രണ്ട് മരപ്പാവകൾ
വസന്തകാലത്തിൽ ചെറിമരങ്ങൾ നട്ട്
വെള്ളമൊഴിക്കാനും വളമിടാനും
മറന്നുപോകുന്നു
ഏതോ ഒരു രാജാവിന്റെ
അന്തപുരത്തിൽ
സദാചാരപോലീസ് മേധാവികൾ
രഹസ്യയോഗം ചേരുന്നു
പുറത്ത് പൊതുബോധനിർമിതികൾ
അവനെ കുരിശിലേറ്റുക
പകരം
ആ പുണ്ടച്ചിമോളേയും മറ്റവനേയും
ഞങ്ങൾക്ക് വിട്ടുതരിക
എന്ന് മതിയോ
എന്ന് പരസ്പരം കുശലം പറയുന്നു
ഹോാ എന്റെ ജനമാണിതല്ലോ
എന്ന് അഭിമാനപെട്ട്
കപ്പം വാങ്ങുന്ന പൊന്നുടയോൻ
തളികയിൽവെച്ച തലയുടെ രൂപമുള്ള
കൽതൊട്ടിയിൽ
കൈകൾ വൃത്തിയാക്കുന്നു
രക്തവും മാംസവും കലർന്നു
നല്ല വീര്യമുള്ള വീഞ്ഞ്
ഓവുചാലിലൂടെ ചാവുകടലിലേക്ക്
കുതികുതിച്ചൊഴുകുന്നു
ഇത്കണ്ട് വന്ന നൃത്തക്കാരിപെണ്ണ്
ഈ തലതൊട്ടപ്പന്റെ ഒരു കാര്യം
എന്ന് ലജ്ജാവിവശയായി
പ്രതിമയുടെ കവിളിൽ തട്ടി ചുവപ്പിക്കുന്നു
ഏല്പിച്ച് കിട്ടിയവനെ
കുരിശേറ്റാനുള്ള മരംതേടി
പെരുംതച്ചന്മാർ നാടുകയറുന്നു
ഒടുവിലൊടുവിൽ
മൂത്തതച്ചൻ
മരപ്പാവകളുടെ തോട്ടത്തിലെ
വെള്ളവും വളവുമേല്ക്കാത്ത
ചെറിമരത്തിന്റെ കാതൽ കണ്ടെടുക്കുന്നു
പിന്നെ എടുപിടീന്ന്
കുരിശായി
പീഢാനുഭവയാത്രയായി
അവസാന ആണിയും അടിക്കുന്നു
നേരം അന്തിയാവുന്നു ഇരുട്ടാവുന്നു
അനന്തരം കുരിശിൽനിന്നൂർന്നിറങ്ങിയ
രണ്ട് മരപ്പാവകൾ
രണ്ട് ചെറിമര തൈകൾ
കുരിശിൻ ചുവട്ടിൽനിന്ന്
പിഴുതെടുത്ത്
ഭോഗസന്നദ്ധരായി കുന്നിൻ ചെരുവിലൂടെ
ഉരുണ്ടുരുണ്ട് യാത്രയാവുന്നു
2018 സെപ്റ്റംബർ 3, തിങ്കളാഴ്‌ച
2015 ജനുവരി 5, തിങ്കളാഴ്‌ച
അനേകം കണ്ണുകളാണ് നമ്മൾ
സ്കൂൾ അസംബ്ളിയിലൊരു
ചൂടാർന്ന നിഴലിൻ വരിയിൽ
ദേശീയ ഗാനത്തോടൊപ്പം ചുവന്നുപോയ
നുണക്കുഴിയിലാഴ്ന്ന്പോയ
കണ്ണിമചിമ്മാൻ മറന്നുപോയ
കാഴ്ച്ചകളുടഞ്ഞ
ചൂരൽ പുളയലിൽ
വരിതെറ്റിയ
രണ്ട് നിഴലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
അണമുറിയാതെ പെയ്ത
ഒരു മഴയ്ക്ക് ശേഷം
മരം പെയ്യുന്ന
ഒരു വൈകുന്നേരത്ത്
കുടയെടുക്കാതെ തിടുക്കപെട്ട്
പറപറന്നു പോകേ
ഒരു വെള്ളിടിയാൽ
മലച്ചുപോയ
രണ്ട് ദേശാടനകിളികളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
ഒന്നും പറയാനില്ലാത്തവന്റെ
വറ്റിപോയ തടാകങ്ങളിൽ
വിണ്ടുകീറിയ
കാല്പാദങ്ങൾ വരയ്ക്കുന്ന
അബ്സ്ട്രാക്റ്റിൽ
ചെകിളകൾ അടഞ്ഞ്
വളഞ്ഞ് പുളഞ്ഞ്
പ്രണയ ശ്വാസം എടുക്കാൻ
കുമിളകളിടുന്ന
രണ്ട് വരാലുകളുടെ
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
കടലിൽ നിന്നും കവിഞ്ഞ്
ആകാശത്തിലേക്ക് നീട്ടിയെറിഞ്ഞ
കല്ലുപ്പ് ദ്രവീകരിപ്പിച്ച
പുറംതോടിളകിയ
അതേ മരത്തിലെ
ഒരേ കൊമ്പിൽ തൂങ്ങുന്ന
രണ്ട് ഭൂഗോളങ്ങളുടെ
തുടകൾ മാന്തിപറിച്ച
നാക്കുകടിച്ച
ഒരേവശത്തേക്ക് ചെരിഞ്ഞ തലകളിൽ നിന്നും
തുറിച്ചുതിർന്ന
അനേകം കണ്ണുകളാണ് നമ്മൾ
നമ്മൾ പ്രണയം നടിക്കാൻ
പഠിക്കുകയായിരുന്നു.
Posted by
നികു കേച്ചേരി
at
11:59 AM
3
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
കാഞ്ഞിരക്കുരു എന്ന എന്റെ രാജ്യം
പ്രണയാകാരം
പൂണ്ടൊഴുകുന്നൊരു പുഴയും
ബാക്കിയില്ലാതിരിക്കേ
ഞാൻ രാജ്യത്തെ പ്രണയിക്കാൻ
തുടങ്ങുന്നു
രാജ്യം
ഒരു ശരീരമാകുന്നു
വെട്ടിയരിഞ്ഞ് കാഞ്ഞിരത്തിന്
വളമാക്കേണ്ടത്
കാഞ്ഞിരക്കുരു
ഒരു മതമാകുന്നു
അരച്ചു കലക്കി
ഞാനെന്ന പട്ടിക്ക്
തീറ്റയായ് വെക്കേണ്ടത്
Posted by
നികു കേച്ചേരി
at
11:56 AM
1 comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
കൊളാ(യി)ഷ്
എനിക്ക് എന്നെ തന്നെയും
ബോധിക്കാതിരിക്കുന്ന
ഒരു വ്യാഴാഴ്ച്ച
പാഞ്ഞുപോകുന്നൊരു
വിജനാത്മക സ്റ്റേഷനിലേക്ക്
നിറുത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന്
ചാടി ആത്മഹത്യ ചെയ്യുന്ന
ഒരാളുടെ സന്തോഷം
യഥാതഥഃ പെയ്ന്റിങ്ങാക്കുന്നതിൽ
പരാജയപ്പെട്ട്
മനംനൊന്ത്
ബാക്കിയായ ചായങ്ങൾ
അതിദാരുണ ഗതിവിഗതികളുടെ
ബാക്കിപത്രമായ ആ മുറിയുടെ
ചുമരിലേക്ക് കയറുന്നു
സ്വയമൊരു കൊളാഷാവുന്നു
Posted by
നികു കേച്ചേരി
at
11:50 AM
1 comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2014 ഏപ്രിൽ 6, ഞായറാഴ്‌ച
ബ്ളാക്കൗട്ടായൊരു യാത്ര
ചാവക്കാടുനിന്ന് തുടങ്ങിയതിലും
അരമണിക്കൂർ മുന്നേ പൊന്നാനിയിലെത്തുന്നു.
താമരശ്ശേരി ചുരത്തിന്റെ
ഏഴാംവളവിൽ വെച്ചൊരാൾ
താഴേയ്ക്ക് താഴേയ്ക്ക് ഒരു കല്ലെടുത്ത് വീക്കി
കല്ലു ചെന്ന് വീണിടം വരെയുള്ള സ്ഥലങ്ങളെല്ലാം
സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നു
മൈൽകുറ്റിയിൽ പരമാധികാര ചിഹ്നങ്ങളുമായി ഉപവിഷ്ടനാകുന്നു
പൂക്കോട് തടാകക്കരയിൽ
ഒരു പാവം പോലീസുകാരന്
അയാളുടെ മകൾക്ക് മരുന്ന് വാങ്ങാൻ
ആയിരം രൂപ കൈക്കൂലി കൊടുക്കുന്നു
പുൽപ്പള്ളിക്ക് അപ്പുറത്ത് ഒരു അതിർത്തിയിൽ
വസന്തത്തിന്റെ ഇടിമുഴക്കവും കേട്ട്
കടവുകടന്ന്
നമ്മൾ കൊയ്യുന്ന നമ്മുടെ വയലുകളിൽനിന്ന്
വിപ്ലവകതിരു പെറുക്കാൻ പോയവരെ കാത്തുനില്ക്കേ
ഉന്മാദിയായൊരു അരാജകന്റെ
മുടിച്ചില്ലകളിൽ കാറ്റു വന്നൊരു കൂടുവെയ്ക്കുന്നു
കണ്ണുകൾ ഒരു മിന്നലിനോടൊപ്പം പുറത്തേക്കു വരുന്നു
അനന്തരം ഞാനെന്ന അയാൾ മാരുതി എർട്ടിഗയെടുത്ത്
കാട്ടിലൂടെ തലങ്ങും വിലങ്ങും ഓട്ടുന്നു
തന്ത്രപ്രധാനമായൊരു ഇടം കണ്ടെത്തി
ഒളിപ്പോരിന് കോപ്പുകൂട്ടുന്നു
അവിടെവെച്ചയാൾ ഉറങ്ങി പോകുന്നു
ഞാൻ ഉണർത്താൻ പോയ്യില്ല
നിങ്ങളും......
അയാളൊന്ന് ഉണർന്നോട്ടേ
അതിനുശേഷം നമുക്കയാളോട്
മസിനഗുഡിയിലെ പ്രണയത്തെ പറ്റി ചോദിക്കണം
ഗുണ്ടൽപേട്ടിലെ ബ്രെയിൻ മസാജിങ്ങിനെ പറ്റി ചോദിക്കണം
ഊട്ടിയിലെ......
ഊട്ടിയിലെ എന്തിനെപറ്റിയാ ചോദിക്കാാ?...
