ഇഷ്ടപ്പെട്ടിലെങ്കിലും
എത്തിച്ചേരുന്നതിന് മുന്‍പുള്ള
അല്പം ചതുരങ്ങളും വൃത്തങ്ങളും.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

manassilakan kazhiyatha karyamonnum illa, iruthi vayichal manassilakavunnathe ullu.... aashamsakal....

വീകെ പറഞ്ഞു... മറുപടി

ഞങ്ങളേ ഇങ്ങനെയിട്ടു ചതുരത്തിലും വട്ടത്തിലും വട്ടം ചുറ്റിക്കാതെ ഇതെന്താ സംഭവമെന്ന് ഒന്നു പറ നികു...?

നികു കേച്ചേരി പറഞ്ഞു... മറുപടി

@ആളവ്ന്‌താന്‌,
@pushpamgad,
@khader ഭായ്‌,
@നന്ദു,
@റാംജി ഭായ്‌,
@മുരളിയേട്ടാ,
@muhammed,
@ചെറുവാടി,
@രമേശ്‌ ഭായ്‌,
@lipi ranju,
@വാഴക്കോടൻ,
@typist,
@lekshmi,
@the man to......,
@ഫന,
@കോമിക്കോള,
@vayady,
@junaith,
@ശ്രീദേവി,
@ex-pravasini,
@african mallu,
@jayaraj...,
@വീ കെ,

സുഹൃത്തുക്കളെ, കവിത വായ്ച്ച്‌ അഭിപ്രായം അറിയിച്ചവർക്കും ഒന്നും മിണ്ടാതെ പോയവർക്കും നന്ദി.
കവിത, വായിക്കുന്നവരുടെ ഉള്ളിൽ രൂപപ്പെട്ട്‌ അത്‌ എഴുതുന്നയാളുടെ ചിന്തകളോട്‌ ചേർന്നു വരുകയും അനുഭവത്തിന്റെ പല തലങ്ങളുമായി സംവദിക്കുകയും ചെയ്യുന്നിടത്ത്‌ കവിത വിജയിക്കുന്നു.
ഇവിടെ പലരും എന്റെ ചിന്തയോട്‌ ചേർന്നുനില്ക്കുന്നത്‌ കാണുംമ്പോൾ സന്തോഷം തോന്നുന്നുണ്ടെങ്കിലും കവിതയുടെ പരാജയം ഞാൻ മനസിലാക്കുന്നു.

പ്രണയം ദിവ്യമാണെന്ന് വിശ്വസിച്ചിരുന്ന കൗമാരം കടന്ന്‌, പ്രണയബന്ധങ്ങളെ മാംസം മാംസത്തിനോടു തോന്നുന്ന പ്രകൃതിനിയമമെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്തിരുന്ന യൗവ്വനാരംഭവും കഴിഞ്ഞ ഈ ദശാസന്ധിയിൽ നിന്ന് ഒരു പ്രവാസിയുടെ മടക്കയാത്ര......

തിരുത്തലുകളുമായി എന്നും കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ...
നികു കേച്ചേരി.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ചതുരത്തിലേക്കുള്ള വഴിദൂരം കുറയുന്തോറും അരികുകളിൽ പൂക്കളുള്ള, അകത്തേയ്ക്ക് വലിച്ചടുപ്പിക്കുന്ന വട്ടങ്ങളെ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങുന്നതിൽ അൽഭുതമില്ല; ആകത്തുകയിൽ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും.

ധ്വന്യാത്മകമായ കവിത നന്നായി.

shajkumar പറഞ്ഞു... മറുപടി

മനസ്സിലായി ചതുരത്തില്‍ വട്ടം..

ശ്രീ പറഞ്ഞു... മറുപടി

ഒരു കണക്കിന് വൃത്തങ്ങള്‍ തന്നെയാണ് ഭേദം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

വളരെ നന്നായി...ജീവിതത്തിന്‍റെ ശൂന്യതയും നിസ്സഹായതയും സന്തോഷവും എല്ലാം നന്നായി അവതരിപ്പിച്ചു...തണുത്ത ചതുരങ്ങളെ എനിക്കും ഇഷ്ടമല്ല...പേടിയാണ്...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു... മറുപടി

ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.

ഞാനത് തീരെ ഇഷ്ടപ്പെടുന്നില്ല ... സമൂഹ ജീവിയായി അഭിനയിക്കുമ്പോഴും ഞാന്‍ സ്വതന്ത്രനായിക്കാന്‍ യത്നിച്ചുകൊണ്ടേയിരിക്കുന്നു.
ചില ഭാഗങ്ങള്‍ മനസ്സിലാവുന്നില്ല .സൂചനകള്‍ കമെന്റ് ആയി കൊടുക്കാമായിരുന്നു .. പക്ഷെ നല്ല അവതരണം ...ആശംസകള്‍