നിങ്ങളൊന്ന് ക്ഷമിക്കൂ
അയാളൊന്ന് ഉണർന്നോട്ടേ.
Posted by
നികു കേച്ചേരി
at
10:51 AM
4
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013 സെപ്റ്റംബർ 25, ബുധനാഴ്‌ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന കാഴ്ചകൾ

ചില കാഴ്ച്ചകളുണ്ട്
ചിറകുകൾ തളർന്ന്
ഒരു പുഴുവിന്റെ കുപ്പായവും തുന്നി
നാളെകളുടെ പ്രതീക്ഷയിലേക്ക്
ചുവരിലെ വെളിച്ചത്തിലിഴയുന്ന
ഈയ്യാംപാറ്റയായ എനിക്കുനേരേ കുതിക്കുന്ന
നീയെന്ന പല്ലിയിൽനിന്ന്
ജീവന്റെ അവസാനശ്വാസവും
ചിറകുകൾക്ക് നല്കി
നിന്റെ അലസതയെ
തോല്പിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
നിരാലംബതയുടെ മച്ചിൽനിന്ന്
ജീവിതത്തിന്റെ ജനലപടിയിലേക്കിറങ്ങി
പ്രത്യാശയുടെ രൂക്ഷതയിലേക്ക്
ഇറങ്ങുമ്പോൾ
പല്ലിയായ എനിക്കുനേരേ കുതിക്കുന്ന
പൂച്ചയായ നിന്നിൽനിന്ന്
വാലുമുറിക്കാതെ ഓടി
നിന്റെ കൗതുകത്തെ
വെല്ലുവിളിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
അതിജീവനത്തിന്റെ കുപ്പതൊട്ടിയിൽനിന്ന്
കൈവശപെടുത്തിയ
ഏതോ പെസഹായ്ക്ക് മുറിച്ചു
വിളമ്പി തീർന്നു പോകാത്ത
പുളിപ്പിന്റെ അപ്പകഷണവുമായി
തുടങ്ങാനാവാതെ പോയ
ഒരു യാത്രയിൽനിന്ന്
ഞാനെന്ന പൂച്ച കുതികുതിച്ച്
നീയാകുന്ന വാഹനത്തിന്റെ
കീഴിലരയാതെ
നിന്റെ കണക്കുകൂട്ടലുകൾ
തെറ്റിക്കുന്ന കാഴ്ച്ച
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകളുണ്ട്
എപ്പോഴും തെറ്റിപോകാറുള്ള
ചില ഉത്തമ സാധാരണ ഗുണിതങ്ങളുടെ
ഉത്തരങ്ങൾ പോലെതന്നെ
ഒരു നിമിഷാർധത്തിന്റെ
നിന്റെ വളയം തെറ്റലിനപ്പുറം
പിടിവിട്ടുപോയ ഞാനെന്ന ആത്മാവ്
ഓർമകളുടെ
കാഴ്ച്ചയില്ലാ കൊക്കയിലേക്ക്
കൈകൾ വിരിച്ച് പിടിച്ച്
പറ പറക്കുന്ന കാഴ്ച്ച
ഞാനീ അബോധത്തിന്റെ
ഗതകാലത്തുനിന്നൊന്ന് കയറിവന്നോട്ടേ
നിങ്ങളീ വർത്തമാനത്തിന്റെ
പുതുകാഴ്ച്ചകളുടെ നിമിത്തങ്ങളോരോന്നും
ഇപ്പോഴേ കണ്ടുവെച്ചേക്കണേ
അപ്പോൾ ഇനിയുമുണ്ടാകാം
അവിചാരിതമായി മാറ്റിവെയ്ക്കപ്പെടുന്ന
ചില കാഴ്ച്ചകൾ
Posted by
നികു കേച്ചേരി
at
2:24 PM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച
സാധ്യതകളുടെ തെരുവ്
വെയിലുരുകികിടക്കുന്ന ആ നാട്ടുവഴിയിൽനിന്ന് പഴമ മണക്കുന്ന ആ വീടിന്റെ ഇടിഞ്ഞുതുടങ്ങിയ പടിപ്പുര കടന്ന് പോകുന്നത് അയാളുടെ അച്ഛനായിരിക്കും. മുറ്റത്ത് പനമ്പിലുണങ്ങുന്ന നെല്ലു ചിക്കുന്നത് മിക്കവാറും അമ്മയായിരിക്കും.വീട്ടിലേക്കു ചെല്ലുന്ന അച്ഛൻ പറയുന്നത് കോൾപടവിൽ വന്ന മില്ലുകാരുടെ ധാർഷ്ട്യത്തെപറ്റിയായിരിക്കും. അല്ലെങ്കിൽ നഗരത്തിൽ ഉണരുന്ന കലാപത്തിന്റെ നാൾവഴികളായിരിക്കും. അമ്മയ്ക്കു പറയാനുള്ളത് പെരുമലയിലെ ശിവന്റെ അമ്പലത്തിലെ മറന്നുപോയ വഴിപാടുകളായിരിക്കും അതല്ലെങ്കിൽ മറന്നു പോയൊരു ജാറം മൂടലോ അതുമല്ലെങ്കിൽ സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പെടുത്തു വെക്കലായിരിക്കും. എല്ലാം ഒരോ സാധ്യതകൾ മാത്രം. അതിനപ്പുറം അമ്മ ആലോചിക്കുന്നത് അവളെ പറ്റിയായിരിക്കും
അവളിപ്പോൾ മഹാരാജാവിന്റെ നാമധേയത്തിലുള്ള പട്ടണത്തിലെ കോളേജിൽ ചരിത്രക്ലാസ്സിലിരിക്കുകയായിരിക്കും. കഥകൾ ചരിത്രമാകുന്ന നിർമിതികൾ കാണാപാഠം പഠിക്കുകയാവും. അതുമല്ലെങ്കിൽ നഗരത്തിലെ ഏതോ ഉദ്യാനത്തിൽ കൂട്ടുകാർക്കൊപ്പം വെറുതെയിരുന്ന് കലപില കൂട്ടുകയായിരിക്കും. ചിലപ്പോൾ കോളേജിലെ ലൈബ്രറിയിലെ ഇടനാഴിയിലെ മൗനത്തിന്റെ നിഴലുകളാൽ അലോസരപെട്ട് പി ജി യിലെ ബുദ്ധിജീവിനാട്യക്കാരനെന്ന് അവൾതന്നെ വിശേഷിപ്പിക്കാറുള്ള ഒരുവനുമായി ബുദ്ധമത നിഷ്കാസനത്തെപറ്റി കുശുകുശുക്കുകയാവും. ഇതെല്ലാം പലപല സാധ്യതകൾ തന്നെ.
ഇങ്ങനെയിരിക്കലും ജാരനെന്ന് പേരുള്ള അവൻ ചിന്തിക്കുന്നത് മിക്കവാറും വൈകുന്നേരത്തെ രഹസ്യ മീറ്റിങ്ങിനെ കുറിച്ചാവും. അതല്ലെങ്കിൽ അതിനുശേഷം നടക്കുന്ന പരിശീലന ക്ലാസ്സിനെ പറ്റിയായിരിക്കും. വെയിലൊതുങ്ങി വരുന്നേയുള്ളൂ എങ്കിലും ഇരുട്ട്‌വീഴാൻ തുടങ്ങിയ ആ വാഴതോപ്പിൽ ഒരു കൂട്ടത്തിന്റെ കൂടെയിരിക്കുമ്പോഴും ജാരനെന്ന് പേരുള്ള അവൻ വീണുപോകുന്ന ചിന്തയുടെ ആഴങ്ങളിൽ ഒരുപക്ഷേ ഒരു പൊൻപുലരിയുടെ ഇളവെയിൽ ചെരിഞ്ഞ് വീഴുന്നുണ്ടായിരിക്കാം. ഒരു മിന്നായം പോലെ വീശുന്ന വാൾതലപ്പുകളിൽനിന്നൊരു ശീല്ക്കാരം മിന്നലായി സകലമാന ദുരിതങ്ങളേയും കരിച്ചുകളയുമെന്നൊരു സ്വപ്നം അവൻ കാണുന്നുണ്ടാകാം. അതല്ലെങ്കിൽ ചിലപ്പോൾ ലൈബ്രറിയുടെ ഇടനാഴികളിലെ ജൈവികതയുടെ കുശുകുശുക്കലുകളിൽ മനം മറന്നിരിപ്പാവാം. എല്ലാം ചില സാധ്യതകൾ തന്നെ.
അപ്രകാരമൊരു അനന്തസാധ്യതാ പഠനത്തിനൊടുവിലായിരിക്കണം നിയോൺവെളിച്ചത്തിൽ നിന്നിരുന്ന അയാളുടെ നേർക്ക് ഞാൻ ചെല്ലുന്നത്. അപ്പോഴെന്റെ മുഖത്തുണ്ടായിരുന്നത് ഒരു പോക്കറ്റടിക്കാരന്റെ സ്വതസിദ്ധമായൊരു നിസംഗതയാവും. അതല്ലെങ്കിൽ ഒരു കൊലപാതകിയുടെ വിഭ്രാതമകമായൊരു ഭീതിയായിരിക്കും. ഏതൊരു ഭാവമായിരുന്നാലും അതിൽ പരമാവധി വശ്യത സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നിരിക്കണം. ആ വശ്യതയിലായിരിക്കണം ഞാനും അയാളും പരസ്പരം മറന്ന് പോയത്. ആ വശ്യതയിലായിരിക്കണം കരളിനെ പിളർന്നൊരു മിന്നലിനൊടുവിൽ നട്ടെലിലൊരു കത്തിമുനയുടെ കിരുകിരിപ്പാണോ അതോ കത്തിപിടിയിൽനിന്ന് കൈകളിലൂടെ മുകളിലേക്ക് കയറുന്ന ഒരു വിറയലിനുശേഷം മുഖത്തേക്ക് തെറിച്ച് ചുണ്ടുകളിലൂടെ ഒഴുകിയ ചുവപ്പിന്റെ കനപ്പാണോ ആദ്യം സംഭവിച്ചതെന്ന് മനസ്സിലാവാതെ പോയത്.
ഇതും ചില സാധ്യതകൾ മാത്രം എന്ന് മനസ്സിലാക്കുന്നിടത്ത് വെച്ചായിരിക്കും അയാൾ കൈകൾ വീശി വെളിച്ചത്തിലേക്ക് പോയതും ഞാൻ ഇരുട്ടുവീണ ഇടുങ്ങിയ ഗലിയിലേക്ക് തുടർന്നതും.
(Picture courtesy : JAGAN's PHOTOGRAPHY)
Posted by
നികു കേച്ചേരി
at
9:33 AM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
2013 ജൂലൈ 9, ചൊവ്വാഴ്ച
നിഴലുകൾ പറയാതിരുന്നത്

വരച്ചെടുത്ത എന്റെ മാത്രം ആകാശം
പെയ്യാതെ പെയ്ത്
ഒരു മാത്രകൊണ്ടപ്രത്യക്ഷമാകവേ
ഉള്ളം നിറഞ്ഞാർത്തലക്കുന്നുണ്ടാകാമൊരു
കടൽ
നിന്റെ മാത്രം കടൽ
ചുരമിറങ്ങി വരുന്ന
എന്റെ കുതിര
വസന്തം നരച്ചു തുടങ്ങിയ
നിന്റെ ഗ്രീഷ്മത്തിലേക്ക്
അശ്വമേധത്തിനിറങ്ങുമ്പോൾ
വഴിതെറ്റിപോകുന്നത്
ശിശിരത്തിലെ
കടൽക്കാറ്റിനുപ്പില്ലാത്ത
തീരങ്ങളിലേയ്ക്ക്.
പുറത്തേക്കുമകത്തേക്കും തുറക്കുന്ന
വാതായനങ്ങളാൽ
സ്വതന്ത്രമാക്കപെടുന്ന നമ്മൾ
നമ്മെ തുറന്നിടുന്നത്
ഉൾകാമനകൾ തിരമാലകൾ
തീർക്കാത്ത ഉൾക്കടലുകളിൽ.
എന്നിട്ടും നമ്മളിങ്ങനെ
നിലാവിന്റെ കടാപുറത്ത്
നിഴലുകളിൽ വിരിച്ചിട്ടുണക്കുന്ന
മീനുകളെപോലേ
ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടി
ചെകിളകൾ വീർപ്പിച്ച്
അന്യോന്യം
വിരൽചൂണ്ടി
ഇങ്ങനെയിങ്ങനെ......
Posted by
നികു കേച്ചേരി
at
11:00 AM
5
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013 മേയ് 4, ശനിയാഴ്‌ച
അങ്ങിനെയങ്ങിനെ ഒരു പ്രണയകാലത്ത്...

ഏറ്റവും നിരാശഭരിതമായ ഒരു രാത്രിയിൽ
എന്റെ കർത്താവേ...എന്റെ ദൈവമേ..
എന്നിങ്ങനെയുള്ള ആർത്തനാദങ്ങൾക്കും
വിങ്ങിപൊട്ടലുകൾക്കും ശേഷം
ലൂസിഫറെന്നൊരു ഇറച്ചി
ഉണങ്ങി ചവച്ചുതിന്നാൻ പാകമായി
വെള്ളിതാലത്തിലിരുന്ന്
പടിഞ്ഞാറേ മുറിയിലേക്കോ
കിഴക്കേമുറിയിലേക്കോ
എന്ന പദപ്രശനം പൂരിപ്പിക്കവേ.....
പടിഞ്ഞാറേ മുറിയിലിരിക്കുന്നത്
ബോധിസത്വനാണ്
നല്ല തുടുതുടുത്ത്
വെളുവെളുത്ത ബോധിസത്വൻ
കിഴക്കേമുറിയിലിരിക്കുന്നത്
സൂര്യനാണ്. . ..... .സൂര്യൻ
നല്ല ചുകചുകന്ന സൂര്യൻ
എന്നാൽ
കിഴക്കെമുറിയിൽനിന്നും
പടിഞ്ഞാറേമുറിയിലേക്കുള്ള പ്രയാണത്തിൽ
സ്ഥിരം നഷ്ടപെടുകയായിരുന്നെന്റെ
കർമ്മം.
അന്ന് പ്രണയമൊരു കുരിശ്ശായിരുന്നു
ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി
നിസ്സഹായനായി കഴുത്തൊടിച്ച്
കുത്തനെ നിൽക്കുന്ന
ഒരു കൽക്കുരിശ്ശ്.
കല്ലാണികളാൽ മുറിപെട്ട്
രക്തമൊഴുക്കി
നിരാലംബനായി നിലവിളിച്ചുകൊണ്ട്
കുന്നിൻമുകളിലേക്ക് രക്ഷപെട്ടോടുന്ന
ഒരു മരക്കുരിശ്ശ്.
ഒരു ദുഃഖവെള്ളിയിൽ
പരിഹാര പ്രദിക്ഷണത്തിനിടയിൽ
കണ്ട സ്വപനംപോലെ
വരിതെറ്റാത്ത
ഒരു പ്രണയക്കുരിശ്ശ്.
അങ്ങിനെയിരിക്കെ അന്ന് വൈകീട്ട്
ആർക്കും മനസ്സിലാകാത്ത ഒരു കവിത
എഴുതണമെന്ന് കരുതി
ഡയറിയിൽ പൂച്ച എന്ന
ആദ്യത്തെ വാക്കെഴുതിയപ്പോഴാണ്
സെക്കന്റ് ഫ്ലോറിലെ രണ്ടാം നംമ്പർ ഫ്ലാറ്റിലെ
നീലകണ്ണുള്ള പൂച്ച
ചാരിയിട്ട വാതിൽ മെല്ലെ തള്ളിതുറന്ന്
മേശക്കാലിനടുത്തുവന്ന്
മ്യാവൂ എന്ന് ആകുലപെട്ടത്.
അപ്പോൾ ഡയറിയിൽ കിടന്നിരുന്ന
എന്റെ പൂച്ച ഒന്ന് മൂരിനിവർന്ന്
വരകളിലേക്ക് കാലുകൾ നീട്ടി
ശരീരമൊന്ന് കുടഞ്ഞ്
മേശപ്പുറത്തുനിന്ന് താഴോട്ടു ചാടി
മ്യാവു.. മ്യാവൂ എന്ന് ആശ്വസിപ്പിച്ച്
പുറത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ്
അടുത്തതായി എഴുതുന്ന വാക്ക് തത്തമ്മയെന്നാണെന്ന്
ഞാൻ പറഞ്ഞത്
അത് കേട്ടപ്പോഴാണ്
പുറത്തേക്ക് പോയികൊണ്ടിരുന്നവർ
മത്സരിച്ചോടി വന്ന്
മേശപ്പുറത്ത് കയറി വീണ്ടും
കവിതയിലെ രണ്ട് വാക്കുകളായി
അനുസരണയോടെ കിടന്നത്
തത്തമ്മേ പൂച്ച പൂച്ച...
Posted by
നികു കേച്ചേരി
at
11:42 AM
6
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2013 മാർച്ച് 20, ബുധനാഴ്‌ച
ഉറുമ്പുകൾ അഥവാ സാമൂഹ്യജീവികൾ

അങ്ങിനെയിരിക്കെയാണ് ഞാൻ നിധിതേടിപോകുന്ന ഒരു ആട്ടിടയെനെകുറിച്ച് വായിക്കാനിടവന്നത്. അന്നുമുതൽ ഉരുക്കഴിയുന്ന എന്റെ ചിന്തകളിലെല്ലാം ഒരു നിധിയുണ്ടായിരുന്നു. എന്നാൽ ഞാൻ ആലോചിച്ചിരുന്നത് അതിനെ തേടിപിടിക്കുന്നതിനെകുറിച്ചല്ല മറിച്ച് എന്നെ തേടി വരുന്ന ഒന്നിനെ കുറിച്ചായിരുന്നു. ഉറക്കം നഷ്ടപെട്ട രാത്രികൾ. പൊതുവേ അലസമായ പകലുകൾ വീണ്ടും മന്ദഗതിയിലാവുന്നത് ഞാൻ അറിയാതെയല്ലാ.എന്നാൽ എവിടെനിന്ന് തുടങ്ങും എന്നറിയാതെ പരവേശപെട്ട് പുരയിടത്തിലെ ഓരോ ഇഞ്ചിലും ചെന്നെത്തുന്നതല്ലാതെ പകലുകൾ ഒന്നും കാണിച്ചുതന്നിരുന്നില്ല. അപ്പോൾ പിന്നെ ആശാഭരിതമായ അന്വേഷണങ്ങളെ നിലാവുകൾ അപഹരിക്കാൻ തുടങ്ങി. കൃഷ്ണേട്ടനും അപ്പൂപ്പനും കോടതിയിലെ ഗുമസ്ഥ പണിയാൽ നേടിയതൊന്നും നഷ്ടപെടുത്താതെ കൂട്ടിവെച്ചതിനാൽ എന്റെ തിരച്ചിലുകൾക്കു മുൻപിൽ ഒരു നാലേക്കർ പുരയിടം പെരുമലയുടെ താഴ്വാരങ്ങളോളം നീണ്ടു കിടന്നു.
പകലുകളിലുള്ള എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ആ നാളുകൾ ഉരുകിതീരുകയായിരുന്നു. എന്നാലും കിഴക്കേ അതിരിലെ പാലപ്പൂവുകൾ മണം പൊഴിക്കുന്ന രാത്രികളിൽ മിന്നാമിന്നികൾ മിന്നിതെളിയുമ്പോൾ അതിലൊരു വലിയ വെളിച്ചത്തെ വഴികാട്ടിയായി സങ്കല്പ്പിച്ച് ഞാൻ പറമ്പിന്റെ എല്ലാ മൂലകളിലും അലഞ്ഞുനടന്നു
അങ്ങിനെ മാസങ്ങളായുള്ള അലച്ചിലിനൊടുവിൽ അതെന്നെ തേടിവരുകതന്നെ ചെയ്തു. അത്ഭുതമായത്, പ്രതീക്ഷകൾ കൈവിട്ട ഒരു പകലിലാണ് അത് എന്നെ തേടിവന്നത് എന്നതാണ്. അശാന്തമായൊരു പകൽമയക്കത്തിൽ അമ്മൂമ്മ വന്നെന്നെ വിളിക്കുകയായിരുന്നു.
“പപ്പാ..നീയിതെവിടെയൊക്കെയാണ് തിരയുന്നത്?
നീയെന്തേ എന്റടുത്ത് വന്നില്ല! ഞാൻ കാണിച്ചു തരില്ലായിരുന്നോ കുട്ടന്......?
നീ കേട്ടിട്ടില്ലേ നഷ്ടപെട്ട ജീവിതങ്ങളിലെ ഒരിക്കലും തിളക്കം നഷ്ടപെടാത്ത കണ്ണുകളാണ് നിധികളായി മാറുന്നതെന്ന്??”