ചന്തു നായർ പറഞ്ഞു... മറുപടി

കവിത, വായിക്കുന്നവരുടെ ഉള്ളിൽ രൂപപ്പെട്ട്‌ അത്‌ എഴുതുന്നയാളുടെ ചിന്തകളോട്‌ ചേർന്നു വരുകയും അനുഭവത്തിന്റെ പല തലങ്ങളുമായി സംവേദിക്കുകയും ചെയ്യുന്നിടത്ത്‌ കവിത വിജയിക്കുന്നു... എന്നുള്ള നികുവിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നൂ..പക്ഷേ.വാക്കുകൾ കൊണ്ടുള്ള പ്രക്ഷാളനത്തിലെ ബിംബങ്ങൾ അനുവാചകന് മനസ്സിലാകണം.. വട്ടങ്ങളും ചതുരങ്ങളും ഏതിന്റെ പ്രതീകാത്മക ചിത്രങ്ങളാണെന്ന് മനസ്സിലാക്കാൻ വായനക്കാർ പെടാപാട് പെടുന്നൂ..വീടായും,മോർച്ചറിയായും ഒക്കെ മനസ്സിലാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ് പലർക്കും...അതിന്യുതനത്തം കുറച്ച്, കവിത എഴുതുക... ഭാവുകങ്ങൾ

ബെഞ്ചാലി പറഞ്ഞു... മറുപടി

അങ്ങിനെ… ‘വട്ട്’ ആവാതിരിന്നാൽ നന്ന് :)

Umesh Pilicode പറഞ്ഞു... മറുപടി

ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന
ജീവിതത്തിന്റെ തമോഗർത്തങ്ങളുള്ള
വട്ടങ്ങളെ.


ഇഷ്ടായി

സീത* പറഞ്ഞു... മറുപടി

അതിജീവനത്തിന്റെ പൂക്കളുള്ള വട്ടത്തെ എനിക്കിഷ്ടമായി...തണുത്ത ചതുരങ്ങളേയും തകരത്തിന്റെ ചതുരങ്ങളെയും തൽക്കാലം മറന്നേക്കാം..

MOIDEEN ANGADIMUGAR പറഞ്ഞു... മറുപടി

വേറേയും ചില വട്ടങ്ങളുണ്ട്
വശങ്ങളിലെ വാതിലുകൾ അടച്ച്
രക്ഷപെടാൻ അനുവദിക്കാതെ
മധ്യത്തിലെ ശൂന്യതയിലേക്ക്
വലിച്ചെടുക്കുന്ന വട്ടങ്ങൾ

നന്നായിട്ടുണ്ട്.

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു... മറുപടി

വേറേയും ചില വട്ടങ്ങളുണ്ട്
വശങ്ങളിലെ വാതിലുകള്‍ അടച്ച്
രക്ഷപെടാന്‍ അനുവദിക്കാതെ
മധ്യത്തിലെ ശൂന്യതയിലേക്ക്
വലിച്ചെടുക്കുന്ന വട്ടങ്ങള്‍

Yasmin NK പറഞ്ഞു... മറുപടി

ഇതൊന്നും വായിച്ചാല്‍ എനിക്ക് മനസ്സിലാകില്ല.ആകെ വട്ടായി.
നിങ്ങളുടെയോ കവിതയുടെയോ പ്രശ്നമല്ലത്.എന്റെ തലച്ചോറിന്റെ വട്ടം കുറച്ച് കുറഞ്ഞ് പോയ്.

ആശംസകളോടെ

TPShukooR പറഞ്ഞു... മറുപടി

അങ്ങനെ അവസാനം വട്ടങ്ങളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയല്ലോ... അത് തന്നെ ഒരു മാറ്റത്തിന്‍റെ സൂചനയാണ്.

മാനവധ്വനി പറഞ്ഞു... മറുപടി

വട്ടങ്ങളും, ചതുരങ്ങളും ഇഷ്ടായി... കൊള്ളാം...

ത്രികോണങ്ങൾ കിട്ടുമോ?..ഒന്നെങ്കിലും!

തൃശ്ശങ്കു സ്വർഗ്ഗത്തിൽ പെട്ട പ്രവാസികളെ കൂട്ടിയോജിപ്പിക്കാൻ പറ്റുമോന്ന് നോക്കാനാണ്‌..

ഭാവുകങ്ങൾ!

നികു കേച്ചേരി പറഞ്ഞു... മറുപടി

സുഹൃത്തുക്കളെ, കവിത വായ്ച്ച്‌ അഭിപ്രായം അറിയിച്ചവർക്കും, ഒന്നും മിണ്ടാതെ പോയവർക്കും നന്ദി.

@പള്ളിക്കരയില്‌
@ shajikumar
@ശ്രീ
@മഞ്ഞുതുള്ളി
@സുനിൽ പെരുമ്പാവൂര്‌
@ചന്തു ചേട്ടൻ
@ബെഞ്ചാലി
@ഉമേഷ് പിലിക്കൊട്
@സീത
@ moideen angadimugar
@അതിരുകള്‌/പുളിക്കല്‌
@മുല്ല
@shukoor
@മാനവധ്വനി

തിരുത്തലുകളുമായി എന്നും കൂടെയുണ്ടാവും എന്ന പ്രതീക്ഷയോടെ...
നികു കേച്ചേരി.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ജീവിതത്തിന്റെ നിസ്സഹായ അവസ്ഥ നന്നായി വരച്ചിട്ടു. ഏകാന്തവും വിരസവുമായ ലോകത്ത് എല്ലാം വട്ടങ്ങളും ചതുരങ്ങളും ആണ്. എത്രയോ ശരി. തമോഗര്ത്തങ്ങളെ പ്രണയിച്ചു പോകുന്ന അവസ്ഥ.