അമ്മൂമ്മയുടെ കണ്ണുകളിലെ തിളക്കം വീണ്ടും വീണ്ടും എന്റെ കണ്ണുകളിൽതട്ടി ചിതറവേ പകലുറക്കം മുറിഞ്ഞ് ഞാനെഴുന്നേറ്റു. പറമ്പിന്റെ മൂലയിൽ അമ്മൂമ്മയുറങ്ങുന്ന കള്ളിപാലയുടെ ചുവട്ടിലേക്ക് നടന്നു. അമ്മൂമ്മയവിടെ ഒറ്റക്കാണ് കാരണം കൃഷ്ണേട്ടന്റെ അച്ചൻ അതായത് എന്റെ അപ്പൂപ്പൻ ഒരു രാത്രിയിൽ പുറപെട്ടുപോകുകയായിരുന്നത്രേ. വിളക്കും തിരിയുമെല്ലാം എന്നോ നിന്നുപോയതാണ് എന്നാലും ഈ പുതിയ വെളിപാടിൽ ഉലഞ്ഞ ഞാനവിടെ എന്തെല്ലാമോ പ്രത്യേകതകൾ കണ്ടു. അമ്മൂമ്മ പറഞ്ഞതനുസരിച്ചാണെങ്കിൽ തലയ്ക്കൽനിന്നുതന്നെ തുടങ്ങണം എന്ന് മനസ്സിൽ കരുതി തിരിച്ചുപോന്നു.
അന്ന് വൈകീട്ട് അങ്ങാടിയിൽ മുരുകന്റെ ആലയിൽചെന്ന് രണ്ട് കൈകോട്ടും ഘനമുള്ളൊരു പിൿആക്സും വാങ്ങിയാണ് തിരിച്ചുപോന്നത്.അന്നത്തെ രാത്രിയ്ക്ക് കൂടുതൽ തെളിച്ചമുള്ളതുപോലേ തോന്നി. രാത്രി മുറ്റത്തേക്കിറങ്ങി പറമ്പിന്റെ തെക്കോട്ടുനോക്കിയപ്പോൾ കള്ളിപാലയ്ക്കു താഴേ മിന്നാമിനുങ്ങുകളുടെ ആകാശവും ഭൂമിയും. ഇത്രയും നാളത്തെ അന്വേഷണത്തിനിടയിൽ ഞാനെന്തേ അവിടെ എത്തിയിരുന്നില്ല എന്ന് വെറുതേ ചിന്തിച്ചുകൊണ്ട് നാളേ സൂര്യനുദിക്കും മുൻപേ പണിതുടങ്ങണം എന്ന് മനസ്സിലുറപ്പിച്ച് സ്വസ്ഥമായി ഉറങ്ങി.
നേരത്തേയെഴുന്നേറ്റ് പെട്ടന്നുതീർത്ത പ്രഭാതകർമ്മങ്ങൾക്കുശേഷം വർദ്ധിച്ചൊരുൽസാഹത്തോടെ കള്ളിപാലയ്ക്ക് ചുവട്ടിലെത്തി കരിയിലകൾ നീക്കാൻ തുടങ്ങി. പാലമരത്തിനു ചുവട്ടിൽനിന്നൊരു ചേര ശരംവിട്ടപോലേ പാഞ്ഞുപോയി. കരിയിലകൾക്കിടയിൽനിന്ന് പുറത്തു ചാടിയ ഒരു ഓന്ത് ധിറുതിയിൽ പാലമുകളിലേക്ക് കയറി. ഉറുമ്പുകളുടെ ഒരു കൂട്ടം ആവാസവ്യവസ്ഥിതിയിൽ വന്ന മാറ്റത്തിൽ പ്രതിഷേധിച്ച് അവിടമാകെ പരന്നു. ഞാൻ കൈക്കോട്ടെടുത്ത് പുലർകാല മഞ്ഞിന്റെ നനവുള്ള മേൽമണ്ണ് നീക്കാൻ തുടങ്ങി. മണ്ണിരകൾ പുളഞ്ഞുകുത്തി ആഴങ്ങളിലേക്ക് പോകാൻ വൃഥാശ്രമം നടത്തികൊണ്ടിരുന്നു. ഏതൊരു രീതിയിലും നിധി നഷ്ടപെടരുതെന്ന ചിന്തയിൽ ആദ്യം ഓർമ്മയിലെത്തിയത് ആറടി നീളമായിരുന്നു അതിനാൽ തന്നെ വീതിയും ആറടിയാകാമെന്ന് തീരുമാനിച്ച് കുഴിയെടുക്കാൻ തുടങ്ങി.
അന്നത്തെ ദിവസം ഉച്ചകഴിഞ്ഞപ്പോൾ തന്നെ മേൽമണ്ണ് മുഴുവൻ കുഴിക്കു പുറത്തെത്തി. സായാഹ്ന സൂര്യന്റെ മഞ്ഞവെളിച്ചത്തിൽ മേല്മണ്ണ് അഴിഞ്ഞുപോയ ചെങ്കൽപാറ കുഴിക്കടിയിൽ ഉരുകിയൊലിച്ചു കിടന്നു. പിൿആക്സിനു കൊത്തി അടരുകളായി പൊളിച്ചെടുത്ത ചെങ്കൽപാളികൾ കുഴിക്കു മുകളിലെത്തിക്കുന്നതിന്റെ കാഠിന്യം എന്നെ തളർത്തിയതിനൊപ്പം നാളെയൊരു കപ്പിയും കയറും വാങ്ങാം എന്ന ചിന്തയോടെ ഞാൻ അന്നത്തെ പണിനിറുത്തി കുഴിയിൽ നിന്നും കയറി.
പിന്നീട് തുടർച്ചയായ രണ്ടുദിവസവും ഞാൻ നിതാന്തജാഗ്രതയോടെ കുഴിയെടുക്കൽ തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ നാട്ടുകാരും വീട്ടുകാരിൽ ചിലരും പലപ്പോഴായി കുഴിക്കു മുകളിലെത്തിയിരുന്നു. അവരുടെ കണ്ണുകളിലെ “ എന്തിനാ പപ്പാ ഈ കുഴി?” എന്ന ചോദ്യത്തെ “കിണർ” എന്ന ഉത്തരവുമായി നേരിടുമ്പോഴും അവരുടെയെല്ലാം, പ്രത്യേകിച്ച് നാട്ടുകാരുടെ മുഖഃത്തെ “ ചതുരത്തിലാ കിണർ കുഴിക്ക്യാ?” “അതും പോട്ടേ ഇവനെന്തിനാപ്പോ രണ്ടാമതൊരു കിണർ?” എന്നീ സംശയങ്ങളെ തീർത്തും അവഗണിച്ച് ഞാൻ ലക്ഷ്യത്തിലേക്കുള്ള പിൿആക്സ് മുനകൾ, വിരിഞ്ഞുകിടക്കുന്ന ചെങ്കൽ പാളികളിൽ ആഞ്ഞാഞ്ഞ് പതിപ്പിച്ചു കൊണ്ടിരുന്നു.
നാലാം ദിവസമായപ്പോഴേക്കും അമ്മൂമയുടെ വാക്കിൽ വിശ്വാസം നഷ്ടപെട്ടിരുന്നില്ലെങ്കില്കൂടി ചുകചുകന്ന പാറക്കൂട്ടങ്ങൾ എന്നെ തളർത്താൻ തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും കുഴിയുടെ വശങ്ങളിൽ ചാരിനിന്ന് കണ്ടെടുക്കാൻ പോകുന്ന നിധിയുടെ മായക്കാഴ്ച്ചകളിൽ ഞാൻ അടിമുടി നനയാൻ തുടങ്ങുമായിരുന്നു. കുഴിയുടെ അടിത്തട്ടിൽ പലയിടത്തും ചെവി ചേർത്ത്വെച്ച് നിധിയുടെ കിലുക്കം കേൾക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വീണ്ടെടുക്കുന്ന വിശ്വാസങ്ങളുടെ ബലം പേശികളിൽ നിറച്ച് വെട്ടിയാൽ തീ പറക്കുന്ന ആ ചെങ്കൽപാറകളെ ഞാൻ കീഴടക്കികൊണ്ടിരുന്നു.
അങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ അന്ന് ഉച്ചയൂണ് കഴിഞ്ഞിറങ്ങിയ ആദ്യത്തെ കൊത്തിൽ, സാധാരണ പുറകോട്ട് തെറിക്കുമായിരുന്ന പിൿആക്സിന്റെ മുന ചെങ്കൽ പാളിയിൽ ഒരു ദ്വാരമുണ്ടാക്കി ആഴങ്ങളിലേക്ക് പോകുകയാണ് ചെയ്തത്. ആകാംക്ഷയോടെ പിൿആക്സ് വലിച്ചൂരിയ ഞാൻ കാണുന്നത് ആ ദ്വാരത്തിൽനിന്ന് തിങ്ങിഞ്ഞെരുങ്ങി പുറത്തേക്ക് വരുന്ന ഉറുമ്പുകളുടെ ഒരു വലിയ പ്രവാഹത്തേയാണ്...കേഴ്ക്കുന്നത് ഓംകാരമടങ്ങിയ ഹുങ്കാരശബ്ദമാണ്.
ഉറുമ്പുകൾ...ഉറുമ്പുകൾക്കു പിറകേ ഉറുമ്പുകൾ!!. അവർ കുഴിയുടെ അടിത്തട്ടിൽ പരക്കാൻ തുടങ്ങി. പിന്നേയും പിന്നേയും ഉറുമ്പുകളുടെ മഹാപ്രവാഹം. കാൽവിരലിലൂടെ അവർ മുകളിലേക്ക് കയറുന്നുണ്ട്... ഉറുമ്പുകൾ എന്നെ പൊതിയുന്നത് ഞാൻ അറിയുന്നുണ്ട്... ആവാസവ്യവസ്ഥയിൽനിന്ന് ആട്ടിയോടിക്കപെട്ടവരുടെ തിരിച്ചുവരവിന്റെ മുക്രശബ്ദം ഞാൻ കേൾക്കുന്നുണ്ട്..എന്നാൽ ഞാൻ കീഴടങ്ങിയവനാണ്...സ്വഭാവികമായ അധിനിവേശമാണ് ഉറുമ്പുകൾ നടത്തുന്നത്. അനുവദിച്ചുകൊടുത്തില്ലെങ്കിലും അവരത് നടപ്പാക്കുമെന്ന് എനിക്കറിയാം.
ഒന്നും ചെയ്യാനില്ലാതെ, ആമാശയത്തിൽ ബാക്കിയായ വറ്റുകൾ പങ്കിട്ടെടുക്കുന്നവരുടെ, തലയോട്ടിക്കുള്ളിലെ മടക്കുകൾ കീഴടക്കുന്നവരുടെ, എല്ലിൻകുഴലിലെ മജ്ജയിൽ തേരോട്ടം നടത്തുന്നവരുടെ, ചിട്ടയായ താളങ്ങളിൽ സ്വയം നഷ്ടപെട്ട് ഞാനാകുഴിയിൽ അഴിഞ്ഞു വീണു..
Posted by
നികു കേച്ചേരി
at
1:26 PM
5
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
2013 ജനുവരി 31, വ്യാഴാഴ്‌ച
ചിലതുണ്ടിങ്ങനെ...
ചിലതുണ്ടിങ്ങനെ...
ഒരു പ്യൂപ്പയായിരുന്ന്
പ്യൂപ്പയിലേ ഒടുങ്ങുന്നവർ
മറ്റുചിലതുണ്ട്
പ്യൂപ്പയിൽനിന്നിറങ്ങി
ചൊറിഞ്ഞ് തിടംവെപ്പിച്ച്
കറുത്ത പാടുകളവശേഷിപ്പിച്ച്
വിസ്മൃതിയുടെ കഴുകൻതീറ്റകളാകുന്നവർ
ഇനിയും ചിലത്
പൂമ്പാറ്റകളാകുന്നു
പരാഗണമെന്ന കർമ്മം
തീർക്കുന്നവർ.
-------------------------------------------
2)
നിലാവിന് പ്രണയമാണ്
രാത്രിയോട്
രാത്രിക്ക് വെറുപ്പാണ്
നിലാവിനോട്
നീയെന്തിനെൻ
പുഴുത്ത വൃണങ്ങളെ,
ചോരയിറ്റുന്ന ചുണ്ടുകളെ,
മുറിഞ്ഞ കൈതണ്ടയിലെ,
ഇരുമ്പുദണ്ഠിൽ കോർത്ത
ഹതാശയരായ ജീവന്റെ അമ്ളരസം
ചോർന്ന ജനിപേടകങ്ങളെ
കാണാൻ എന്നും വരുന്നു?
നിലാവ് പിന്നേയും
ഇരുട്ടിന്റെ ഇടവഴികളിൽ
തക്കംപാർത്തിരിക്കുന്ന കെട്ടിടങ്ങളുടെ
നിഴലുകളിൽ അലറിപായുന്ന
ബസ്സുകളിൽ കൂകുന്നൊരു
ട്രെയിനിന്റെ ഇടനാഴികളിൽ
ചെരിഞ്ഞു വീണുകൊണ്ടിരുന്നു
നിലാവിന് ഇരുട്ടിനെ പ്രണയമായിരുന്നു
എന്നിട്ടും അമാവാസിയെന്നൊരാൾ
അന്ന് ഇരുട്ട് ചെയ്യുന്നതൊന്നും
നിലാവിനോട് പറയാതെ
എന്നും പറ്റിക്കുമായിരുന്നു
വെറുതേ..
---------------------------------------------------
3)
ഇപ്പോൾ
ദുഃഖ വെള്ളി ചിരിക്കുകയാണ്
വ്യാഴത്തിനെ നോക്കി
തൊട്ടടുത്ത നിമിഷം
ശനിയെ നോക്കി കരയേണ്ടതാണെന്ന്
മറന്ന്
---------------------------------------------------------------
Posted by
നികു കേച്ചേരി
at
9:15 PM
8
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 നവംബർ 14, ബുധനാഴ്‌ച
യാത്രയിൽ മരിച്ചുപോകുന്നവർ...
യാത്രചെയ്തിട്ടുണ്ടോ...?
സ്പീഡോമീറ്ററിൽ 120 കഴിയുമ്പോൾ
ഒന്നുകൂടി ചേർന്നിരുന്ന്
അവന്റെ മുഃഖത്തേക്ക് പാളിനോക്കി
ഒരു ബൈക്കിന്റെ പുറകിലിരുന്ന്
പാഞ്ഞുപോയതിനെകുറിച്ചല്ല
കട്ടിലിൻതലയ്ക്കൽ
കൈകളിൽ മുഃഖം പൂഴ്ത്തി
കുനിഞ്ഞിരിക്കുന്നവന്റെ
പുറകിലൂടെവന്ന് തോളില്കൈയ്യിട്ട്
മഞ്ഞ്‌വീണ ഒറ്റയടിപാതയിലൂടെ
തെന്നി തെന്നി ഒഴുകിയതുമല്ല
നരച്ച മണൽപ്രഭാതങ്ങളിലേയ്ക്ക്
വലിച്ചെടുക്കപെടുന്നവന്റെ കൂടെ
ഒരു കാറിന്റെ പുറകിലെ സീറ്റിലിരുന്ന്
പുറത്ത് പിന്നിലേയ്ക്ക് പിന്നിലേയ്ക്ക് പായുന്ന
കൈതവരമ്പിലേയ്ക്ക്
കുതറിതെറിക്കുന്നതിനെ പറ്റിയുമല്ലതന്നെ
ശരിക്കും
ചുരുട്ടിയെടുക്കാൻ ഒരു വെയിൽക്കീറുപോലുമില്ലാതെ
കുന്നിൻമുകളിലെ
നിലാവ് വീണ് നരച്ച തടാകത്തെ
സ്വപ്നംകണ്ട് മരിച്ചവരുടെ കൂടെ
യാത്ര ചെയ്തിട്ടുണ്ടോ?
Posted by
നികു കേച്ചേരി
at
11:03 PM
11
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച
എനിക്കും നിനക്കുമിടയിലെന്ത്?
അന്തിയാകുംവരേക്ക്
നമുക്കകന്നിരിക്കാം
ബലിച്ചോറു കൊത്തുന്ന
കാകദൃഷ്ടികളിൽ ഉരുകുമ്പോൾ
വിധിയെന്ന കോമരംതുള്ളാം
രാവേറുമ്പോൾ
ചത്തുകെട്ട്പോയവളെ പറ്റി
പതം പറഞ്ഞു ചിരിക്കാം
ഉന്മാദത്തിന്റെ ചാവുകടലിൽ
പൊങ്ങിപരക്കുമ്പോൾ
കണ്ണോക്കുവന്ന പലഹാരങ്ങളുടെ
കാറമണത്തെ പേർത്തും പേർത്തും
നമുക്കാശ്ഛര്യപെടാം
ചിതയിൽ പുഴുകിവെന്ത്
അലിയുമ്പോൾ
ഉയരുന്ന മണത്തിന്
നിന്റെ വിയർപ്പുഗന്ധത്തേക്കാൾ
രൂക്ഷത കൂടുതാലാണെന്ന്
ഗദ്ഗദത്തോടെ വിങ്ങിപൊട്ടാം
അവസാനം
കിടക്കയിലും തലയിണയിലും
പരക്കുന്ന നിന്റെ ചോരയിൽ
ഞാൻ ലിറ്റ്മസ് ടെസ്റ്റ് നടത്തുമ്പോൾ
നീ ശാന്തമായി ഉറങ്ങണം
പിന്നെ ഞാനും
പുലയാണ് പെണ്ണേ
അന്തിയാകുംവരേക്ക്
നമുക്കകന്നിരിക്കാം
2012 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച
ഒരു ആത്മാഹുതിയുടെ ഗാഗുൽത്താ വഴികൾ
എന്തിനായിരുന്നെന്ന ചോദ്യമാണ്
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്
ചില ദിവ്യഗർഭങ്ങളുടെ
ആശ്ചര്യം
ഒരു കവിൾ ചായയുടെ
അർധവിരാമത്തിൽ
നിറുത്തുകയാണ് ചിലർ
വിലാവിലേറ്റ മുറിവുമായി
മല കയറിയ ഒരുവൻ
തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു
ഇനി പഴമ്പൊരിയിലെ
പഴം തപ്പുന്ന ചിലർ
പറയുന്നത്
ഞങ്ങളവന് വിനാഗരിയിൽ
മുക്കിയ നീർപഞ്ഞി കൊടുത്തില്ലെന്നാണ്
എന്നാൽ ഭൂമി കുലുങ്ങുകയോ
പാറകൾ പിളരുകയോ
ശവകുടീരങ്ങൾ തുറക്കപെടുകയോ
ചായക്കടയിലെ തിരശ്ശീല
നെടുകെ കീറുകയൊ
ചെയ്തില്ലെന്നാണ്
മറ്റുള്ളവരുടെ സാക്ഷ്യം
ഇതൊക്കെയാണെങ്കിലും
ആരാണെന്ന ചോദ്യം
മലമുകളിലെ മരക്കൊമ്പിൽ
ഇപ്പോഴും
പുഴുവരിച്ചുകിടന്നാടുന്നുണ്ട്>
ആദ്യം ഗാഗുൽത്താ മലയിറങ്ങിവന്നത്
ചില ദിവ്യഗർഭങ്ങളുടെ
ആശ്ചര്യം
ഒരു കവിൾ ചായയുടെ
അർധവിരാമത്തിൽ
നിറുത്തുകയാണ് ചിലർ
വിലാവിലേറ്റ മുറിവുമായി
മല കയറിയ ഒരുവൻ
തലയിലെ മുൾക്കിരിടം
അഴിച്ചുവെച്ചതായിരിക്കാമെന്ന്
പത്രതാളുകളിലെ
പൂർണവിരാമങ്ങളിൽ
ചിലർ തപ്പിതടയുന്നു
ഇനി പഴമ്പൊരിയിലെ
പഴം തപ്പുന്ന ചിലർ
പറയുന്നത്
ഞങ്ങളവന് വിനാഗരിയിൽ
മുക്കിയ നീർപഞ്ഞി കൊടുത്തില്ലെന്നാണ്
എന്നാൽ ഭൂമി കുലുങ്ങുകയോ
പാറകൾ പിളരുകയോ
ശവകുടീരങ്ങൾ തുറക്കപെടുകയോ
ചായക്കടയിലെ തിരശ്ശീല
നെടുകെ കീറുകയൊ
ചെയ്തില്ലെന്നാണ്
മറ്റുള്ളവരുടെ സാക്ഷ്യം
ഇതൊക്കെയാണെങ്കിലും
ആരാണെന്ന ചോദ്യം
മലമുകളിലെ മരക്കൊമ്പിൽ
ഇപ്പോഴും
പുഴുവരിച്ചുകിടന്നാടുന്നുണ്ട്>
Posted by
നികു കേച്ചേരി
at
7:52 PM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 ജൂലൈ 18, ബുധനാഴ്‌ച
പ്രണയമൊരു പോരാട്ടമാകുന്നത്..
മുത്തശിയുടെ കാല്പെട്ടിയിൽനിന്ന്
നരച്ചൊരു മഴ പുറത്തേക്ക്
ചാറുന്നുണ്ട്.
വരാന്തയിലൊരു കോണിൽ
കൂനിയിരിപ്പുണ്ട് മുത്തശ്ശി.
ഇടിക്കല്ലിൽ കളിയടക്ക
ഇടിക്കുന്ന ഓരോ ഇടിയിലും
ചിലവാക്കുകൾ ഞെരുങ്ങി
പുറത്തേക്ക് തെറിക്കുന്നുണ്ട്
വക്കുടയാതെ.
“ഓനൊരു ആങ്കുട്ടിയാ
ഇന്റെ മോളെ അവൻ നല്ലോണം നോക്കും
ഇയ്ക്കതുറപ്പാ”
ഇതുപോലൊരാൾ
വടക്കേലെ വീടിന്റെ കോലായിലുമുണ്ടാകും
ചാരുകസേരയിലിരുന്ന്
വിരലുകൾക്കിടയിലൂടെ നീങ്ങുന്ന
ജപമാലയുടെ മുത്തുകൾക്കൊപ്പം
പുറത്തേക്കുരുളുന്ന ഉപ്പൂപ്പായുടെ വാക്കുകൾ
ഇവിടെയിരുന്നാലും കേൾക്കാം
“ഓളെന്റെ മോളാ
ഈ കൈയ്യീകെടന്ന് വളർന്ന കുട്ട്യാ”
പടിപ്പുരയിലെറിഞ്ഞ കണ്ണുമായി
അമ്മ നില്ക്കുന്നുണ്ട് തൂണുംചാരി
മുറ്റത്ത് ജീപ്പിന്റെ ചക്രം വരച്ച
ചാലുകളിലൂടെ ഉരുൾപൊട്ടുന്ന
കുത്തൊഴുക്കിലേക്ക് നോക്കി
അച്ഛനിരിപ്പുണ്ട്
ഒട്ടും ചിതറാതെ.
അമ്മമാരെല്ലായിടത്തും ഒരുപോലെ
റോഡിലേക്ക് നീളുന്ന കണ്ണുമായി
അവിടേയുമുണ്ടാകുമൊരുമ്മ
ടെലിഫോണിന്റെ ചിലമ്പലിനപ്പുറം
നിശബ്ദ്ധതയുടെ മരുഭൂമിയിൽ
പൊള്ളാതെയിരിക്കുന്നുണ്ടാവുമൊരുപ്പ.
അങ്ങാടിയിലുമുണ്ടാകും
രണ്ടു കൂട്ടങ്ങൾ
രാകിമിനുക്കി കൂർപ്പിച്ച്
പൊട്ടാൻ പാകത്തിന്
വെടിമരുന്ന് നിറച്ച്
കത്തുന്ന കഴുകൻ കണ്ണുകളുമായി
ഒരു കൂട്ടം ജോസേട്ടന്റെ കടയുടെ
മുന്നിലുണ്ടാവും
മറ്റൊരു കൂട്ടം വായനശാലക്കു മുൻപിലും
കടയുടെ ഷട്ടറിടാൻ
പാകത്തിന് പുറത്തു നിക്കുന്നുണ്ടാവും
ജോസേട്ടൻ.
മുത്തശ്ശി നീട്ടിതുപ്പിയത്
മഴയിലലിഞ്ഞ്
മുറ്റത്തു പടർത്തുന്ന ചുവപ്പിൽ
കുതിച്ചോടുന്ന ഒരു തീവണ്ടിയുംനോക്കി
ഞാനിരിക്കുന്നുണ്ട് തിണ്ണയിൽ
ഒരു മോർച്ചറിയിലെ
പ്രണയപ്പോരാളികളുടെ
നിലവിളിയും കേട്ട്
ഒറ്റക്ക്.
Posted by
നികു കേച്ചേരി
at
6:52 PM
9
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 ജൂൺ 28, വ്യാഴാഴ്‌ച
കടലിലേക്ക് നീളുന്ന ഒരു കിണർ
അന്നെന്താണെന്നറിയില്ല..ഈ കഥയില്ലാകൂട്ടത്തിലെ ചാക്കൂ.. എന്ന് ഞാൻ ഞാൻ വിളിക്കുന്ന ചാക്കുണ്ണിയെന്ന പ്രിയ സുഹൃത്തായിരുന്നു നോട്ട്പാഡിൽ കയറിയിരുന്നത്. സുഹൃത്തെന്നു പറഞ്ഞാൽ അതിത്തിരി അതിശയോക്തിപരമാകും കാരണം ടി യാൻ ഞങ്ങളുടെയെല്ലാം തൊട്ടുമുന്നിലെ തലമുറയോടൊപ്പം വളരുകയും അവരോടിടപഴകുന്ന അതേ വിശാലതയിൽ ഞങ്ങളുടെ ഹൃദയങ്ങളെ തൊട്ടുനില്ക്കുകയുമായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഞങ്ങളുടെ കൗമാരത്തിൽ തലയുയർത്തി നിന്നിരുന്ന വ്യക്തിത്വമായിരുന്നെന്നു സാരം.
ചാക്കുണ്ണിയുടെ പൂർവ്വാശ്രമം തിരക്കിയാലെത്തുന്നതും മറ്റൊരു കഥയില്ലായ്മയിലെക്കാണ്. എന്നാൽ നാരയണിയേട്ടത്തിക്ക് അതിനെ പറ്റിയൊരു കഥയുണ്ട്. അടയാളപെടുത്താത്ത ചരിത്രത്തിലെ ഏതോ ഒരു ശിവരാത്രിനാളിൽ പെരുമലക്കുമുകളിലെ അമ്പലത്തിനടുത്തുള്ള പാതാളക്കിണറിനടുത്തുനിന്ന് ഒരു കീറചാക്കിൽ കിടന്നുകിട്ടിയതാ പോലും അവനെ. സ്വതവേ കഥയില്ലായ്മക്കരായ ഞങ്ങൾക്കതിലെ കഥയുടെ പുറംതോട് തുരക്കാൻ താൽപര്യമില്ലായിരുന്നു കാരണം ചാക്കുണ്ണിയെന്നത് ഒരു സത്യമായി ഞങ്ങളുടെ മുന്നിലുണ്ട്.
എന്റെ നാട്ടിലെ മനുഷ്യർക്കൊന്നും ഒരു കഥയില്ലെങ്കിലും ഈ പാതാളക്കിണറിനൊരു കഥയുണ്ട്. പെരുമലക്കുന്നിലെ ശിവന്റെ അമ്പലത്തിനടുത്ത് പേരു സൂചിപ്പിക്കുന്ന പോലെ ദൃഷ്ടികൾ അടിത്തട്ടിലെത്താൻ സമ്മതിക്കാതെ നീണ്ടുനിവർന്ന് താഴേക്കു പോകുന്ന ഈ കിണറിൽ ചാടിയാൽ പൊങ്ങുന്നത് പിന്നെ അങ്ങ് അറബികടലിലായിരിക്കുമത്രെ. പണ്ട് കുന്നിൻ ചെരുവിൽ എപ്പോഴും കണ്ടുമുട്ടുമായിരുന്ന നൊസ്സൻ ചാത്തുവിന്റെ ദുരൂഹമായ തിരോധാനവും, കുന്നിന്മുകളിൽ നിന്നൂള്ള കാഴ്ച്ചയിലെ ചാവക്കാട് കടലും കാണിച്ച് മറ്റുള്ളവരോട് ഞങ്ങളൊന്നുകൂടി ഉറപ്പിക്കാറുണ്ടീ കഥ.
അങ്ങാടിക്കടുത്തുള്ള കുറുപ്പത്തെ പറമ്പിലെ മുതുക്കൻമാവുഞ്ചോട്ടിലെ ഇരുപത്തെട്ടു കളിയിൽ ആവേശം മൂത്ത് വഴക്കുണ്ടാക്കി ചീട്ടുകീറി എഴുന്നേറ്റുപോകുന്ന ചാക്കുണ്ണി വൈകുന്നേരങ്ങളിൽ വെള്ളക്കുളം ഓവലിൽ നടക്കുന്ന ക്രിക്കറ്റുകളിക്കിടയിൽ പഴയ വെസ്റ്റിന്ത്യൻ കളിക്കാരെ പറ്റി വാചാലനായി പാടവരമ്പത്തുണ്ടാവും.അതിനുശേഷം നീലംങ്കാവിലെ ആൽത്തറയിലോ അതിനടുത്ത വായനശാലാ മതിലിലോ കൊഴുക്കുന്ന ഓരോ ചർച്ചയിലും പലവിധ ഇടപെടലുകളുമായി അഭിപ്രായങ്ങളുമായി നിറസാനിധ്യമായിരുന്നു.നാടകങ്ങളും സിനിമാചർച്ചകളും കവർന്നിരുന്ന അന്നത്തെ ഒരു കൗമാരസായന്തനത്തിൽ ആരോ തുടങ്ങിവെച്ച ഒരു മൃതദേഹവും ഒരു ഈച്ചയും മാത്രമുള്ള ഒരു സിനിമയുടെ സാധ്യതകളിലൂടെ പറന്ന് പറന്ന് സിനിമയുടെ അവസാനത്തെ കുറിച്ച് ആലോചിച്ച് നഷ്ടപെട്ട ഒരു സന്ധ്യക്കൊടുവിൽ ആ മൃതശരീത്തിന്റെ മൂക്കിനുള്ളിലൂടെ ആ ഈച്ചയെ കടത്തിവിട്ട് ചാക്കുണ്ണിയുണ്ടാക്കിയ ക്ലൈമാക്സിൽ തലയോട്ടിക്കുള്ളിലൊരു ഇരമ്പലുമായി എല്ലാവരും തലകുടഞ്ഞെഴുന്നേറ്റു. ഇന്നും ഒരു മൃതശരീരം കാണുമ്പോൾ അന്നത്തെ ഇരമ്പൽ ഞാനറിയാതെ കടന്നു വരാറുണ്ട്. ഒരു പക്ഷേ പെരുമണ്ണിന്റെ ഇനി അടയാളപെടുത്താൻ പോകുന്ന ചരിത്രങ്ങളിൽ ചാക്കുണ്ണി ഉണ്ടായില്ലെന്നു വരാം എങ്കിലും ഞങ്ങളുടേയും അതിനപ്പുറവും ഇപ്പുറവുമുള്ള തലമുറകളുടെയും ഇന്നലെകളെ തിരിച്ചുപിടിക്കാൻ ഊളിയിടുന്ന സ്മൃതിപഥങ്ങളിലെങ്കിലും ചാക്കുണ്ണിയുണ്ടാവും തീർച്ച.
അങ്ങിനെ തിമർത്താടിയിരുന്ന കൗമാരഹൃദയങ്ങൾ യൗവ്വനത്തിലേക്കുള്ള പറിച്ചുനടീലിന്റെ കാലത്ത് പലരും കൂട്ടംതെറ്റി കൂടെ ഈയുള്ളവനും. എന്നാൽ ചിലർ അപ്പോഴും കഥയില്ലാത്തവരുടെ കൂടെ നാട്ടിൽതന്നെ ഉറച്ചു, കൂട്ടത്തിൽ ചാക്കുണ്ണിയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീടുള്ള ഓരോ അവധിക്കാലത്തും നാട്ടിലെത്തുമ്പോൾ പലരും പറഞ്ഞുതുടങ്ങുന്നതുതന്നെ അവന്റെ മാറ്റങ്ങളെ പറ്റിയായിരുന്നു. അവനൊരു കുത്തകമുതലാളിയായെന്നായിരുന്നു ഒരിത്തിരി തമാശകലർത്തിയ അവരുടെ ആദ്യത്തെ ആരോപണം. കളിയിടങ്ങളിൽനിന്നെല്ലാം ഒഴിവായി വായനശാലയിലെ പതിവു സന്ദർശനം നിറുത്തിയ ചാക്കുണ്ണിയെ പറ്റി പലരും വാചാലരായി. ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പഞ്ചായത്തിൽനിന്നും ഏതോ വകുപ്പിൽ അനുവദിച്ചുകിട്ടിയ കുറച്ചു രൂപാ ചെറിയ രീതിയിൽ ആയിരവും രണ്ടായിരവുമായി അങ്ങാടിയിൽ പലിശക്ക് കൊടുത്ത് ദിവസപിരിവിന് അങ്ങാടിയിൽ കറങ്ങുന്ന ചാക്കുണ്ണിയെ. എന്നാൽ മേല്പറഞ്ഞ ഇടങ്ങളിലെ ചില ഉൾവലിയലുകൾ മാറ്റിനിറുത്തിയാൽ എന്നോടുള്ള പെരുമാറ്റത്തിലോ സമീപനത്തിലോ ഒരു മാറ്റവും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.
അങ്ങിനെയിരിക്കെ ഈ കഴിഞ്ഞ അവധിക്കാലത്ത് അന്യംനിന്നു പോകാതെ ഞായറാഴ്ച്ചകളിലെങ്കിലും ഇപ്പോഴും നിലനില്ക്കുന്ന ഞങ്ങളുടെ പതിവു ചീട്ടുകളിക്കായി കുറുപ്പത്തെ പറമ്പിലേക്കുള്ള നടത്തത്തിനിടെ അങ്ങാടിയിൽ വെച്ച് ചാക്കുണ്ണി എതിരെ വരുന്നു.
“എന്തൂട്ടാ ഇന്ന് പരിപാടി?”
എന്ന സ്വന്തം ചോദ്യത്തിനു എന്നിൽ നിന്നൊരു ഉത്തരം വരുന്നതിനു മുൻപ്
“നമുക്കൊരു ഇടം വരെ പോകാനുണ്ടെന്ന്”
പറഞ്ഞപ്പോൾ എന്റെ വിദൂരമായ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല ഞങ്ങളുടെ യാത്ര പെരുമലയുടെ മുകളിലേക്കായിരിക്കുമെന്ന്.
മഞ്ഞവെയിലിനൊപ്പം കണ്ണാന്തളിപൂക്കളും ചാഞ്ഞു കിടന്നിരുന്ന പെരുമലയുടെ പുൽതകിടിയിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നു. അവിടെയെത്തുന്നതുവരെ അവനു പറയാനുണ്ടായിരുന്നത് പലരുടേയും കഥയില്ലായ്മയുടെ കഥകളായിരുന്നു. പലരേയും സഹായിച്ചതും, കടം വാങ്ങിയ അടുത്ത സുഹൃത്തുക്കളിൽനിന്നുപോലും പൈസ തിരിച്ചുകിട്ടാതിരുന്നതും, വീണ്ടും ചോദിച്ചപ്പോൾ ഇല്ലായെന്ന് പറയേണ്ടി വന്നതും, അവരെല്ലാം എതിരായതും, പലയിടങ്ങളിൽനിന്നും നിഷ്കാസിതനായതും ഒരുപാടു നിരാശതയോടെ അവൻ പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം
“വയ്യടാ, എനിക്കു മടുത്തു”
എന്ന് ചാക്കുണ്ണി പറഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ പെരുമലയുടെ മുകളിലെത്തിയിരുന്നു.
വെയിൽ മുഴുവനായും മലയിറങ്ങി പോയിരുന്നില്ല എന്നാലും നനുത്ത കുളിരാർന്നൊരു കാറ്റ് ഞങ്ങളെ തണുപ്പിച്ചുകൊണ്ട് അവിടെയെങ്ങും കറങ്ങികൊണ്ടിരുന്നു. ചാക്കുണ്ണി എന്നെയും കൊണ്ട് പാതാളകിണറിനടുത്തേക്കാണ് പോയത്.
“ഈ കിണറും ഞാനും തമ്മിലുള്ള ബന്ധം നിനക്കറിയാം. കഥകളിലെ ഞാൻ കിടന്നിരുന്നതിവിടെയെവിടേയെങ്കിലും ആകും. പക്ഷേ എനിക്കറിയാം ഈ കിണറാണെന്റെ അമ്മ. അറബിക്കടലോളം നീണ്ടുകിടക്കുന്ന എന്റെ അമ്മ.”
ഞാനാ കിണറിന്റെ കൽകെട്ടുകളിൽ കൈയ്യൂന്നി കിണറിനകത്തേക്ക് നോക്കി. കണ്ണെത്താദൂരത്ത് അവ്യക്തമായൊരു കാഴ്ച്ചയിൽ വെള്ളത്തിന്റെ സാനിധ്യം അറിയുന്നുണ്ട്. വെള്ളത്തിൽ ചെറിയൊരു തിരയിളക്കം കാണുന്നുണ്ടോ? തോന്നലായിരിക്കുമെന്ന് കരുതി ദൃഷ്ടികൾ പിൻവലിച്ച് പിന്തിരിഞ്ഞ ഞാൻ കാണുന്നത് കിണറിന്റെ കൈവരിയിൽ കയറിനില്ക്കുന്ന ചാക്കുണ്ണിയെയാണ്. അവിടെ നിന്നുകൊണ്ടവൻ പറയുകയാണ്.
“ എടാ.. എനിക്കു മതിയായി.. ഞാനീ കഥയില്ലാത്തവരുടെ നാട്ടീന്ന് പോവ്വാണ്...കഥയുള്ളവരുടെ ഏതോ നാട് എനിക്കായി കാത്തിരിക്കുന്നുണ്ടാവും”
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനുമുൻപേ അവൻ പാതാളക്കിണറിന്റെ ആഴങ്ങളിലേക്കു കുതിച്ചു. ഞാനൊരാന്തലോടെ ചാക്കൂൂൂ....എന്ന അലർച്ചയോടെ കിണറ്റിലേക്കെത്തി നോക്കി. എന്നാൽ ആഴങ്ങളിലേക്കുള്ള എന്റെ കാഴ്ച്ചയെ മറച്ചുകൊണ്ട് കണ്ണുകൾ കണ്ണുനീരാൽ മൂടപെട്ടിരുന്നു. ഞാൻ വിറയ്ക്കാൻ തുടങ്ങി. ശരീരമാകെ വിയർത്തു നനഞ്ഞു. ഞാൻ ചുറ്റും നോക്കി. പരിസരത്ത് ആരേയും കാണുന്നില്ല. ഉറഞ്ഞുപോയ കാലുകളെ ശ്രമപെട്ട് പറിച്ചെടുത്ത് ഭ്രാന്തമായൊരു ആവേഗത്തോടെ ഞാൻ കുന്നിറങ്ങാൻ തുടങ്ങി. കാറ്റുപിടിച്ചപോലെ ഞാൻ അങ്ങാടിയിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഞാൻ ആരേയും കാണുന്നുണ്ടായിരുന്നില്ല. അങ്ങാടിയും പിന്നിട്ട് കുറുപ്പത്തെ പറമ്പിലെ മാവിൻചുവട്ടിലെത്തുമ്പോൾ എല്ലാവരുമുണ്ട്. കളി തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ
“ എടാ..ഇന്നൊരു വിശേഷമുണ്ട്”
ആരോ പറയാൻ തുടങ്ങിയതു മുഴുമിപ്പിക്കുന്നതിനുമുൻപേ പരിചിതമായൊരു സ്വരം കാതിലെത്തി.
“ ഇനി ഈ കൈയ്യൊന്ന് കുറച്ചുനേരം നീയിരിക്ക്. ഞാനോന്ന് മുള്ളട്ടെ!”
സ്തബ്ദ്ധനായി നില്ക്കുന്ന എന്റെ നേർക്ക് ചീട്ടും നീട്ടിപിടിച്ചിരുന്ന് ചിരിക്കുകയാണ് ചാക്കുണ്ണി.
ആഴങ്ങളിലേക്കാഴ്ന്നാഴ്ന്ന് പോകവേ ആരോ മുകളിലേക്ക് പിടിച്ച് വലിക്കുന്നപോലെ.കരയിലേക്കിട്ട മീനിനെ പോലെ പിടഞ്ഞെഴുനേല്ക്കുമ്പോൾ..റൂമിനുള്ളിലെ എയർകണ്ടീഷണറിന്റെ നേർത്ത തണുപ്പിലും മേലാകെ നനഞ്ഞു കുതിർന്നിരിക്കുന്നു.....മൂക്കിൻതുമ്പിൽനിന്നൂർന്ന് വീണ ഒരു തുള്ളി ചുണ്ടിൽ ഉപ്പുരസം പടർത്തുന്നു...
Posted by
നികു കേച്ചേരി
at
3:12 PM
11
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കഥ
2012 ജൂൺ 18, തിങ്കളാഴ്‌ച
വീടുണ്ടാക്കുന്നത്.....
അടുത്തടുത്തിരിക്കുകയായിരുന്നു നമ്മൾ
നീ പറഞ്ഞുകൊണ്ടേയിരുന്നു
ഞാൻ കേഴ്വിക്കാരനും
പിന്നെ നീ വാക്കുകൾ
പ്രണയത്തിൽ ചുട്ടെടുക്കാൻ തുടങ്ങി
അപ്പോൾ ഞാനതെല്ലാം എടുത്ത്
ശ്രദ്ധയോടെ പെറുക്കിവെച്ചു
എന്നാൽ ചുമർവെച്ച് മേല്ക്കൂരയിട്ടപ്പോഴേ
നീ ഉറങ്ങിപ്പോയി
എന്നാൽ ഞാനോ
ചുമരിനുചാന്തിട്ട് ജനലും കട്ടിളയുംവെച്ച്
നിനക്കിഷ്ട്ടപെട്ട ചുവപ്പുനിറത്തിൽ
തറയോടുകൾ പാകി
വാതിലടച്ച് കാത്തിരിക്കുകയായിരുന്നു
അവസാനം ഉറക്കമുണർന്നപ്പോൾ
തറയിലെ ചുവപ്പുനിറത്തിലേക്കു നോക്കി
നീ അലമുറയിടുന്നു
ഇതാണു ഞാൻ പറഞ്ഞത്
വീടൊരു വിരഹച്ചൂളയാണ്
പ്രണയം വെട്ടിക്കീറി കത്തിച്ച്
ചുട്ടെടുക്കുന്ന സ്വപ്നങ്ങൾ
അടുക്കിവെച്ച വികാരച്ചൂളയാണെന്ന്...
നീ പറഞ്ഞുകൊണ്ടേയിരുന്നു
ഞാൻ കേഴ്വിക്കാരനും
പിന്നെ നീ വാക്കുകൾ
പ്രണയത്തിൽ ചുട്ടെടുക്കാൻ തുടങ്ങി
അപ്പോൾ ഞാനതെല്ലാം എടുത്ത്
ശ്രദ്ധയോടെ പെറുക്കിവെച്ചു
എന്നാൽ ചുമർവെച്ച് മേല്ക്കൂരയിട്ടപ്പോഴേ
നീ ഉറങ്ങിപ്പോയി
എന്നാൽ ഞാനോ
ചുമരിനുചാന്തിട്ട് ജനലും കട്ടിളയുംവെച്ച്
നിനക്കിഷ്ട്ടപെട്ട ചുവപ്പുനിറത്തിൽ
തറയോടുകൾ പാകി
വാതിലടച്ച് കാത്തിരിക്കുകയായിരുന്നു
അവസാനം ഉറക്കമുണർന്നപ്പോൾ
തറയിലെ ചുവപ്പുനിറത്തിലേക്കു നോക്കി
നീ അലമുറയിടുന്നു
ഇതാണു ഞാൻ പറഞ്ഞത്
വീടൊരു വിരഹച്ചൂളയാണ്
പ്രണയം വെട്ടിക്കീറി കത്തിച്ച്
ചുട്ടെടുക്കുന്ന സ്വപ്നങ്ങൾ
അടുക്കിവെച്ച വികാരച്ചൂളയാണെന്ന്...
Posted by
നികു കേച്ചേരി
at
1:21 PM
7
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 മാർച്ച് 16, വെള്ളിയാഴ്‌ച
വേട്ടക്കാരന്റെ പാട്ട്
നിലാവിന്റെ പൂന്തോട്ടം
ഒഴുകിയിറങ്ങുന്ന കാഴ്ച്ചകൾ
ഒടുവിലെത്തിനില്ക്കുന്നത്
നിയോൺ രശ്മികൾ അടയാളപെടുത്തിയ
വെയിൽ വറ്റിയ ഇരുണ്ട
താഴ്വാരങ്ങളിൽ നിന്ന്
മുളചീന്തുന്ന രോദനം
നേർത്ത് നേർത്ത്
നാലു ചുവരുകൾക്കുള്ളിൽ
സിത്താറിന്റെ ഈണമായി
തബലയുടെ ചിറകടിയായി
ഗസലിന്റെ വെളുത്ത ധൂമങ്ങൾക്കിടയിൽ
നൂപുരങ്ങളിളക്കി ആടുകയായിരുന്നു
മായക്കാഴ്ച്ചകൾ അവസാനിക്കുന്നില്ല
വീണ്ടും മറ്റൊരിടം
അതേ ചുവരുകൾ
നനുത്ത തണുപ്പ്
അരണ്ട വെളിച്ചം
നീൽ യങ്ങിന്റെ ആ പഴയ ഗിത്താർ
തുടിക്കുന്നുണ്ട്..പതിയെ
സൗഹൃദത്തിന്റെ പീഡനകാലം കഴിഞ്ഞു
മൗനം തിളച്ചിരുന്ന വാക്കുകൾ
തണുത്ത് കട്ടപിടിച്ച്
നേർത്ത മഞ്ഞായിപെയ്തപ്പോൾ
അലിഞ്ഞു പോകുകയായിരുന്നു നമ്മൾ
ഇന്ന് നഗരവെയിൽ തളംകെട്ടിയ
ഈ സ്റ്റേഷൻ മുറിക്കുള്ളിൽ
തിരിച്ചറിയപെടാൻ തീരെ ആഗ്രഹിക്കാത്ത
പല മുഖഃങ്ങൾക്കിടയിൽ
ഒരു തിരിച്ചറിയലിന്റെ പച്ചപ്പിൽ
നാളെ കോടതിവരാന്തയിൽ
ഫ്ലാഷുകൾ തീർക്കുന്ന നാടകാന്ത്യത്തിൽ
പതംപറച്ചിലിന്റെ സാധ്യതകളുള്ള
ഒരു ഡയലോഗുരുവിട്ടുകൊണ്ട്
ഞാൻ......
...“നമ്മൾ പ്രണയിക്കുകയായിരുന്നു പെണ്ണേ”...
Posted by
നികു കേച്ചേരി
at
12:38 AM
8
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2012 ജനുവരി 7, ശനിയാഴ്‌ച
ഉയരങ്ങളിലേക്ക് നഷ്ടപെടുന്ന സ്വപ്നങ്ങൾ.
ഈശാന കോണിൽ
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.
പച്ചയായ ജീവിതങ്ങളിലേക്ക്
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.
ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്
കാതോർക്കാൻ.
അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത് അവനും
ഒന്നാംനിലയിലേക്ക് കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്
അവളേയും ചേർത്തു പിടിച്ച്
സമതലങ്ങളിൽനിന്നും മുകളിലേക്ക്..
ഉയരങ്ങളിലേക്ക് കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.
തലവെച്ചുറങ്ങുന്ന
വാസ്തുപുരുഷനെ
നാലായി പകുത്ത്,
ജലവീഥിയിൽ
ഞാനെന്റെ സ്വപ്നത്തിന്റെ
നേർരേഖകളെ തലങ്ങനേയും
വിലങ്ങനേയും കൂട്ടിമുട്ടിക്കാൻ
പണിപ്പെടുകയായിരുന്നു.
പച്ചയായ ജീവിതങ്ങളിലേക്ക്
തുറന്നിരിക്കുന്ന ഒരു വരാന്ത.
അതിനപ്പുറം അമ്മപുഴയും
മക്കൾപുഴകളും കലമ്പുന്ന,
ഒഴുകിയൊടുങ്ങുന്ന
നടേലകം.
തിരകളാർക്കുന്ന സമുദ്രംപോലെ.
ഹൃദയത്തിലേക്കു തുറക്കുന്ന
വാതിലിനെ പറ്റി ഞാൻ അവളോട്
പറഞ്ഞുകൊണ്ടിരിക്കെ
എന്റെ മുറിയേതെന്ന
മകളുടെ ചോദ്യത്തെ
അമ്മപ്പുഴയുടെ കൈവഴികളാക്കുമ്പോൾ
തടുത്തു നിറുത്തിയൊരു
അണയുടെ മുകളിലേക്ക്
കൈചൂണ്ടി മോൾ പറയുന്നു
എന്റെ മുറി മുകളിൽ മതി
ഒന്നാം നിലയിൽ,
എനിക്കുവയ്യ,നിങ്ങളുടെ
കാലം ഹരിച്ച കലമ്പലുകൾക്ക്
കാതോർക്കാൻ.
അപ്പൂസിനും ചേച്ചിയുടെ
തൊട്ടടുത്ത മുറി മതി
നിശബ്ദ്ധതയുടെ തടാകം
തിരഞ്ഞെടുത്ത് അവനും
ഒന്നാംനിലയിലേക്ക് കയറുംമ്പോൾ
പിശാച്ചുവീഥിയിലിരുന്ന്
അവളേയും ചേർത്തു പിടിച്ച്
സമതലങ്ങളിൽനിന്നും മുകളിലേക്ക്..
ഉയരങ്ങളിലേക്ക് കയറിപ്പോയ
സ്വപ്നങ്ങളിൽ
ഞങ്ങൾ നഷ്ടപെടുകയായിരുന്നു.
Posted by
നികു കേച്ചേരി
at
3:32 PM
28
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത
2011 ഡിസംബർ 3, ശനിയാഴ്‌ച
പുഴയിലേക്കിറങ്ങിപ്പോയവർ..
മഴ പെയ്തുകൊണ്ടേയിരുന്നു
അസ്തിത്വവ്യഥകളുടെ പുറംതോടുകളേറെ
കഴുകിയുരച്ച് വെളുത്തുപോയ
ഒതുക്കുകല്ലുകളിലിരുന്ന്
നാം ഊതിപറത്തിയ
നിലാവിന്റെ ചുരുളുകൾ
മഴനാരുകളിൽ തൂങ്ങി
ഉയരങ്ങളിലേക്കലിയുന്നുണ്ടായിരുന്നു.
പുഴയിലെ ഒഴുക്കിനും മാറ്റമില്ല
കറങ്ങിത്തിരിഞ്ഞ് ഉള്ളിലേക്കെടുത്ത്
ഒന്നുമറിയാത്തപോലെ ഒറ്റപോക്ക്.
നിനക്കെന്നോട് പറയാനുള്ളതെല്ലാം
കേഴ്ക്കാൻ ഇന്നലേയും
വന്നിരുന്നു ഞാനവിടെ..
നമ്മുടെ ചിറയിൽ.
അടിത്തട്ടിലെ പാറക്കൂട്ടങ്ങൾക്കിടയിലെ
മരവിച്ച ഇരുട്ട് നിന്നിലെ
വെളിച്ചത്തിലേക്കു നടത്തിയ
അധിനിവേശത്തെക്കുറിച്ച്,
ആഴങ്ങളിലെ കൊടുംതണുപ്പ്
നിന്നിലെ അഗ്നിയെ
കെടുത്തിയതിനെപറ്റി,
സ്വപ്നങ്ങൾ ഉറഞ്ഞുപോയി
പാതിയടഞ്ഞ മീൻകണ്ണുകളെപറ്റി,
കേഴ്ക്കാനാഗ്രഹിച്ച കഥകൾക്കുമീതെ
ഒഴുകുന്ന നിന്റെ മൌനം.
ഹാ,,രഞ്ചിത്ത്...പ്രിയ സുഹൃത്തേ..
ഇനി നീ കേഴ്വിക്കാരനാകുക
ഞാൻ കഥയും.
ചെവികൾക്ക് തിരച്ഛീനമായി
തലയോട്ടിക്കുള്ളിലൂടെ പാഞ്ഞ
അഗ്നിപ്രവാഹത്തെപറ്റി പറയാൻ
ഞാൻ നാളെ വരാം....
Posted by
നികു കേച്ചേരി
at
2:45 PM
24
comments
ഇത് ഇമെയിലയയ്ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല് പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Labels:
കവിത.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
.jpg)

